25/7/23
തിരുവനന്തപുരം :പോസ്‌കോ പരാമർശത്തിൽ എം വി ഗോവിന്ദനെതിരെ മാനനഷ്ട കേസ് നൽകി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.
മോൻസണ്‍ മാവുങ്കല്‍ പ്രതിയായ പോക്‌സോ കേസില്‍ സുധാകരന് എതിരെ നടത്തിയ പരാമര്‍ശത്തിനാണ് നിയമ നടപടി. എറണാകുളം സി ജെ എം കോടതിയില്‍ നേരിട്ടെത്തിയാണ് മാനനഷ്ടകേസ് നല്‍കുന്നത്. എം വി ഗോവിന്ദൻ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പി പി ദിവ്യ, ദേശാഭിമാനി ദിനപ്പത്രം എന്നിവരെ കക്ഷിയാക്കിയാണ് കേസ് സമര്‍പ്പിക്കുന്നത്.
പുരാവസ്‌തു തട്ടിപ്പുകേസ് പ്രതി മോൻസണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ കെ സുധാകരൻ കൂട്ടുപ്രതിയാണെന്ന് എം വി ഗോവിന്ദൻ തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. മോൻസണ്‍ മാവുങ്കല്‍ തന്നെ പീഡിപ്പിക്കുമ്ബോള്‍ കെ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നല്‍കിയിട്ടുണ്ടെന്നും പീഡനവിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടില്ലെന്നും മൊഴിയിലുണ്ടെന്ന് ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.
പോക്‌സോ കേസില്‍ സുധാകരന്റെ മൊഴിയെടുക്കുമെന്ന തരത്തില്‍ വാര്‍ത്ത വന്നെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു എം വി ഗോവിന്ദന്റെ ആരോപണം. ആ കേസില്‍ ചോദ്യം ചെയ്യാനാണ് സുധാകരനെ ക്രൈം ബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നത്. ഒരാള്‍ക്കെതിരെയും പ്രത്യേകം കേസെടുക്കണമെന്ന് തങ്ങള്‍ക്ക് താത്‌പര്യമില്ലെന്നും ഗോവിന്ദൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനെതിരെയാണ് സുധാകരൻ മാനനഷ്ടകേസ് കൊടുക്കുന്നത്.