റമദാൻ… പുണ്യങ്ങളുടെ പൂക്കാലം: ഹാഫിസ് മുഹമ്മദ് ഷാഫി ഹസനി അൽ ഖാസിമി ( ചീഫ് ഇമാം നേമം ജുമാ മസ്ജിദ് )1 min read

22/4/23

 

പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാന്‍ മാസത്തോട് മുസ്ലിം സമൂഹം വിട പറയുകയാണ്. പെരുന്നാളിനെ സ്വീകരിക്കാനൊരുങ്ങുന്ന മനസ്സിന്റെ കുളിര്‍മ്മയിലും, ഈ വിശുദ്ധ മാസത്തെ വിട്ടു പിരിയുന്നതിന്റെ വേദന സത്യവിശ്വാസികളുടെ ഉള്ളകങ്ങളിലുണ്ട്. ഈ സന്ദർഭത്തിൽ ഒരു മുസ്ലിമിന്റെ മനസ്സകത്തിൽ ഊരിത്തിരിഞ്ഞു വരേണ്ട പ്രധാനപ്പെട്ട ചില നിർബന്ധ ബുദ്ധികൾ സൃഷ്ടാവിനോടുള്ള കടമകളും സൃഷ്ടികളോടുള്ള കടമകളും പൂർത്തിയാക്കിയപ്പോഴാണ് എന്റെ നോമ്പ് യഥാർത്ഥ നോമ്പായി തീർന്നത് നോമ്പ് പിടിച്ചു കൊണ്ട് സഹജീവികളോട് എന്തിനേറെ ഇതര ജീവജാലങ്ങളോടു പോലും കടമകൾ പൂർത്തിയാക്കുന്ന വിഷയത്തിൽ അലസതയും വീഴ്ചയും വരുത്തിയ നോമ്പുകാരന്റെ നോമ്പ് പൂർണ്ണമാവുകയില്ല എന്ന് ഇസ്ലാം പഠിപ്പിക്കുമ്പോൾ നോമ്പ് നോമ്പായി തീരാൻ ഈ കടമകളൊക്കെ പൂർത്തിയാക്കിയ മനുഷ്യൻ നോമ്പല്ലാത്ത മാസങ്ങളിലും അത് ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള തയ്യാറെടുപ്പാണ് ഈ കഴിഞ്ഞ മാസത്തിലൂടെ നേടിയെടുത്തത് എന്നുള്ള ചിന്തയും അവന്റെ ജീവിതത്തിൽ നിരന്തരം ഉണ്ടായിരിക്കേണ്ടതാണ് സൃഷ്ടാവിനോടുള്ള ഓരോ കടമകളും ഒരു മനുഷ്യൻ പൂർത്തിയാക്കുകയും ആ പൂർത്തിയാക്കുന്നതിൽ അവൻ കാണിക്കുന്ന ജാഗ്രതയും താൽപര്യവും ആവേശവും ഇടപാടുകളിലും ഇടപടിയിലുകളിലും മാന്യമായ നീതിയുക്തമായ സന്തോഷകരമായ സമീപനങ്ങൾ ആയിരിക്കും അതല്ല എങ്കിൽ സൃഷ്ടാവിനോട് ഈ കാണിച്ചതെല്ലാം കാപട്യമാണ് എന്ന് വിലയിരുത്തേണ്ടി വരും ഞങ്ങള്‍ നോറ്റ നോമ്പും, നിന്ന് നമസ്‌കാരവും, ഖുര്‍ആന്‍ പാരായണവും, ഇഅ്തികാഫുമെല്ലാം പൂര്‍ണ്ണാര്‍ത്ഥത്തില്‍ സ്വീകരിക്കേണമേയെന്ന പ്രാര്‍ത്ഥനയിലാണിപ്പോള്‍ വിശ്വാസികള്‍. റമദാന്‍ നമ്മുടെ ഹൃദയങ്ങളില്‍ നിറച്ച ഭയഭക്തിയുടെയും ആത്മീയ ചൈതന്യത്തിന്റെയും അന്തരീക്ഷത്തിലായിരുന്നു ഇന്നലകളില്‍ നാം. ഇന്ന് നാം നിറ കണ്ണുകളോടെ, വൃണിത ഹൃദയത്തോടെ റമദാനെ യാത്രയാക്കുകയാണ്. ഇനി നമ്മുടെ ഈ മാന്യ അഥിതിയെ സല്‍ക്കരിക്കാന്‍ ഒരു വര്‍ഷത്തോളം കാത്തിരിക്കാണം. ഈ മാന്യ അതിഥിക്ക് ആതിഥ്യമരുളാന്‍ അടുത്ത വര്‍ഷം ആരൊക്കെയുണ്ടാകുമെന്ന് അറിയില്ല. അതുകൊണ്ട് ഈ അതിഥിയോട് വിട പറയുന്നത്,

