നമ്മുടെ ദേശീയ പ്രസ്ഥാനത്തിലെ ഒരു സമുന്നത പ്രവർത്തകനായിരുന്ന ഇലന്തൂർഗാന്ധി എന്ന് അറിയപ്പെടുന്ന കെ.കുമാർ. പത്തനംതിട്ട -ഇലന്തൂറിൽ കെ.പത്മനാഭപിള്ളയുടെയും കുഞ്ഞു പെണ്ണമ്മയുടെയും രണ്ടാമത്തെ മകനായി 1894 (1069 കർക്കടകം 6 ന് ) കുമാർ ജനിച്ചു. പ്രൈമറി വിദ്യാഭ്യാസം ചെങ്ങന്നൂരും,ഹൈസ്കൂൾ വിദ്യാഭ്യാസം മാന്നാറിലും പൂർത്തിയാക്കി.ഇൻ്റർമീഡിയറ്റിന് പാലക്കാട് വിക്ട്ടോറിയ കോളേജിലും ബി.എ.യ്ക്ക് മധുര അമേരിക്കൻ കോളേജിലുമായി പഠിച്ചു.എങ്കിലും ബി.എ പരീക്ഷ പൂർണ്ണമായി ജയിക്കുവാൻ സാധിച്ചില്ല. തുടർന്ന് കൊല്ലം, പരവൂർ കോട്ടപ്പുറം സ്ക്കൂളിൽ അദ്ധ്യാപകനായി ചേർന്നു.പുനലൂർ സ്കൂളിലും അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു.ബി.എ.പ0നം പൂർത്തിയാക്കുന്നതിനു വേണ്ടി മദ്രാസ് പ്രസിഡൻസി കോളേജിൽ ചേർന്നു പഠിത്തം തുടർന്നു.മദ്രാസിൽ പഠിച്ചു കൊണ്ടിരുന്ന കാലത്താണ് മഹാത്മാഗാന്ധിജിയുടെ മദ്രാസ് സന്ദർശം. അദ്ദേഹം വിദ്യാർത്ഥികളോട് വിദ്യാഭ്യാസ സ്ഥാപനങ്ങളും വക്കീലന്മാരോട് കോടതികളും ബഹിഷ്ക്കരിച്ച് ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തുവരണമെന്ന് ആഹ്വാനംചെയ്തു. കുമാർജി പഠിത്തമുപേഷിച്ചു പോയി.രണ്ടു വർഷം മഹാത്മാഗാന്ധി, രാജഗോപാലാചാരി, രാജേന്ദ്രപ്രസാദ് മുതലായ അഖിലേന്ത്യാ നേതാക്കന്മാരുമൊത്തു വടക്കേ ഇന്ത്യയിൽ കോൺഗ്രസിൻ്റെ പ്രവർത്തനം നടത്തി.സ്വന്തം നാട്ടിൽപോയി കോൺഗ്രസ് പ്രവർത്തനം സംഘടിപ്പിക്കണമെന്നുള്ള ഗാന്ധിജിയുടെ ഉപദേശപ്രകാരം ജോർജ് ജോസഫ് മുതലായ നേതാക്കന്മാരോടൊത്ത് കുമാർ തിരുവിതാംകൂറിൽ തിരിച്ചെത്തുകയും ഒരു കോൺഗ്രസ് കമ്മിറ്റി രൂപീകരിക്കുകയും അതിൻ്റെ കാര്യദർശിയായി പ്രവർത്തിക്കുകയും ചെയ്തു. അതോടു കൂടി സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സ്മാരകമായി തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന സ്വദേശാഭിമാനി മാസികയുടെ പ്രസാധകനായും കുറച്ചു കാലം പ്രവർത്തിച്ചു.വൈക്കംസത്യാഗ്രഹത്തിൽ പങ്കെടുത്തതിന് കെ.പി.കേശവമേനോൻ ,ടി.കെ.