തിരുവനന്തപുരം :കായിക മത്സരങ്ങളിൽ സ്പോർട്ട്സ് സൈക്കോളജിസ്റ്റ് നിർബന്ധമാണ്. മാനസിക പിന്തുണ കൂടി കിട്ടിയാൽ കരുത്തു ചേരാതെ മുന്നേറാൻ മത്സരാര്‍ഥികള്‍ക്ക് സാധിക്കാറുണ്ട്. മാനസികമായ പിന്തുണ കൂടി ആവശ്യമുള്ള കായിക താരങ്ങൾക്ക് പ്രത്യേക പരിഗണന നല്‍കി അവരെ മുൻ നിരയിലേക്ക് എത്തിക്കാനായി സ്പോർട്ട്സ് സൈക്കോളജിസ്റ്റ് ദീപികയും അസിസ്റ്റന്റ് അഷിതയും കളിക്കളത്തിനായി എടുത്ത പ്രയത്നം ചില്ലറയല്ല. വിജയത്തിനരികിലെത്തി പിന്നിലായി പോകുന്ന പ്രതിഭകൾക്ക് കൈത്താങ്ങാൻ ഇവർ പ്രത്യേക പാക്കേജ് തന്നെ തയ്യാറാക്കിയിരുന്നു.
കളിക്കളം മത്സരാര്‍ഥികളെ മാനസികമായി ശക്തരാക്കാന്‍ ദീപികയും അഷിതയും സദാസമയവും ഫീല്‍ഡില്‍ സജീവമാണ്. കായികതാരങ്ങളെ മാനസികമായി കൂടി കരുത്തരാക്കുക, അവരുടെ അനാവശ്യ ചിന്തകള്‍ ഒഴിവാക്കി നിർത്തുക, സ്‌പോര്‍ട്‌സ് മിത്തുകള്‍ മാറ്റുക, മാനസികമായ ശക്തി പകരുക എന്നിങ്ങനെ താരങ്ങളുടെ മത്സരത്തിലുള്ള ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. കായികക്ഷമത മാത്രമല്ല മാനസിക ബലം കൂടി ഒരു കായികതാരത്തിന്റെ വിജയത്തിന് പിന്നിലുണ്ടെന്നാണ് ദീപിക പറയുന്നത്. കഴിഞ്ഞ തവണ കളിക്കളത്തിൽ പങ്കെടുത്ത പരിചയം ദീപികയ്ക്ക് ഇത്തവണ മുതൽക്കൂട്ടായി.
കായിക വിദ്യാര്‍ഥികളുടെ മാനസിക ബലത്തിൻ്റെ തോത് വിലയിരുത്തി പ്രത്യേക പരിശീലനം ആവശ്യമായ കുട്ടികളുടെ പട്ടിക തയ്യാറാക്കി വകുപ്പിന് കൈമാറുകയാണ് ദീപികയുടെ ലക്ഷ്യം. കുട്ടിയോടും അവരുടെ കുടുംബത്തോടും പരിശീലകനോടുമെല്ലാം സംസാരിച്ച് അവരുടെ പശ്ചാത്തലം മനസിലാക്കിയ ശേഷമാണ് ഹിസ്റ്ററി തയ്യാറാക്കുക.
മലപ്പുറം ജില്ലയിലെ കൊല്ലം ചിന മണ്ണാന്‍മല സ്വദേശിയാണ് കെ ദീപിക. സൈക്കോളജി ഇഷ്ടവിഷയമായി തിരഞ്ഞെടുത്ത ദീപിക സ്പോർട്സ് കൈവിടാതെ രണ്ടും ഒരുമിച്ച് കൊണ്ടുപോയി. അങ്ങനെ 2022 ദേശീയ ഗെയിംസില്‍ കേരളത്തിന്റെ ഏക സ്‌പോര്‍സ് സൈക്കോളജിസ്റ്റായി ദീപിക മാറി. 2017 ലാണ് ദീപിക ഈ മേഖലയിലേക്ക് കടന്നു വരുന്നത്. കാലിക്കറ്റ്, എം ജി സര്‍വകലാശാലകളിലെ വിവിധ ടീമുകളുടെ സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റായും ദീപിക പ്രവർത്തിച്ചിട്ടുണ്ട്.