അവസാന ആതിഥ്യവും സ്വീകരിച്ചു വിട പറയുന്നതു പോലെയാണ്. തന്റെ സൃഷ്ടിജാലങ്ങളില്‍ അല്ലാഹുവിന്റെ നടപടികള്‍ ഇപ്രകാരമാണ്. ദിവസങ്ങള്‍ കൊഴിഞ്ഞു പോകുന്നു. വര്‍ഷങ്ങള്‍ അവസാനിച്ചു കൊണ്ടിരിക്കുന്നു. നാളെ ഈ ഭൂമിയുടെ അവകാശികള്‍ നമ്മളല്ല. നമുക്ക് ശേഷം ഈ ഭൂമിയെ അനന്തരമെടുക്കാന്‍ അടുത്ത തലമുറകള്‍ വരികയായി.
ഈ മാസം നമ്മെ വിട്ടു പിരിയുമ്പോള്‍, ഈ മാസത്തിലൂടെ സദ് വൃത്തരായ ആളുകള്‍ നമുക്കിടയിലുണ്ട്. ഈ മാസത്തില്‍ ചില ആളുകള്‍ മോശക്കാരായിത്തീര്‍ന്നിട്ടുമുണ്ട്. സദ്‌വൃത്തരായ വിശ്വാസികള്‍ക്ക് ഈ മാസം അനുകൂലമായി സാക്ഷി പറയും. ഈ വിശുദ്ധ മാസത്തില്‍ ജീവിക്കാന്‍ അവസരം ലഭിച്ചിട്ടും പാപങ്ങളില്‍ നിന്ന് മോചനം നേടാത്തവര്‍ക്കെതിരില്‍ ഈ മാസം സാക്ഷി പറയും. നോമ്പെടുക്കുകയും, എന്നാല്‍ ആ നോമ്പിനെ വേണ്ട വണ്ണം പരിഗണിക്കാതെ അശ്രദ്ധമായി തള്ളിനീക്കിയവര്‍ നോമ്പിനെ ബാധിക്കാവുന്ന ദോഷങ്ങളെ തൊട്ട് അവര്‍ ജാഗരൂകരായിരുന്നില്ല.
ഈ അനുഗ്രഹീത അവസരങ്ങള്‍ ഉപയോഗപ്പെടുത്താതിരുന്നപ്പോള്‍, നാം തീരെ ഓര്‍ത്തില്ല, ഒരിക്കല്‍ കൂടി ഈ സൗഭാഗ്യം നമുക്ക് നേടാന്‍ കഴിയുമോ ഇല്ലയോയെന്ന്?
അല്ലയോ പുണ്യ മാസമേ, നിനക്ക് വിട, നിനക്ക് സലാം. നിന്നെ ഞങ്ങള്‍ എത്ര പ്രതീക്ഷയോടെ കാത്തിരുന്നു കിട്ടിയതാണ്. എന്നിട്ട് ഇപ്പോള്‍ നീ വിട പറയുമ്പോള്‍, നിന്റെ സാന്നിധ്യം കണ്ണിമ ചിമ്മും പോലെ ശുഷ്‌ക്കമായി തോന്നുന്നു. സത്യത്തില്‍, നന്മകളില്‍ മുന്നേറി മത്സരിക്കാന്‍ കഴിയുന്നവര്‍ക്ക് നീ എത്ര നല്ല അവസരവും സന്ദര്‍ഭവുമാണ് ഒരുക്കി തന്നത്. ആ ദിന രാത്രങ്ങളില്‍ ഞങ്ങള്‍ കുറെയൊക്കെ നിന്നെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. നിന്റെ വിശുദ്ധിയും പവിത്രതയും കണക്കിലെടുത്ത് ഞങ്ങള്‍ വിശപ്പും ദാഹവും സഹിച്ചു. കുറേയേറെ ഉറക്കമിളച്ചു. ഉറക്കം തൂങ്ങുന്ന കണ്ണുകളില്‍, നിന്ന് നിന്നെ സജീവമാക്കാന്‍ ഞങ്ങള്‍ ദൈവസ്മരണ നില നിര്‍ത്താന്‍ കുറെയേറെ പരിശ്രമിച്ചു. എങ്കിലും പോരാ, ഞങ്ങള്‍ അല്‍പം കൂടി ശ്രദ്ധിച്ചിരുന്നുവെങ്കില്‍, ഇനിയും പുണ്യങ്ങള്‍ യഥേഷ്ഠം നേടാമായിരുന്നു.
