കായിക വിനോദങ്ങള്‍ ജീവിതത്തിന്റെ ഭാഗമായി മാറണം: മന്ത്രി കെ എന്‍ ബാലഗോപാല്‍1 min read

24/10/23
കൊല്ലം :കായിക വിനോദങ്ങള്‍ ജീവിതത്തിന്റെ ഭാഗമായി മാറണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കരീപ്ര കുഴിമതിക്കാട് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജീവിത ശൈലി രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന കാലത്ത് കായിക വിനോദങ്ങള്‍ ശീലമാക്കണം. എല്ലാ പഞ്ചായത്തുകളിലേയും കളിക്കളങ്ങള്‍ നവീകരിക്കണമെന്നാണ് സര്‍ക്കാര്‍ നയം. കുട്ടികള്‍ക്ക് ഒപ്പം മുതിര്‍ന്നവരും സ്റ്റേഡിയങ്ങള്‍ പ്രയോജനപ്പെടുത്തണം. അത് സാമൂഹ്യ ബന്ധങ്ങളെ ശക്തിപ്പെടുത്തും. കേരളത്തിന്റെ കായിക രംഗത്തെ വളര്‍ച്ചയെ സര്‍ക്കാര്‍ മുന്നോട്ട് കൊണ്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

2022-23 വാര്‍ഷിക ബജറ്റില്‍ ഉള്‍പ്പെടുത്തി മന്ത്രി കെ എന്‍ ബാലഗോപാല്‍ അനുവദിച്ച 1.5 കോടി രൂപയാണ് സ്റ്റേഡിയം നിര്‍മാണത്തിനായി ചെലവഴിക്കുന്നത്. കേരള സ്പോര്‍ട്സ് കൗണ്‍സിലിനാണ് നിര്‍മാണ ചുമതല. മള്‍ട്ടി കോര്‍ട്ട്, ബാഡ്മിന്റണ്‍ കോര്‍ട്ട്, ഓപ്പണ്‍ ജിംനേഷ്യം, ക്രിക്കറ്റ് പിച്ചുകള്‍, ഇന്റര്‍ ലോക്കിങ് നടപ്പാത, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഫ്ലഡ് ലൈറ്റുകള്‍, മതില്‍, ലഘുഭക്ഷണശാല എന്നിവയാണ് സ്റ്റേഡിയത്തില്‍ സജ്ജമാക്കും. ആറ് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും.
കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് പി എസ് പ്രശോഭ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ഓമനക്കുട്ടന്‍ പിള്ള, സ്ഥിരം സമിതി അധ്യക്ഷരായ എം തങ്കപ്പന്‍, സന്ധ്യാഭാഗി, പി ടി എ പ്രസിഡന്റ് ജി അജിത്കുമാര്‍, പ്രിന്‍സിപ്പാള്‍ റ്റി ജി ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *