8/7/22
ടോക്യോ: വെടിയേറ്റ് ചികിത്സയിലായിരുന്ന ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസൊ ആബെ മരിച്ചു. ജപ്പാനിലെ നാര മേഖലയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രസംഗിക്കവെയായിരുന്നു വെടിയേറ്റത്. ആബെയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്നു. 41കാരനായ തെട്സുയ യമഗമി എന്നയാളാണ് വെടിവെച്ചത്. ഇയാൾ പൊലീസ് പിടിയിലാണ്.
ഇന്ന് രാവിലെ ജപ്പാൻ സമയം 11.30 ഓടെയാണ് ആബെക്ക് വെടിയേറ്റത്. നാര മേഖലയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ പിറകിൽ നിന്നാണ് അക്രമി വെടിവെച്ചത്. ആബെയുടെ മൂന്ന് മീറ്റർ അകലെ നിന്നായിരുന്നു ആക്രമണം.
ഹൃദയമിടിപ്പും ശ്വസനവും നിലച്ച അവസ്ഥയിലാണ് ആബെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജപ്പാൻ പാർലമെന്റ് അപ്പർ ഹൗസിലേക്ക് ഞായറാഴ്ച നടക്കുന്ന തെരഞ്ഞടുപ്പിന് മുന്നോടിയായാണ് പ്രചാരണ പരിപാടികൾ നടന്നത്. അതിനിടെ വെടിയൊച്ച കേൾക്കുകയായിരുന്നെന്ന് ജപ്പാൻ നാഷനൽ ബ്രോഡ്കാസ്റ്റർ എൻ.എച്ച്.കെയും ദ ക്യോഡോ ന്യൂസ് ഏജൻസിയും റിപ്പോർട്ട് ചെയ്തു. രണ്ടുതവണ വെടിയൊച്ച കേട്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്
ഉടനെ 67കാരനായ ആബെ നിലത്ത് വീഴുകയും കഴുത്തിൽ നിന്ന് രക്തം ചീറ്റുകയും ചെയ്തു. ആബെയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ആളാണ് ഷിൻസൊ ആബെ. 2006ൽ ഒരു വർഷത്തേക്കും പിന്നീട് 2012 മുതൽ 2020 വരെയും പ്രധാനമന്ത്രി പദത്തിലിരുന്നു. പിന്നീട് ആരോഗ്യ പ്രശ്നങ്ങൾ മൂലം മാറി നിൽക്കുകയായിരുന്നു.