ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ‘കേരളീയം’ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു
തിരുവനന്തപുരം: ‘കേരളീയ’ത്തോട് അനുബന്ധിച്ച് സംസ്ഥാന ജലസേചന വകുപ്പ് പുത്തരിക്കണ്ടം മൈതാനിയില്‍ ഒരുക്കിയ സ്റ്റാള്‍ വിനോദത്തോടൊപ്പം വിജ്ഞാനവും പ്രദാനം ചെയ്യുന്നത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും അറിവ് പകരുന്ന നിരവധി പവലിയനുകളാണ് വകുപ്പിന്റെ കീഴിലുള്ള വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഒരുക്കിയിരിക്കുന്നത്. ഡാമിന്റെ പ്രവര്‍ത്തനങ്ങളടക്കം വിശദീകരിക്കുന്ന ഇന്‍സ്റ്റലേഷനുകള്‍ ഏറെ ശ്രദ്ധേയമാണ്. ഇടുക്കി ഡാമിന്റെ മാതൃകയിലൊരുക്കിയ ഡാമും ഏറെ ആകര്‍ഷകമാണ്.
ഇതിനു പുറമേ ഭൂജല വകുപ്പിന്റെ കീഴിലുള്ള ജലപരിശോധനാ ലാബുകളുടെ പ്രവര്‍ത്തനം, ഭൂജലം ഫലപ്രദമായി വിനിയോഗിക്കുന്ന മാര്‍ഗങ്ങള്‍, ചെല്ലാനത്ത് വിജയകരമായി നടപ്പാക്കിയ തീരശോഷണ സംരക്ഷണ നടപടികള്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ ഇവിടെ നേരില്‍ കണ്ടു മനസിലാക്കാം. വിവിധ തരത്തിലുള്ള ജലസേചന മാതൃകകള്‍, ജല സംരക്ഷണത്തിനുള്ള നൂതന മാര്‍ഗങ്ങള്‍, കിണര്‍ റീചാര്‍ജിങ് പ്രവര്‍ത്തനങ്ങള്‍ എല്ലാം വിശദമായി മനസിലാക്കുന്നതിന് ജലവിഭവ വകുപ്പിന്റെ സ്റ്റാള്‍ പ്രയോജനകരമാണ്.
കൊച്ചി വാട്ടര്‍ മെട്രോയില്‍ സഞ്ചരിക്കുന്ന അനുഭവം നേരിട്ടറിയുന്നതിനും ആസ്വദിക്കുന്നതിനും വിര്‍ച്വല്‍ റിയാലിറ്റി പവലിയനും സജ്ജീകരിച്ചിട്ടുണ്ട്. കായലിന്റെ സൗന്ദര്യം ആസ്വദിച്ച് വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്യുന്ന തരത്തിലുള്ള ‘വിആര്‍’ ഷോ കാണുന്നതിന് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വിദ്യാര്‍ഥികള്‍ക്ക് ജല സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കാന്‍ ഉതകുന്ന തരത്തിലുള്ള വിവിധ സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ മണ്ണ് സംരക്ഷണ നടപടികളു വിശദമായി കണ്ടു മനസിലാക്കാന്‍ അവസരമുണ്ട്.
ഇതിനു പുറമേ പെരിയാര്‍ നദീതടത്തിന്റെ മാതൃക പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം പ്രളയ മുന്നറിയിപ്പ് സംവിധാനത്തിന്റെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് മനസിലാകുന്ന തരത്തില്‍ ഇവിടെ കണ്ടു മനസിലാക്കാം. നേരത്തേ മന്ത്രി റോഷി അഗസ്റ്റിന്‍ സ്റ്റാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നവകേരളം കര്‍മ്മ പദ്ധതി കോ ഓര്‍ഡിനേറ്റര്‍ ടി.എന്‍. സീമ, വാട്ടര്‍ അതോറിറ്റി സെക്രട്ടറി അശോക് കുമാര്‍ ഐഎഎസ്, ജോയിന്റ് എംഡി ദിനേശന്‍ ചെറുവാട്ട് ഐഎഎസ്, വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.