മാധവൻ മുതലായവരോടൊപ്പം അറസ്റ്റുചെയ്യുകയും ആറു മാസത്തേക്ക് ശിക്ഷിക്കുകയും ആലപ്പുഴയിലെ വിദേശ വസ്ത്രബഹിഷ്ക്കരണപരിപാടി അര സരിച്ച് പിക്കറ്റിംഗിന് നേതൃത്വം നൽകിയതിന് അറസ്റ്റുചെയ്യുകയും ഒരു മാസം തടവിൽ പാർപ്പിക്കുകയും ചെയ്തു. അന്നു നൽകിയ പിഴശിക്ഷയ്ക്കു വേണ്ടി വീട്ടിൽ നിന്നും ചില ജംഗമ സാധനങ്ങൾ ജപതി ചെയ്യുകയുണ്ടായി. കണ്ണൂർ കടൽ പുറത്തു വച്ചു നടന്ന ഉപ്പുസത്യാഗ്രഹത്തിന് കുമാർജി അറസ്റ്റു ചെയ്യപ്പെട്ടു. ആദ്യം കണ്ണൂർ ജയിലിലും സുഖമില്ലാതായതിനെ തുടർന്ന് വെല്ലാറിസാനിറ്റോറിയം ജയിലിലുംപാർപ്പിച്ചു. ജയിൽ മോചിതനായതിനു ശേഷം നാട്ടിൽ തന്നെ സ്ഥിരതാമസമാക്കുകയും ഇലന്തൂരിലും പരിസരങ്ങളിലും സേവന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. മഹാത്മാഗാന്ധിയാൽ സ്ഥാപിതമായ ഹരിജന സേവാ സംഘത്തിൻ്റെ ഒരു ശാഖ ചങ്ങനാശ്ശേരി പരമേശ്വരൻപിള്ള അദ്ധ്യക്ഷനായി തിരുവിതാംകൂറിൽ രൂപം കൊണ്ടു അതിൻ്റെ പ്രധാന പ്രവർത്തകനായി നിശ്ചയിക്കപ്പെട്ടത് കുമാർജിയെ ആയിരുന്നു. നമ്മുടെ രാഷ്ടീയ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി അനുസ്മരിക്കപ്പെടുന്ന ഒരു തിരഞ്ഞെടുപ്പായിരുന്നു 1937-ൽ തിരുവിതാംകൂർ നിയമനിർമ്മാണസഭയിലേക്ക് തെരഞ്ഞെടുപ്പ്. പത്തനംതിട്ടയിൽ ടി. എം. വർഗ്ഗീസായിരുന്നു കുമാർജിയുടെ എതിർ സ്ഥാനാർത്ഥി വാശിയേറിയ തിരഞ്ഞെടുപ്പിൽ ആയിരത്തിൽപരം വോട്ടിന് കുമാർജി പരാജിതനായി. അടുത്ത തെരഞ്ഞെടുപ്പിൽ വയലാ ഇടിക്കുള യോടും മത്സരിച്ചു.ഈ രണ്ടു തെരഞ്ഞെടുപ്പുകളും അദ്ദേഹത്തെ സാരമായി സാമ്പത്തിക തകർച്ചയിൽ കൊണ്ടെത്തിച്ചു.അതിനു ശേഷം തിരുവിതാംകൂർ സ്വാതന്ത്യ സമരത്തിൽ നിന്നും പിൻവാങ്ങിയെകുമാർജി. ജീവിത സായാഹ്നത്തിൽ ഭദ്രകുമാരിയെ വിവാഹം ചെയ്തു. അദ്ദേഹത്തിൻ്റെ ഏക മകനാണ് ഭദ്രകുമാർ .ഇന്ത്യൻ സ്വാതന്ത്യ സമര സേനാനിയുംഗാന്ധിജിയുടെ സഹചാരിയും പേഴ്സണൽ സെക്രട്ടറിയുംമായ മഹാദേവ് ദേശായിയുടെ The Epic of Travancore എന്ന പുസ്തകത്തിൽ കുമാർജിയെ പരാമർശിക്കുന്നു. ഗാന്ധിജിയുടെ തിരുവിതാംകൂർ സന്ദർശന പരിപാടികളിൽ മിക്കയോഗങ്ങളിലും കുമാർ ജിയായിരുന്നു പ്രസംഗപരിഭാഷകൻ. ദേശീയ പ്രസ്ഥാനത്തിലെ ഒരു സമുന്നത പ്രവർത്തകനായിരുന്ന സ്വാതന്ത്യ സമരത്തിലെ മുന്നണി പടയാളിയും, വ്യക്തിതാൽപര്യങ്ങളുടെ കറപുരളാതെ, സ്വാതന്ത്ര്യം എന്ന സമുന്നതമായ ലക്ഷ്യം മാത്രം മുമ്പിൽ കണ്ടു കൊണ്ടു ഒരു നിഷ്ക്കാമ കർമ്മിയെപ്പോലെ ആത്മാർപ്പണം നടത്തിയ അപൂർവ്വം ചില ദേശഭക്തന്മാരിൽ ഒരാളായിരുന്നു അദ്ദേഹം.1973 ആഗസ്റ്റ് 24-ാം തീയതി മഹാത്മാവ് അന്തരിച്ചു.
2024-08-24