വടകര :ജനങ്ങൾ എൽ ഡി എഫുമായി കൂടുതൽ അടുക്കുന്നുവെന്ന് കെ കെ ശൈലജ.വ്യക്തിഹത്യ ഇവിടെ മാത്രമല്ല, എല്ലായിടത്തും ഉണ്ടായിട്ടുണ്ട്. അതില്‍ നിയമനടപടി തുടരുമെന്നും ശൈലജ പറഞ്ഞു..
അതേസമയം, സൈബർ ആക്രമണമെന്ന ആരോപണത്തില്‍ വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ കെകെ ശൈലജ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. സൈബർ അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. യുഡിഎഫ് പ്രവർത്തകർ പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോകളും മോർഫ് ചെയ്ത ചിത്രങ്ങളും അശ്ലീല കമന്റുകളും പിൻവലിച്ച് ഷാഫി മാപ്പ് പറയണമെന്നാണ് വക്കീല്‍ നോട്ടീസിലെ ആവശ്യം.
സൈബർ ആക്രമണ കേസിലെ 16 കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പ്രചരിക്കുന്നവ പിൻവലിക്കാൻ തയ്യാറായില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ കെകെ ശൈലജ വ്യക്തമാക്കിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ബാലുശ്ശേരി പഞ്ചായത്ത് ഏഴാം വാർഡ് അംഗം ഹരീഷ് നന്ദനത്തിനെതിരെ കുറച്ച് ദിവസം മുമ്ബ് പൊലീസ് കേസെടുത്തിരുന്നു. ശൈലജയ്ക്കെതിരായ അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ചുവെന്നാണ് എഫ്ഐആറിലെ പരാമർശം. ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. വടകരയില്‍ എല്‍ഡിഎഫ് നല്കിയ സൈബർ ആക്രമണ പരാതിയില്‍ പ്രതി ചേർക്കപ്പെടുന്ന ആദ്യ കോണ്‍ഗ്രസ് പ്രവർത്തകനാണ് ഹരീഷ്. ഇതോടെ കെകെ ശൈലജക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആകെ കേസുകളുടെ എണ്ണം അഞ്ചായി.