ഇപ്പോള്‍ ഞങ്ങള്‍ ഒന്നുകൂടി തിരിച്ചറിയുന്നു. ഈ മാസം ഞങ്ങള്‍ക്ക് മുമ്പില്‍ ചൊരിഞ്ഞ മുഴുവന്‍ അനുഗ്രഹങ്ങളും, ശ്രേഷ്ഠതകളും, നന്മകളും നിന്റെ വിടവാങ്ങലിലൂടെ നഷ്ടമാകുന്നുവെന്ന്. ഞങ്ങളുടെ ആയുസ്സ് അതിന് സാക്ഷിയാണ്. നീ ഞങ്ങളില്‍ നിന്ന് വിട പറയുമ്പോള്‍, ഞങ്ങള്‍ സ്വയം ഞങ്ങളോട് തന്നെ ചോദിച്ച് നോക്കട്ടെ! മാന്യനായ ഈ അതിഥിയുടെ സാന്നിധ്യം കൊണ്ട് ഞങ്ങളെന്ത് നേട്ടമുണ്ടാക്കിയെന്ന്? ഈ മാസത്തില്‍ ഞങ്ങളെന്ത് ചെയ്തുവെന്ന്? ഞങ്ങളുടെ ഹൃദയത്തില്‍ എന്ത് അനുരണനങ്ങളാണ് നീ സൃഷ്ടിച്ചെതെന്ന്? ഞങ്ങളുടെ ഹൃദയത്തില്‍ നീ മൂലമുണ്ടായ സദ് ഫലങ്ങള്‍ എന്താണെന്ന്? ഞങ്ങളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും നീ ഉണ്ടാക്കിയ സ്വാധീനം എത്രയെന്ന്? ഞങ്ങളുടെ പ്രിയ മാന്യ അതിഥീ, താങ്കളുടെ സാന്നിധ്യത്തിലും, ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തിലും ഞങ്ങള്‍ കുറെ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്തു. എന്നാല്‍ താങ്കള്‍ വിട പറയുന്നതോടെ, ആ സല്‍ക്കര്‍മ്മങ്ങള്‍ക്ക് തുടര്‍ച്ചയില്ലാതെ വരുമോ, ഇതോടെ അവസാനിക്കുമോ ഞങ്ങളുടെ നന്മകള്‍? ഞങ്ങള്‍ ഞങ്ങളോട് തന്നെ ചോദിക്കുകയാണ്, നമ്മുടെ പൂര്‍വ്വ സൂരികളായ സലഫുകളെ പോലെ, റമദാന്‍ വിട വാങ്ങുമ്പോള്‍ അവര്‍ക്കുണ്ടായിരുന്നതു പോലെ ദുഃഖവും പ്രയാസവും നമുക്കുണ്ടോ? ഇനിയുമൊരു റമദാന്‍ ലഭിക്കുമോ എന്ന പേടിയുണ്ടായിരുന്നു അവര്‍ക്ക്. അതുകൊണ്ടാണവര്‍ റമദാന് ശേഷവും റമദാനിലെ ഞങ്ങളുടെ കര്‍മ്മങ്ങളെ സ്വീകരിക്കണമേയെന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നത്.
