കേരളീയം 2023: ആരോഗ്യ വകുപ്പിന്റെ 2 സെമിനാറുകള്‍ പൊതുജനാരോഗ്യം, മഹാമാരികളെ കേരളം നേരിട്ട വിധം1 min read

പൊതുജനാരോഗ്യം, മഹാമാരികളെ കേരളം നേരിട്ട വിധം
തിരുവനന്തപുരം: കേരളീയം 2023ന്റെ ഭാഗമായുള്ള സെമിനാറുകളില്‍ ആരോഗ്യ വകുപ്പിന്റെ 2 സെമിനാറുകള്‍ സംഘടിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നവംബര്‍ 3ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 9.30 മുതല്‍ 1.30 വരെ ‘പൊതുജനാരോഗ്യം’ എന്ന വിഷയത്തിലും നവംബര്‍ 4ന് രാവിലെ 9.30 മുതല്‍ 1.30 വരെ മസ്‌കറ്റ് ഹോട്ടലില്‍ വച്ച് ‘മഹാമാരികളെ കേരളം നേരിട്ട വിധം’ എന്ന വിഷയത്തിലുമാണ് സെമിനാര്‍ നടക്കുക. ആരോഗ്യ മേഖലയില്‍ കേരളം കൈവരിച്ചിട്ടുള്ള പുരോഗതി ചര്‍ച്ച ചെയ്യുവാനും പഴയതും പുതിയതുമായ പകര്‍ച്ചവ്യാധികള്‍, പകര്‍ച്ചേതര വ്യാധികള്‍ എന്നിവയെ പ്രതിരോധിച്ച വിധവും കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍ സമാഹരിക്കുന്നതിനുമാണ് കേരളീയം 2023 ന്റെ ഭാഗമായി ആരോഗ്യ സെമിനാര്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പ്രശംസ നേടിയിട്ടുള്ളതാണ് കേരളത്തിലെ പൊതുജനാരോഗ്യ രംഗം. നിപ വൈറസ്, കൊവിഡ് 19 മഹാമാരി എന്നിവയെ പ്രതിരോധിക്കുന്നതിലും നിയന്ത്രിക്കുന്നതിലും കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്നു. ആയുര്‍ദൈര്‍ഘ്യം, ശിശുമരണം, മാതൃമരണം, ആണ്‍-പെണ്‍ അനുപാതം എന്നിവയിലൊക്കെ കേരളം മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മികച്ച നേട്ടം കൈവരിച്ചിട്ടുള്ള സംസ്ഥാനമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം കൂടിയാണ്. പാര്‍ശ്വവത്കരിക്കപെട്ടവര്‍ക്കായി പ്രത്യേക ആരോഗ്യ പദ്ധതി, പ്രായമായവര്‍ക്കും കിടപ്പിലായവര്‍ക്കും ദീര്‍ഘകാല രോഗബാധിതര്‍ക്കും പരിചരണത്തിനായി സുശക്തമായ സാന്ത്വന പരിചരണ സംവിധാനം എന്നിവയും പ്രത്യേകതയാണ്. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുകയും നവകേരളം കര്‍മ്മ പദ്ധതി ആര്‍ദ്രം മിഷന്‍ ഒന്നും രണ്ടിലൂടെയും ആരോഗ്യ മേഖലയില്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനും സാധിച്ചു.
നവംബര്‍ 3ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ‘പൊതുജനാരോഗ്യം’ സെമിനാറില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് വിഷയാവതരണം നടത്തും. മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി പി.കെ. ശ്രീമതി ടീച്ചര്‍, പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ പ്രസിഡണ്ട് ഡോ. കെ. ശ്രീനാഥ് റെഡ്ഡി, ജിപ്മര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ഗ്ലോബല്‍ സ്റ്റീയറിംഗ് കൗണ്‍സില്‍ ഓഫ് ദി പീപ്പിള്‍സ് ഹെല്‍ത്ത് മൂവ്‌മെന്റ് & അഡ്ജന്‍ക്റ്റ് ഫാക്കല്‍റ്റി ഡോ. ടി. സുന്ദരരാമന്‍, യു.എസ്.എ. ജഫേഴ്‌സണ്‍ മെഡിക്കല്‍ കോളേജ് എം.ഡി. ഡോ. എം.വി. പിള്ള, പാലിയം ഇന്ത്യ ഫൗണ്ടര്‍ & ചെയര്‍മാന്‍ ഡോ. എം.ആര്‍. രാജഗോപാല്‍, ജോര്‍ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് ഹെല്‍ത്ത്, ഹെല്‍ത്തിയര്‍ സൊസൈറ്റീസ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. ദേവകി നമ്പ്യാര്‍, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജി എമിറേറ്റ്‌സ് പ്രൊഫസര്‍, ഡോ. വി രാമന്‍കുട്ടി, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ഡോ. പി.കെ. ജമീല എന്നിവരാണ് പാനലിസ്റ്റുകള്‍.
നവംബര്‍ 4ന് മസ്‌കറ്റ് ഹോട്ടലില്‍ വച്ച് ‘മഹാമാരികളെ കേരളം നേരിട്ട വിധം’ സെമിനാര്‍ നടക്കും. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് വിഷയാവതരണം നടത്തും. മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എം.എല്‍.എ., ഗ്ലോബല്‍ ഹെല്‍ത്ത് സീനിയര്‍ ലക്ചറര്‍ ഡോ. റിച്ചാര്‍ഡ് എ. ക്യാഷ്, ലോകാരോഗ്യ സംഘടന മുന്‍ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍, സി.എം.സി. വെല്ലൂര്‍ ശിശുരോഗ വിദഗ്ധന്‍ ഡോ. ജേക്കബ് ടി ജോണ്‍, സി.എം.സി. വെല്ലൂര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്ലിനിക്കല്‍ വൈറോളജി ഡോ. പ്രിയ ഏബ്രഹാം, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് മുന്‍ അംഗം ഡോ. ബി. ഇക്ബാല്‍, ആരോഗ്യ വകുപ്പ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ആരോഗ്യ വകുപ്പ് മുന്‍ സെക്രട്ടറി (കെ.എസ്.ഇ.ബി. ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍) ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ എന്നിവര്‍ പാനലിസ്റ്റുകളാണ്.

Leave a Reply

Your email address will not be published. Required fields are marked *