ജിംനി 5 ഡോര്‍ വിദേശത്തേക്ക് കയറ്റി അയക്കുന്നു1 min read

മാരുതി സുസുക്കി തങ്ങളുടെ ഏറെ പ്രിയപ്പെട്ട ഓഫ്-റോഡറായ ജിംനി 5-ഡോറിന്റെ കയറ്റുമതി ആരംഭിച്ചു.

ലാറ്റിൻ അമേരിക്ക, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവയുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര വിപണികളിലേക്കാണ് കയറ്റുമതി.

ആഭ്യന്തര വിപണിയിലും ആഗോള വിപണിയിലും ഓഫ് റോഡറിന്റെ 5-ഡോര്‍ പതിപ്പ് നിര്‍മ്മിക്കുന്ന ഏക രാജ്യം ഇന്ത്യയാണ് എന്നതും വളരെ ശ്രദ്ധേയമായ കാര്യമാണ്.

2023 ജൂണിലാണ് മാരുതി സുസുക്കി ജിംനി 5-ഡോറിനെ ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചത്. നേരത്തെ 2020 നവംബറില്‍, ലാറ്റിൻ അമേരിക്കയും ആഫ്രിക്കയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്കുള്ള കയറ്റുമതിക്ക് മാത്രമായി മാരുതി സുസുക്കി 3-ഡോര്‍ ജിംനിയുടെ ഉത്പാദനം ആരംഭിച്ചിരുന്നു.

പ്രതിവര്‍ഷം ഒരു ലക്ഷം യൂണിറ്റ് എസ്‌.യു.വി വികസിപ്പിക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. മൊത്തം ഉത്പാദനത്തിന്റെ 66 ശതമാനത്തോളം ആഭ്യന്തര വിപണിക്കും ബാക്കി കയറ്റുമതിക്കും എന്നതാണ് പദ്ധതി. നിലവില്‍ പ്രതിമാസം 3,000 യൂണിറ്റ് ജിംനികള്‍ കമ്പനി  വില്‍ക്കുന്നുണ്ട്. ഒക്ടോബര്‍ 26-ന് നടക്കുന്ന ജപ്പാൻ മൊബിലിറ്റി ഷോയില്‍ 5-വാതിലുകളുള്ള ജിംനി പ്രദര്‍ശിപ്പിക്കും.

കര്‍ശനമായ മലിനീകരണ മാനദണ്ഡങ്ങള്‍ കാരണം 5-ഡോര്‍ മാരുതി ജിംനി യൂറോപ്യൻ വിപണികളില്‍ അവതരിപ്പിക്കില്ല. സുസുക്കി അടുത്തിടെ ഇന്ത്യയില്‍ നിര്‍മ്മിച്ച ജിംനി ദക്ഷിണാഫ്രിക്കൻ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഇത് ഇന്ത്യ-സ്പെക്ക് മോഡലിന് സമാനമാണ്. നമ്മുടെ വിപണിയില്‍ ലഭ്യമല്ലാത്ത ഒരു പുതിയ വര്‍ണ്ണ ഓപ്ഷനുകള്‍ ആഫ്രിക്കൻ മോഡലിന് ലഭിക്കുന്നു. ഇന്ത്യൻ ആര്‍മിയുടെ വാഹനങ്ങള്‍ക്ക് നല്‍കുന്ന നിറത്തിന് സമാനമായ ഒരു പുതിയ ഗ്രീൻ പെയിന്റ് സ്‍കീമാണ് ആഫ്രിക്കൻ മോഡലിന്  പുതിയതായി നല്‍കിയിരിക്കുന്നത്.

103 ബിഎച്ച്‌പിയും 138 എൻഎം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ 4-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് മാരുതി ജിംനി 5-ഡോറിന് കരുത്തേകുന്നത്. 5-സ്പീഡ് മാനുവല്‍, 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവ ട്രാൻസ്മിഷൻ എന്നിവയാണ് ഇതിന്റെ പ്രത്യേകതകളായുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *