കൊച്ചി: വിദ്യാർഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനും അച്ചടക്കം ശീലിപ്പിക്കുന്നതിനുമായി അധ്യാപകർ നൽകുന്ന ചെറിയ ശിക്ഷകൾക്കു പോലും അവർക്കെതിരെ ക്രിമിനൽ കേസെടുക്കുന്ന നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി. സ്കൂളിലോ കോളജിലോ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളുടെ പേരിൽ പരാതി ലഭിച്ചാൽ അന്വേഷണ ഉദ്യോഗസ്ഥൻ അധ്യാപകന് നോട്ടിസ് നൽകി പ്രാഥമികാന്വേഷണം നടത്തി കേസിൽ കഴമ്പുണ്ടോ എന്നു പരിശോധിക്കണമെന്നും പ്രാഥമികാന്വേഷണ സമയത്ത് അധ്യാപകനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ആറാം ക്ലാസ് വിദ്യാർഥിയായ തന്റെ മകനെ അധ്യാപകൻ വടി കൊണ്ട് തല്ലി എന്നു കാട്ടി പിതാവ് നൽകിയ ഹർജിയിൽ വിഴിഞ്ഞം പൊലീസ് എടുത്ത ക്രിമിനൽ കേസിലാണ് ഹൈക്കോടതിയുടെ വിധി. അധ്യാപകന് മുൻകൂർ ജാമ്യം അനുവദിക്കാനും കോടതി ഉത്തരവിട്ടു.
ഇന്നത്തെ കാലത്ത് വിദ്യാർഥികളുടെ സ്വഭാവവും അച്ചടക്കവും മറ്റും സംബന്ധിച്ച് എന്തെങ്കിലും നടപടി എടുക്കാൻ അധ്യാപകർ ഭയപ്പെടുകയാണെന്നു കോടതി ചൂണ്ടിക്കാട്ടി.