കൊച്ചി :കാനത്തിന്റെ ആകസ്മിക മരണം ഞെട്ടിച്ചെന്ന് എം. വി. ഗോവിന്ദൻ.
മാസങ്ങളായി അസുഖബാധിതനായി ആസുപത്രിയിലായിരുന്ന അദ്ദേഹത്തെ ആശുപത്രിയിലെത്തി കണ്ടിരുന്നു. രോഗവിവരങ്ങള്‍ അന്വേഷിച്ച സമയത്ത് ആവേശത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. മുറിവെല്ലാം ഉണങ്ങുന്നുവെന്നും ആശ്വാസമുണ്ടെന്നും പറഞ്ഞു. ഉടൻ ആശുപത്രി വിടാനാവുമെന്നും പ്രവര്‍ത്തനത്തിലെത്താനാവുമെന്നും പറഞ്ഞിരുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
നേരില്‍ കണ്ടതിലും മെച്ചമാണെന്ന് ഇന്നലെ കാനത്തിന്റെ മകൻ പറഞ്ഞിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. മകനും കാനം വേഗത്തില്‍ ആശുപത്രി വിടുമെന്നാണ് പറഞ്ഞത്. ആകസ്മികമായാണ് മരണ വാര്‍ത്ത കേട്ടത്. കാനം രാജേന്ദ്രന്റെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു. പാവപ്പെട്ടവന് വേണ്ടി ഉഴിഞ്ഞുവെച്ച മനുഷ്യായുസാണ് കാനം രാജേന്ദ്രന്റേതെന്നും ഇടതുമുന്നണിക്ക് ശക്തനായ കമ്യൂണിസ്റ്റ് നേതാവിനെയാണ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.