14/7/22
കൊച്ചി : കോണ്‍ഗ്രസ് പുനഃസംഘടനാ പട്ടികയ്‌ക്കെതിരെ കെ മുരളീധരന്‍. തൃക്കാക്കര തെരഞ്ഞെടുപ്പോടെ ഐസിയുവില്‍ നിന്ന് തിരികെ കൊണ്ടുവന്ന പ്രസ്ഥാനത്തെ വീണ്ടും ഐസിയുവില്‍ ആക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുരളീധരന്‍ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് അഭിപ്രായം രേഖപെടുത്തിയത്.
കെ. മുരളീധരന്റെ fb പോസ്റ്റ്
“കഴിഞ്ഞ നിയമസഭ,ലോക്കൽ ബോഡി തെരഞ്ഞെടുപ്പുകളിലെ പരാജയത്തിൽ ഐ.സി.യുവിൽ ആയ പ്രസ്ഥാനത്തെ പൂർണ്ണ ആരോഗ്യത്തോടെ തൃക്കാക്കരയിൽ നമ്മൾ തിരികെ കൊണ്ടുവന്നിരുന്നു.
ഐക്യതയോടെയുള്ള കൂട്ടായ പ്രവർത്തനത്തിന്റെ വലിയ വിജയമായിരുന്നു അത്.എന്നാൽ സ്ഥാനമാനങ്ങൾ വീതംവെച്ച് അതിനെ ഐ.സി.യുവിലേക്ക് തിരികെ അയക്കാനുള്ള ശ്രമങ്ങൾ ചില ഭാഗത്തുനിന്നും കാണുന്നതിൽ അതിയായ ദുഃഖമുണ്ട്.”എന്നാണ് അദ്ദേഹം fb യിൽ കുറിച്ചത്.
കെപിസിസി അംഗങ്ങളുടെ പുനഃസംഘടന പട്ടികയിൽ 28 പുതുമുഖങ്ങളെ ഉൾപെടുത്താൻ ആണ് ധാരണയായത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ യോഗം ചേർന്നാണ് പട്ടിക സംബന്ധിച്ച് ധാരണയിലെത്തിയത്.
280 അംഗപട്ടികയിൽ 46 പേരെ മാറ്റിക്കൊണ്ടുള്ള പട്ടിക നേരത്തെ സമർപ്പിച്ചെങ്കിലും യുവ, വനിത പ്രാതിനിധ്യം കൂട്ടാൻ ആവശ്യപ്പെട്ട് പട്ടിക തിരിച്ചയച്ചിരുന്നു. ഇതേത്തുടർന്നാണ് മാറ്റം വരുത്തിയത്. ഏകദേശം 25 ശതമാനം പുതിയ ആളുകളെ ഉൾപ്പെടുത്തിയുള്ള പട്ടികയാണ് തയ്യാറാകുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിൽ പുനഃസംഘടന പൂർത്തിയാക്കാൻ നേതൃത്വവും ഗ്രൂപ്പുകളും നേരത്തെ ധാരണയിലെത്തിയിരുന്നു