കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ എംഎല്‍എമാരുടെയും ശമ്പളത്തില്‍ വൻ വര്‍ധന വരുത്താൻ സര്‍ക്കാര്‍ തീരുമാനം. പ്രതിമാസം 40,000 രൂപ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിപ്പിൽ പറഞ്ഞു.
മുഖ്യമന്ത്രി ദീര്‍ഘകാലമായി ശമ്പളം വാങ്ങാത്തതിനാല്‍ ശമ്പളത്തില്‍ മാറ്റം വരുത്തില്ലെന്നും നിയമസഭയില്‍ മമത ബാനര്‍ജി അറിയിച്ചു. ബംഗാള്‍ നിയമസഭയിലെ എംഎല്‍എമാരുടെ ശമ്പളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. അതുകൊണ്ടുതന്നെ അവരുടെ ശമ്പളം പ്രതിമാസം 40,000 രൂപ വര്‍ധിപ്പിക്കാൻ തീരുമാനിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളിലെ അംഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കും നല്കുന്ന അലവൻസുകള്‍ തുടരുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബംഗാളില്‍ എംഎല്‍എമാര്‍ക്ക് നിലവില്‍ 10,000 രൂപയാണ് പ്രതിമാസ ശമ്പളം . വര്‍ധനവോടെ 50,000 രൂപയാകും. സംസ്ഥാനത്തെ മന്ത്രിമാരുടെ പ്രതിമാസ ശമ്പളം 10,900 രൂപയില്‍ നിന്ന് 50,900 രൂപയായി ഉയരുന്നതാണ് . ക്യാബിനറ്റ് മന്ത്രിമാര്‍ക്ക് 11,000 രൂപയില്‍ നിന്ന് 51,000 രൂപയാകും. ശമ്ബളത്തിന് പുറമെ, അലവൻസുകള്‍ ഉള്‍പ്പെടുത്തി എംഎല്‍എമാര്‍ക്ക് ലഭിക്കുന്ന തുക മാസം 81,000 രൂപയില്‍ നിന്ന് 1.21 ലക്ഷം രൂപയായി ഉയരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മന്ത്രിമാര്‍ക്ക് ലഭിക്കുന്ന വേതനം 1.10 ലക്ഷം രൂപയില്‍ നിന്ന് 1.50 ലക്ഷം രൂപയായി വര്‍ധിക്കുന്നതാണ്. ക്ഷാമബത്ത (ഡിഎ) വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ മാസങ്ങളായി സമരം ചെയ്യുന്നതിനിടെയാണ് ജനപ്രതിനിധികളുടെ ശമ്പള വര്‍ധനവ് നിലവിൽ പരിഷ്കരിച്ചിരിക്കുന്നത്.