29/6/22
തിരുവനന്തപുരം : മതഭീകരവാദികളെ പ്രീണിപ്പിക്കുന്ന കേരള സർക്കാരിനുള്ള മുന്നറിയിപ്പാണ് രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ക്രൂരമായ നരഹത്യയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ .
ഉദയ്പൂരിൽ ഹിന്ദു തയ്യൽക്കാരനെ കടയിൽ കയറി ജിഹാദികൾ ക്രൂരമായി നരഹത്യ ചെയ്തത് കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും ധൈര്യത്തിലാണ്.
കൊല ചെയ്യപ്പെട്ട കനയ്യലാൽ സുരക്ഷ ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചെങ്കിലും കോൺഗ്രസ് സർക്കാർ അത് അവഗണിച്ചതാണ് മതത്തിന്റെ പേരിൽ ഈ കൊടുംക്രൂരത നടക്കാൻ കാരണമായതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. കേരളത്തിലും സമാനമായ സാഹചര്യമാണുള്ളത്. സംഘടിത മതവിഭാഗത്തിന്റെ വോട്ട് ലഭിക്കാനായി പിണറായി സർക്കാർ മതതീവ്രവാദികളെ പ്രോത്സാഹിപ്പിക്കുകയാണ്.
ബാലുശ്ശേരിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനെ ജിഹാദികൾ ആൾക്കൂട്ട മർദ്ദനത്തിന് വിധേയനാക്കിയിട്ടും സിപിഎം പ്രതികരിക്കാതിരുന്നത് വോട്ട്ബാങ്ക് രാഷ്‌ട്രീയം ലക്ഷ്യം വെച്ചാണ്. ഹിന്ദുവായ ഡിവൈഎഫ്‌ഐക്കാരനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ ജിഹാദികൾ പുറത്തുവിട്ടത് ഉദയ്പൂരിന് സമാനമായ രീതിയിലായിരുന്നു. മറ്റു മതക്കാരെ ഭയപ്പെടുത്താൻ വേണ്ടിയുള്ള ഭീകരവാദ പ്രവർത്തനം തന്നെയാണ് ബാലുശ്ശേരിയിലും ഉദയ്പൂരിലും സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കൊലയ്‌ക്ക് ശേഷം പ്രധാനമന്ത്രിക്ക് നേരെ ഭീഷണി മുഴക്കി അക്രമികൾ വീഡിയോ പ്രചരിപ്പിച്ചത് ഗൗരവതരമായ കാര്യമാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.