ഇടുക്കി: ഇടുക്കിയിലെ വണ്ടിപ്പെരിയാര്‍ ടൗണില്‍ ലൈസൻസ് ഇല്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുകയായിരുന്ന മുഴുവൻ മത്സ്യ – മാംസ വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടി.
തദ്ദേശ ഭരണ ഓംബുഡ്സ്മാന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഈ നടപടി. ചങ്ങനാശ്ശേരി സ്വദേശിനി ഷീജാ നിഷാദ് കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാറിലെ ഒരു മാംസ വ്യാപാര സ്ഥാപനത്തില്‍ നിന്ന് മാംസം വാങ്ങിയിരുന്നു. ഇത് കഴിച്ചതിനെ തുടന്ന് ഷീജക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ചുണ്ടും നാക്കും പൊട്ടുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഇവര്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ – മാംസ സ്ഥാപനങ്ങള്‍ക്ക് ലൈസൻസ് ഉണ്ടോ എന്ന് വിവരാവകാശ പ്രകാരം അന്വേഷിച്ചു. പഞ്ചായത്തിലെ മുപ്പതോളം മത്സ്യ – മാംസ വ്യാപാര സ്ഥാപനങ്ങള്‍ ലൈസൻസ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് മറുപടിയായി കിട്ടിയത്. ഇതനുസരിച്ച് ഷീജാ നിഷാദ് പഞ്ചായത്ത് ഓംബുഡ്സ്മാന് പരാതി നല്കി.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്ന് പഞ്ചായത്ത് അധികൃതക്ക് ഓംബുഡ്മാൻ നിര്‍ദേശം നല്കി. തുടര്‍ന്ന് പഞ്ചായത്തധികൃതര്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഏഴ് ദിവസത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയായിരുന്നു. അടച്ച വ്യാപാര സ്ഥാപനങ്ങളില്‍ നോട്ടീസും പതിപ്പിച്ചു. നടപടി സംബന്ധിച്ച് ഓംബുഡ്സ്മാന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എന്നാല്‍ അൻപത് വര്‍ഷമായി മാംസ വ്യാപാരം നടത്തുന്നവര്‍ക്ക് അറവ് ശാലയുള്‍പ്പെടെ ഒരുക്കി നല്‍കിയിട്ടില്ലെന്ന പരാതിയുമായി കടയുടമകള്‍ രംഗത്തെത്തിയിരിക്കുകയാണ്.
പെട്രോള്‍ പമ്പ് മുതല്‍ നെല്ലിമല വരെ റോഡു പുറമ്പോ ക്കിലുള്ള സ്ഥാപനങ്ങള്‍ക്ക് പത്തു വര്‍ഷമായി പഞ്ചായത്ത് ലൈസൻസ് നല്‍കുന്നില്ല. അതേസമയം, സംസ്ഥാനത്ത് ഓണ വിപണിയില്‍ ലഭ്യമാകുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി നടത്തിയ പരിശോധനയില്‍ ആറ് സ്ഥാപനങ്ങള്‍ അടച്ച് പൂട്ടുകയുണ്ടായി സംസ്ഥാനത്താകെ 637 ഭക്ഷ്യ സുരക്ഷാ പരിശോനകള്‍ നടത്തി. ലൈസന്‍സില്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവര്‍ത്തിച്ച ആറ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിക്കുകയും ചെയ്തു.