മാനവീകതയുടെ ഉൽകൃഷ്ടമായ സന്ദേശം നൽകുന്ന ചെറിയ പെരുന്നാൾ: അൽ ഹാഫിസ് വലിയുള്ളാഹ് ഖാസിമി (ചീഫ് ഇമാം നേമം മുസ്‌ലിം ജമാഅത്ത്)1 min read

ആത്മനിയന്ത്രണത്തിന്റെ ജീവിതവഴിയിൽ വിശുദ്ധിയുടെ മാസം പിന്നിട്ട വിശ്വാസിസമൂഹം ആത്മഹർഷത്തിന്റെ നിറവിൽ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്‌ർ) ആഘോഷിക്കുകയാണ്. ശഅബാന്റെ അവസാന സന്ധ്യയിൽ വിരുന്നുവന്ന് ആത്മീയജീവിതത്തെ സജീവമാക്കിയ റമസാൻ, ശവ്വാലിന്റെ പുലരിയിലേക്കു വിശ്വാസിയെ ആനയിച്ച് വിടവാങ്ങിയിരിക്കുന്നു. ഈദിന്റെ മന്ത്രം ആത്മനിർവൃതിയുടെ തക്ബീർ ധ്വനികളായി നാവിലുയരാൻ വ്രതചൈതന്യം ഊർജപ്രവാഹമായി ആത്മാവിൽ നിറയേണ്ടതുണ്ട്. ആത്മിയതയുടെ തിളക്കവും ഖുർആൻ പാരായണത്തിൻ്റെ ശ്രുതിയും പച്ചാത്താപത്തിൻ്റെ തേങലുകളും നോമ്പ് തുറയുടെ ആരവവും തറാവീഹിൻ്റെ പ്രകാശവും അവസാനിച്ചു. ചുട്ടുപൊള്ളുന്ന വേനലിൽ റബ്ബിൻ്റെ റഹ്മത്തിൻ്റെ പെരുമഴയും നീരുറവയും നാം ആസ്വദിച്ചു.

.ഹിജറ വർഷത്തിലെ ഒൻപതാമത്തെ മാസമായ റമസാൻ മാസത്തിന് ശേഷം വരുന്ന ഈ പെരുന്നാൾ ഈദുൽ ഫിത്തർ എന്നാണ് അറിയപ്പെടുനത്.ഫിത്തർ സക്കാത്ത് എന്ന നിർബന്ധ ദാനവുമായി ബന്ധപ്പെട്ട പെരുന്നാളായതു കൊണ്ടാണ് ഈ പെരുന്നാൾ ‘’ഈദുൽ ഫിത്തർ’’ എന്ന് അറിയപ്പെടുന്നത്. വ്രതം അവസാനിപ്പിക്കുകയെന്നാണ് ഫിത്വർ എന്ന വാക്കിനർത്ഥം. നിസ്ക്കാരവും നോമ്പും കൊണ്ട് മാത്രം വിശ്വാസം പൂർണ്ണമാകുന്നില്ല.ഒരാളും പെരുന്നാൾ ദിനത്തിലും അല്ലാതെയും പട്ടിണി കിടക്കാൻ പാടില്ല. ആകയാൽ തന്നിൽ നിർബന്ധമാക്കപ്പെട്ട ഫിത്തർ സക്കാത്ത് പാവങ്ങൾക്ക് കൊടുത്തിട്ട് വേണം ഓരോ വിശ്വസിയും പെരുന്നാൾ നിസ്ക്കാരത്തിലേക്ക് പോകേണ്ടതെന്ന് മതം അനുശാസിക്കുന്നു.

പുതു വസ്ത്രങ്ങൾ ധരിച്ചും ദാനധർമ്മങ്ങൾ ചെയ്തും കുടുംബാംഗങ്ങളെ സന്ദർശിച്ചുമൊക്കെ വിശ്വാസികൾ ഈദ് ആഘോഷിക്കുമ്പോൾ ഒരാളും ഈദ് ആഘോഷിക്കാതെ മാറി നിൽക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.പ്രവാചകൻ മുഹമ്മദ് നബി[സ.അ’] പഠിപ്പിച്ചിട്ടുണ്ടല്ലോ,’’അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറക്കുന്നവൻ നമ്മിൽ പെട്ടവനല്ല’’ എന്ന്. അയൽ വാസി മുസൽമാനാകട്ടെ ഹൈന്ദവനാകട്ടെ ക്രൈസ്തവനാകട്ടെ മതമില്ലാത്തവനാകട്ടെ ആരുമാകട്ടെ. നമ്മൾ സമ്പൽ സമൃദ്ധിയിൽ ആഘോഷങ്ങളുടെ പുറകെ പോകുമ്പോൾ കഷ്ടപ്പാടനുഭവിക്കുന്ന അയൽവാസിയെക്കൂടി ഓർക്കണമെന്ന മാനവികതയുടെ സ്നേഹ സന്ദേശമാണ് പ്രവാചകൻ പഠിപ്പിക്കുന്നത്.

