റാവു ബഹദൂർ പി.വേലായുധൻ (1857-1909) ഇന്ന് 114-ാം സ്മൃതിദിനം. സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ1 min read

12/4/23

തിരുവിതാംകൂറിലെ ഈഴവരിൽ ആദ്യത്തെ ബി.എ. ബിരുദധാരിയാണ് റാവു ബഹദൂർ പി.വേലായുധൻ. 1857 ഏപ്രിൽ 24-ാം തീയതി തിരുവനന്തപുരം പേട്ടയിൽ തച്ചക്കുടി കുടുംബത്തിൽ പത്മനാഭൻ്റെയും മാത പെരുമാളിൻ്റെയും മകനായി ജനിച്ചു.തിരുവനന്തപുരത്തെ വിദ്യാലയങ്ങളിൽ അക്കാലത്ത് ഈഴവ വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.തൻ്റെ മകന് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകാൻ അഞ്ചുതെങ്ങിൽ നിന്ന് ഒരു ആംഗ്ലോ ഇൻഡ്യൻ അദ്ധ്യാപകനെ വരുത്തി സ്വന്തം ഭവനത്തിൽ സ്കൂൾ തുറന്ന് .കുടിപ്പള്ളിക്കുടത്തിലെ പഠനത്തിനു ശേഷം വേലായുധൻ തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയമായ റോബർട്ട് സ്കൂളിൽ ചേർന്നു മെട്രിക്കുലേഷൻ ജയിച്ചു.പ്രസ്തുത വിജയത്തിന് ആയില്യം തിരുനാൾ മഹാരാജാവിൽ നിന്ന് സമ്മാനം നേടാൻ കഴിഞ്ഞു.ഡോ. ഹാർവിയും, റോസും പ്രിൻസിപ്പൽമാരായിരുന്ന കാലത്താണ് വേലായുധൻ മഹാരാജാസ് കോളേജിൽ പഠിച്ചത്.1883-ൽ ബി.എ.പാസ്സായി. വിദ്യാഭ്യസ യോഗ്യത നേടിയെങ്കിലും അവർണ്ണസമുദായാംഗമായതുകൊണ്ട് തിരുവിതാംകൂറിൽ ഉദ്യോഗം ലഭിക്കുക അന്ന് അസാദ്ധ്യമാണ്.1884-ൽ കോഴിക്കോട്ടുനിന്നും കേരള പത്രിക പത്രം ആരംഭിച്ചപ്പോൾ അതിൻ്റെ പത്രാധിപർ ആയി.കോഴിക്കോട് ബാസൽ മിഷൻ സ്കൂളിൽ അദ്ധ്യാപകനായി.1885-ൽ മദ്രാസ് രജിസ്ട്രേഷൻ വകുപ്പിൽ ക്ലാർക്കായി ഉദ്യോഗം ലഭിച്ചു. കൃത്യനിഷ്ഠ, സത്യസന്ധത, അന്യാദൃശമായ കാര്യപ്രാപ്തി എന്നിവ മൂലം പടിപടിയായി ഉയർന്ന് ഡെപ്യൂട്ടി കലക്ടർ പദവി വരെ അദ്ദേഹം എത്തി.തുടർന്ന് മദ്രാസ് ഗവൺമെൻ്റിൻ്റെ റവന്യൂസെറ്റിൽമെൻ്റ് അസിസ്റ്റൻ്റ് കമ്മീഷണറായി പ്രമോഷൻ കിട്ടി.1906-ൽ റാവു ബഹദൂർ എന്ന സമുന്നത സ്ഥാനം നൽകി ബ്രിട്ടീഷ് ചക്രവർത്തി അദ്ദേഹത്തെ ആദരിച്ചു.റ്റി.മാധവരായരുടെ Principle of Morality എന്ന ഗ്രന്ഥം സദാചാര നിദാനം എന്ന പേരിലും ചാൾസ് ലാംബ് ഷേക്സ്പിയർ കൃതികളെ ആസ്പദമാക്കി അവയുടെ സത്ത ചോർന്നു പോകാതെ രചിച്ച Pericles Princes of Tyre എന്ന കൃതിയെ പരിക്ലേശ രാജാവിൻ്റെ കഥ എന്ന പേരിലും അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്. ക്ലിഷ്ടത തീരെയില്ലാത്ത ലളിതവും ശാലീനവുമാണ് വേലായുധൻ്റെ ശൈലി എന്ന് കേരളവർമ്മ വലിയകോയി തമ്പുരാൻ വാഴ്ത്തിയിട്ടുണ്ട്. സദാചാര നിദാനത്തിന് 50 രുപ പാരിതോഷികം നൽകി വിശാഖം തിരുനാൾ അനുഗ്രഹിച്ചു. ഭാഷയിലെ ആദ്യ കാലത്തെ ഗദ്യ കഥകളുടെ കൂട്ടത്തിൽ ഈ കൃതി പരിഗണന അർഹിക്കുന്നു എന്ന് മഹാകവി ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ പ്രശംസിച്ചു ..ധാരാളം ഒറ്റ ശ്ലോകങ്ങൾ, കവിതകൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 1909 ഏപ്രിൽ 12-ാം തീയതി ബറാംപൂരിൽ വച്ച് ഹൃദയസ്തംഭനം മൂലം അന്തരിച്ചു. റാവു ബഹദൂർ പി.വേലായുധൻ്റെ അനുജനാണ് പ്രസിദ്ധനായ ഡോ.പൽപ്പു മറ്റ് രണ്ട് സഹോദരങ്ങൾ പി.പരമേശ്വരൻ, പി.മാധവൻ വൈദ്യർ. ഭാര്യ ചെമ്പകക്കുട്ടി രണ്ട് പുത്രിയും ഒരു പുത്രനും സീമന്തപുത്രി ഭാരതിയെ വിവാഹം കഴിച്ചത് എം.ഗോവിന്ദൻ ജഡ്ജി .ഈഴവ സമുദായത്തിലെ ആദ്യത്തെ ബി.എ ക്കാരാനെയും, ആദ്യത്തെ ഡോക്ടറെയും സംഭാവന ചെയ്യാൻ തച്ചക്കുടി പത്മനാഭൻ്റെ കുടുംബം സഹിച്ച ക്ലേശം മറക്കാവുന്നതല്ല.

Leave a Reply

Your email address will not be published. Required fields are marked *