തിരുവനന്തപുരം :കണ്ണൂർ യൂണിവേഴ്സിറ്റി വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയിലേയ്ക്ക് സെനറ്റിന്റെ പ്രതിനിധിയെ തിരഞ്ഞെടുക്കാൻ വിസി ഡോ:സാജു ഇന്ന് വിളിച്ചുചേർത്ത സെനറ്റിന്റെ വിശേഷാൽ യോഗം സേർച്ച് കമ്മിറ്റിയിലേയ്ക്ക്
പ്രതിനിധിയെ നൽകേണ്ടതില്ലെന്ന സിപിഎം അംഗങ്ങളുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ അജണ്ടയിൽ നിന്നും പ്രതിനിധി തെരഞ്ഞെടുപ്പ് പിൻവലിച്ചു. സെർച്ച് കമ്മിറ്റി തിരഞ്ഞെടുപ്പ് അജണ്ടയ്ക്കെതിരെ പ്രമേയം അവതരിപ്പിക്കുവാൻ ശ്രമിച്ച ഇടതുപക്ഷ സെനറ്റ് അംഗം, യുഡിഎഫ് അംഗങ്ങൾ ആക്റ്റും സ്റ്റാറ്റ്യൂട്ടും ചൂണ്ടിക്കാണിച്ച് നിയമപ്രശ്നം ഉന്നയിച്ചപ്പോൾ പ്രമേയം പിൻവലിച്ചു . വിസിതന്നെ നിശ്ചയിച്ച അജണ്ട പിൻവലിക്കരുതെന്നും പ്രതിനിധിയെ നിശ്ചയിക്കണമെന്നുമുള്ള പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം വിസി അംഗീകരിച്ചില്ല.
ഗവർണർ സ്വന്തം താൽപ്പര്യപ്രകാരം നിയമിച്ച വിസി തന്നെ ഗവർണർ ആവശ്യപ്പെട്ട പ്രകാരം സേർച്ച് കമ്മിറ്റിപ്രതിനിധിയെ തെരഞ്ഞെടുക്കേണ്ട അജണ്ട സിപിഎം അംഗങ്ങളുടെ നിർബന്ധത്തിന് വഴങ്ങി പിൻവലിച്ചത് ദൗർഭാഗ്യകരമാണെന്ന്
സെനറ്റേഴ്‌സ് ഫാറം കൺവീനർ ഡോ: ഷിനോ പി. ജോസ് പറഞ്ഞു. ആക്റ്റും സ്റ്റാറ്റ്യൂട്ടും കൃത്യമായി പഠിക്കാതെ റൂളിംഗ് നടത്തിയ വൈസ് ചാൻസലറുടെ ഭാഗത്ത് വലിയ വീഴ്ചയാണ് സംഭവിച്ചത് …സ്റ്റാറ്റ്യൂട്ട് പഠിക്കാതെ പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിയപ്പോൾ യുഡിഎഫ് അംഗങ്ങൾ നിയമപ്രശ്നം കൃത്യമായി ചൂണ്ടിക്കാണിച്ചതിനാൽ ആണ് സെനറ്റ് അംഗത്തിന് പ്രമേയം പിൻവലിക്കേണ്ടതായി വന്നത് . കേരളയിൽ സേർച്ച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കാൻ വിളിച്ചു ചേർത്ത യോഗം മന്ത്രി ഡോ: ബിന്ദു തന്നെ അധ്യക്ഷം വഹിച്ച് സമാന പ്രമേയം അംഗീകരിച്ചത് വലിയ വിവാദ മായിരുന്നു.
യൂണിവേഴ്സിറ്റി സെനറ്റ് പ്രതിനിധി കൂടാതെ ഗവർണർ രൂപീകരിച്ച സേർച്ച് കമ്മിറ്റി ഘടനയെ കോടതിയിൽ ചോദ്യം ചെയ്യുന്നവർ തന്നെ പ്രതിനിധി തെരഞ്ഞെടുപ്പ് തടസപ്പെടുത്തുന്നത് വിരോധാഭാസമാണെന്നും ഷിനോ പറഞ്ഞു.