4/9/22
തിരുവനന്തപുരം :ഏഷ്യയിലെ നൊബൈൽ സമ്മാനം എന്നറിയപ്പെടുന്ന മഗ്സസെ അവാർഡ് കെ കെ ശൈലജ ടീച്ചർ നിരസിച്ചു.
2022 ലെ മാംഗ്സസെ അവാര്‍ഡിനാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ കെ കെ ശൈലജയെ തിരഞ്ഞെടുത്തത്. സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട നിപ, കൊവിഡ് 19 തുടങ്ങിയ മഹാമാരികളെ മുന്‍ നിരയില്‍ നിന്ന് പ്രതിരോധിക്കുന്നതിന് നേതൃത്വം നല്‍കിയതിലെ പ്രതിബദ്ധതയ്ക്കും സേവന മികവിനുമാണ് രമണ്‍ മഗ്സസെ അവാര്‍ഡ് ഫൗണ്ടേഷന്‍ ശൈലജയെ 64-ാമത് മഗ്സസെ അവാര്‍ഡിന് അര്‍ഹയാക്കിയത്.
കേരളമെന്ന ഒരു ചെറിയ സംസ്ഥാനം എങ്ങനെയാണ് ശാസ്ത്രീയമായ രീതിയില്‍ മഹാമാരിയെ പ്രതിരോധിക്കുന്നത് എന്ന് എടുത്തുകാണിച്ച് വിവിധ ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ ശൈലജയെ പ്രശംസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാഗ്‌സസെ അവാര്‍ഡിനായി ഫൗണ്ടേഷന്‍ ശൈലജയെ തിരഞ്ഞെടുക്കുന്നത്. ജൂലൈ അവസാന വാരത്തോടെ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടുവെന്ന് അറിയിച്ചുകൊണ്ട് ഫൗണ്ടേഷന്‍ ശൈലജയ്ക്ക് മെയില്‍ അയച്ചിരുന്നു അതില്‍ പുരസ്‌കാരം സ്വീകരിക്കാനുള്ള സന്നദ്ധത അറിയിക്കാനും ആവശ്യപ്പെട്ടിരുന്നതായി വിശ്വസനീയ ചില സ്രോതസ്സുകളില്‍ നിന്ന് വിവരം ലഭിച്ചുവെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ പിന്നീട് സംഭവിച്ചത് മറ്റൊന്നാണ്, സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ശൈലജ അവാര്‍ഡ് സംബന്ധിച്ച് പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചന നടത്തി. . അവാര്‍ഡിന്റെ വിവിധ വശങ്ങള്‍ പരിശോധിച്ച നേതൃത്വം, അത് സ്വീകരിക്കുന്നതില്‍ നിന്ന് അവരെ വിലക്കുകയായിരുന്നു. ആരോഗ്യമന്ത്രി എന്ന നിലയില്‍ പാര്‍ട്ടി ഏല്‍പ്പിച്ച കടമ മാത്രമാണ് ശൈലജ നിര്‍വഹിക്കുന്നതെന്നും ഇതൊരു കൂട്ടായ പ്രവര്‍ത്തനവും നേട്ടവുമാണെന്നും അതിനാല്‍ വ്യക്തിപരമായി ഒരു പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്നുമായിരുന്നു പാര്‍ട്ടി തീരുമാനം.
ഇതിന് പിന്നാലെ അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ശൈലജ ഫൗണ്ടേഷന് കത്തയച്ചു. കമ്മ്യൂണിസ്റ്റ് ഗറില്ലകളെ ഒതുക്കുന്നതില്‍ പേരുകേട്ട മഗ്സസെയുടെ പേരിലുള്ള അവാര്‍ഡ് ഭാവിയില്‍ തിരിച്ചടിക്കുമെന്ന് ഭയന്നാണ് സ്വീകരിക്കരുതെന്ന് പാര്‍ട്ടി തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കിലും അവാര്‍ഡ് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ശൈലജ തയ്യാറായില്ല. ഏഷ്യയുടെ നോബല്‍ സമ്മാനമായി പരക്കെ കണക്കാക്കപ്പെടുന്ന രമണ്‍ മഗ്സസെ അവാര്‍ഡ് അന്തരിച്ച ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ പേരിലുള്ള അന്തര്‍ദേശീയ ബഹുമതിയാണ്.