8/6/22
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. കള്ളന്‍ ബിരിയാണിച്ചെമ്പിലാണെന്നും അവിടെനിന്ന് പുറത്തു കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സി.ബി.ഐ. അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ വേണം. അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ആയിരിക്കണമെന്നും മുരളീധരന്‍ പ്രതികരിച്ചു.
മുന്‍പ് സോളാര്‍ കേസില്‍ കുറ്റം ആരോപിക്കപ്പട്ട വ്യക്തി അന്നത്തെ മുഖ്യമന്ത്രിക്ക് എതിരായി ഒരു പ്രസ്താവന നടത്തി. അത് 164 ആയിരുന്നില്ല. പത്രസമ്മേളനത്തില്‍ അവര്‍ അങ്ങനെ പറഞ്ഞപ്പോള്‍ അതിനെ ശരിവെച്ചവരാണ് കേരളത്തിലെ ഇടതുമുന്നണിയും ഇന്നത്തെ മുഖ്യമന്ത്രിയും. എന്നാല്‍ ഇപ്പോഴത്തേത് 164 അനുസരിച്ച് ഒരു സ്ത്രീ നല്‍കിയ മൊഴിയാണ്. അത് കോടതിയില്‍ ഒരിക്കലും മാറ്റിപ്പറയാനാകില്ലെന്നും മുഖ്യമന്ത്രി അന്വേഷണത്തെ നേരിടണമെന്നും മുരളീധരൻ പറഞ്ഞു.