ബെംഗളൂരു: കേരളത്തില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി കര്‍ണ്ണാടക ആരോഗ്യവകുപ്പ്.
തമിഴ്നാടിന് പിന്നാലെയാണ് കര്‍ണ്ണാടകയും പരിശോധന തുടങ്ങിയത്.
കേരള-കര്‍ണാടക അതിര്‍ത്തിയായ മുത്തങ്ങ, ബാവലി, മൂലഹൊളള, തോല്‍പ്പെട്ടി ചെക്പോസ്റ്റുകളിലാണ് കര്‍ണ്ണാടക ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചിട്ടുള്ളത്. ഡോക്ടറും നഴ്സുമാരും ഉള്‍പ്പെടുന്ന സംഘം കേരളത്തില്‍ നിന്നുവരുന്ന വാഹനങ്ങള്‍ തടഞ്ഞ് ആര്‍ക്കെങ്കിലും പനിയുടെ ലക്ഷണങ്ങളുണ്ടോ എന്നത് പരിശോധിക്കുന്നുണ്ട്.
കേരളത്തില്‍ നിന്നും എത്തുന്ന യാത്രക്കാരുടെ ശരീര ഊഷ്മാവും പരിശോധിക്കുന്നുണ്ട്. അതിനുശേഷമാണ് കര്‍ണ്ണാടകയിലേക്ക് കടത്തിവിടുന്നത്. ചെക്പോസ്റ്റുകളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
അതേസമയം തമിഴ്നാട് അതിര്‍ത്തികളായ പാട്ടവയല്‍, താളൂര്‍, എരുമാട് ഉള്‍പ്പെടെ 11 ഇടങ്ങളില്‍ തമിഴ്നാടിന്റെ പരിശോധന മൂന്നാം ദിനവും തുടരുന്നു. പരിശോധന കര്‍ശനമാക്കിയതിന് പിന്നാലെ കര്‍ണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്.