കേരളത്തിലെ പ്രസിദ്ധനായ ചരിത്ര പണ്ഡിതനാണ് കെ.പി.പത്മനാഭ മേനോൻ. 1857 ഒക്ടോബർ 12 ന് തിരുവിതാംകൂർ ദിവാൻ പേഷ്ക്കാറും തിരുവിതാംകൂർ ചരിത്രത്തിൻ്റെ കർത്താവുമായ പി.ശങ്കുണ്ണി മേനോൻ്റെയും ഇടപ്പള്ളി കൃഷ്ണത്തു പുത്തൻവീട്ടിൽ പാർവതി അമ്മയുടെയും രണ്ടാമത്തെ മകനായി ഇടപ്പള്ളിക്കടുത്തുള്ള എളമക്കരയിൽ ജനിച്ചു.അച്ഛൻ്റെ കഴിവുകൾ എല്ലാം തികഞ്ഞ മകൻ എന്നാണ് അദ്ദേഹത്തിൻ്റെ സമകാലികർ കെ.പി.പത്മനാഭ മേനോനെ വിശേഷിപ്പിച്ചിട്ടുള്ളത്. എറണാകുളത്തും മദ്രാസിലുമായി പഠിച്ചു നിയമബിരുദം നേടി,മദ്രാസ് അഡ്വക്കേറ്റ് ജനറലായിരുന്ന ഷെപ്പേർഡിൻ്റെ ജൂനിയറായി മദ്രാസിൽ പ്രാക്ടീസ് ആരംഭിച്ചു.അമ്മയുടെ വാർദ്ധ്യകത്തെ പരിഗണിച്ചു അദ്ദേഹം കേരളത്തിലേക്കു പോന്നു. എറണാകുളത്ത് ആദ്യം പ്രാക്ടീസ് ചെയ്തു.1898-ൽ തിരുവനന്തപുരത്തേക്ക് പ്രാക്ടീസ് മാറ്റി. കെ .പി പത്മനാഭമേനോൻ ഒരു മികച്ച അഭിഭാഷകനും ചരിത്രത്തിലും സാമൂഹിക പരിഷ്കരണത്തിലും വളരെ സജീവമായിരുന്നു. അഭിഭാഷകനായിരുന്ന കാലത്ത് അദ്ദേഹത്തെ തിരുവിതാംകൂർ മരുമക്കത്തായ കമ്മിറ്റി അംഗമാക്കി.1902 മുതൽ 1904 വരെ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു. 1904-ൽ കൊച്ചി ഗവൺമെൻ്റ് അദ്ദേഹത്തെ കൊച്ചിമരുമക്കത്തായ കമ്മറ്റി മെമ്പറാക്കി.കെ.പി.പത്മനാഭ മേനോൻ്റെ “കേരള ചരിത്രം “വളരെ പ്രസിദ്ധമായ കൃതിയാണ്. “ഹിസ്റ്ററി ഓഫ് കേരള” .നാല് വാല്യമുള്ളബൃഹത് ഗൃന്ഥമാണ്. കെ.പി.പത്മനാഭ മേനോൻ്റെ ലേഖനങ്ങളുടെ സമാഹാരമാണ് “കൊച്ചി രാജ്യ ചരിത്രം (രണ്ട് ഭാഗം) “എന്ന ഗൃന്ഥം, “വേണാട് രാജവംശം “എന്ന മറ്റൊരു കൃതി കൂടിയുണ്ട്. ഭാര്യ തൃശൂർ മാരാത്തുപാറുക്കുട്ടി അമ്മ. സന്താനങ്ങളില്ല.ആ പ്രതിഭാശാലി1919 മേയ് 1-ാം തീയതി എറണാകുളത്തുവെച്ചുഅന്തരിച്ചു.
2024-05-01