റമദാന്‍ കഴിഞ്ഞുള്ള ആറു മാസങ്ങളില്‍ കഴിഞ്ഞ റമദാനിലെ തങ്ങളുടെ കര്‍മ്മങ്ങളെ സ്വീകരിക്കണമെന്നവര്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. ആ പൂര്‍വ്വ സൂരികള്‍ അവരുടെ കര്‍മ്മങ്ങളെ അതിന്റെ പൂര്‍ണ്ണതയില്‍ നിറവേറ്റണമെന്ന ശാഠ്യക്കാരായിരുന്നു. എന്നിട്ട് അത് സ്വീകരിക്കാന്‍ അല്ലാഹുവോട് നിരന്തരം പ്രാര്‍ത്ഥിക്കും. തന്റെ കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടാതെ പോകുമോ എന്ന ഭയം എന്നിട്ടും അവരില്‍ നിന്ന് വിട്ടകന്നില്ല.
ഒരിക്കല്‍ നബിയുടെ പ്രിയ പത്‌നി ആയിശ (റ) പ്രവാചകനോട് ചോദിച്ചുവല്ലോ. ‘തങ്ങളുടെ രക്ഷിതാവിലേക്ക് മടങ്ങി ചെല്ലേണ്ടവരാണല്ലോ എന്ന് മനസ്സില്‍ ഭയമുള്ളതോടു കൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവര്‍’ ( സൂറ: മുഅ്മിനൂന്‍ 60) എന്ന് സൂറത്തുല്‍ മുഅ്മിനൂനില്‍ പരാമര്‍ശിക്കപ്പെട്ടവര്‍ വ്യഭിചരിക്കുകയും മോഷ്ടിക്കുകയും മദ്യപിക്കുകയും ചെയ്ത ആളുകളായിരുന്നുവോ എന്ന് നബിയോട് ചോദിച്ചു. അപ്പോള്‍ നബി (സ) പറഞ്ഞു: ‘ഒരിക്കലുമല്ല, സിദ്ധീഖിന്റെ പുത്രീ, അവര്‍ നമസ്‌കരിക്കുന്നവര്‍ തന്നെയാണ്. നോമ്പെടുക്കുകയും ദാന ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്നവരാണവര്‍, എന്നാല്‍ അതൊക്കെ അല്ലാഹു സ്വീകരിക്കുമോ എന്ന ഭയാശങ്ക വെച്ചു പുലര്‍ത്തുന്നവരാണവര്‍’.
നമ്മില്‍ നിന്ന് ഈ അതിഥി വിട വാങ്ങുമ്പോള്‍, ഈ അതിഥിയുടെ അഭാവമുണ്ടാക്കുന്ന ദുഃഖത്തിനു പുറമെ നമ്മുടെ കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുമോ എന്ന ആശങ്കയുമുണ്ടായിരിക്കണം. മേല്‍ സൂചിപ്പിച്ച സൂക്തത്തിലെ വിശ്വാസികളെ പോലെ, നമ്മുടെ കര്‍മ്മങ്ങള്‍ എത്രകണ്ട് സ്വീകരിക്കപ്പെടുമെന്ന് നമ്മളും ഭയപ്പെടേണ്ടിയിരിക്കുന്നു.
ഈ വിശുദ്ധ റമദാനിലെ മുഴുവന്‍ സല്‍ക്കര്‍മ്മങ്ങളും അല്ലാഹു സ്വീകരിക്കട്ടെ. ആമീന്‍.

 

ഹാഫിസ് മുഹമ്മദ് ഷാഫി ഹസനി അൽ ഖാസിമി (ചീഫ് ഇമാം നേമം ജുമാ മസ്ജിദ്)

Leave a Reply

Your email address will not be published. Required fields are marked *