ഈ മാനവികതയുടെ സന്ദേശം പ്രവാചകന് ദൈവം പകർന്നു നൽകിയതാണ്. മനുഷ്യ ഹൃദയങ്ങൾ തമ്മിൽ നന്മകൾ കൈമാറുന്നതിലൂടെ സാമൂഹിക ബന്ധങ്ങളും സുശക്തമാവുമെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. വിശുദ്ധ ഖുർ‍ആനിൽ പറയുന്നത്,’’നിങ്ങൾക്ക് നിങ്ങളുടെ മതം,എനിക്കെന്റെ മതം’’ യഥാർത്ഥത്തിൽ ഇത് വിശാല വീക്ഷണമുള്ള സമീപനമാണ്.

പെരുന്നാളിന്റെ സന്ദേശം മാനവികതയിൽ ഊന്നിയ സഹസൃഷ്ടി സമീപനവുമാകണം.റമസാൻ മാസത്തിലെ,കൊടും വേനലിലും അന്നപാനീയങ്ങൾ ഉപേക്ഷിച്ചു കൊണ്ട് ത്യാഗനിർഭരമായ വ്രതത്തിലൂടെയും രാപകലുകളിലുള്ള പ്രാർത്ഥനകളിലുടെയും നാം നേടിയെടുത്ത ആത്മ ശുദ്ധിയും കർമ്മശുദ്ധിയും തുടർന്നും നമ്മുടെ ജീവിതത്തിൽ നിലനിർത്തണം.

‘’അന്യജീവനുതകി സ്വ ജീവിതം ധന്യമാക്കുക’’ എന്ന അടിസ്ഥാനത്തിൽ ഊന്നിയാവണം ഈദ് ആഘോഷങ്ങൾ.ശാന്തിയുടെയും സഹിഷ്ണതയുടെയും ദീനാനുകമ്പയുടെയും സമസൃഷ്ടി സ്നേഹത്തിന്റെയും വിശ്വസസൗഹാർദ്ദത്തിന്റെയും സന്ദേശമാണ് ലോക ജനതയ്ക്ക് ഈദുൽ ഫിത്വർ നൽകുന്നത്.അക്രമത്തിന്റെയും അനീതിയുടെയും കാർമേഘ പടലങ്ങൾക്കിടയിലും സന്തോഷത്തിന്റെ ആരവങ്ങളും സമാധാനത്തിന്റെ സന്ദേശവുമായി കടന്നു വരുന്ന ഈദുൽ ഫിത്തർ ദിനത്തിൽ ഇസ്രായീൽ വംശഹത്യയിൽ തകർക്കപ്പെട്ട പള്ളികളിലും കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും ബോംബറുകളും മിസൈലുകളും ഇരച്ചുകയറി ഉറ്റവരും ഉടയ വരും പിടഞ്ഞ് വീണ് മരണത്തിനോട് മല്ലടിക്കുമ്പോഴും വിശുദ്ധ ഖുർആൻ നെഞ്ചോട് ചേർത്ത് പിടിച്ച് എല്ലാത്തിനും മതിയായ വൻ അല്ലാഹുവാണെന്ന ഉറച്ച വിശ്വാസത്തിൽ കഴിയുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനോടൊപ്പം ആ ജനതയുടെ വിമോചനത്തിനായി പ്രയത്നിക്കാനും പ്രാർത്ഥിക്കാനും ഈദുൽ ഫിത്റിൻ്റെ സുന്ദര മുഹൂർത്തം മാറ്റിവെക്കാൻ കഴിയേണ്ടതുണ്ട്. പൊതു സമൂഹത്തിലെ നാനാജാതി മതസ്ഥരുമായി നമ്മുടെ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനാകണം. വർഗ്ഗീയ വാദവും അന്യമത വിദ്വേഷവും പ്രചരിപ്പിച്ച് സമൂഹത്തിൽ അകലം സൃഷ്ടിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ട് അത് വളരാൻ അനുവദിക്കരുത് ഇസ്ലാം എന്നും വർഗ്ഗീയതക്കെതിരാണ് മനുഷ്യരെ സ്നേഹിക്കാനാണ് മതം അനുശ്വാസിക്കുന്നത് ആയതിനാൽ ഇത്തരം മഹത്തായ ദിവസങ്ങളിൽ മാനവീകത ഉയർത്തി പിടിക്കണം ബന്ധങ്ങൾ ഊട്ടിയുറപ്പിക്കണം പ്രത്യേകിച്ച് അയൽവക്കങ്ങളിൽ താമസിക്കുന്ന ഇതര മത വിശ്വാസികളോട് പെരുന്നാൾ സന്ദേശങ്ങൾ പങ്ക് വെക്കാൻ കഴിയണം അങ്ങനെ നല്ല മനുഷ്യരാകാൻ ശ്രമിക്കുക അതാണ് പെരുന്നാളിൻ്റെ ആത്മാവ്’ ഈദിൻ്റെ സന്ദേഷം നാഥൻ തുണക്കട്ടെ എന്ന പ്രാർത്ഥനയോട ജാതി മത ഭേദ വർഗമന്യേ എല്ലാ മനുഷ്യ സ്നേഹികൾക്കും ഹൃദയാന്തരങ്ങളിൽ നിന്നും ഒരായിരം ചെറിയ പെരുന്നാൾ ആശംസകൾ. ..

Leave a Reply

Your email address will not be published. Required fields are marked *