കോഴിക്കോട് :ശക്തമായ മഴയുടെ പശ്ചാതലത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കും.
ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര മഴയുള്ളതിനാലും നാളെയും ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലും (റെഡ് അലർട്ട്) കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിക്കുന്നതായി ജില്ലാ കളക്‌ടർ അറിയിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്നും കളക്‌ടർ വ്യക്തമാക്കി.
വയനാട് ജില്ലയില്‍ ശക്തമായ മഴ തുടരുകയും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ നാളെ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, അംഗൻവാടികള്‍, ട്യൂഷൻ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്‌ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പി.എസ്.സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല. മോഡല്‍ റസിഡൻഷ്യല്‍, നവോദയ സ്കൂളുകള്‍ക്ക് അവധി ബാധകമല്ലെന്നും കളക്‌ടർ വ്യക്തമാക്കി.
വയനാട് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അഡ്വഞ്ചർ പാർക്കുകളുടെ പ്രവർത്തനവും ട്രെക്കിംഗും നിരോധിച്ചതായും കളക്‌ടർ അറിയിച്ചു. പൊതുജനങ്ങള്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും കളക്‌ടർ നിർദേശിച്ചു.
കോഴിക്കോടിന് പുറമെ കണ്ണൂരും ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.