17/7/23
തിരുവനന്തപുരം :പിതൃ സ്മരണയിൽ ലക്ഷങ്ങൾ ബലി തർപ്പണം നടത്തി.കേരളത്തില്‍ ബലിതര്‍പ്പണത്തിന് പേരുകേട്ട വയനാട്ടിലെ തിരുനെല്ലി ക്ഷേത്രം, മലപ്പുറത്തെ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, ആലുവ ശിവക്ഷേത്രത്തോട് ചേര്‍ന്നുള്ള മണപ്പുറം, തലസ്ഥാനജില്ലയിലെ തിരുവല്ലം പരശുരാമ ക്ഷേത്രം, അരുവിപ്പുറം ശിവക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം എന്നിവിടങ്ങളില്‍ ജനങ്ങള്‍ ഒഴുകിയെത്തി.
വര്‍ക്കല പാപനാശം കടപ്പുറത്ത് ഇന്നലെ രാത്രി 10.40 മുതല്‍ തന്നെ ആളുകള്‍ ബലിതര്‍പ്പണം നടത്തിത്തുടങ്ങി. തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തില്‍ പുലര്‍ച്ചെ 2.30 മുതലും വയനാട് തിരുനെല്ലി ക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്നു മുതലും ചടങ്ങുകള്‍ ആരംഭിച്ചു. ആലുവ മണപ്പുറത്ത് രാവിലെ നാലിനാണ് ചടങ്ങുകള്‍ തുടങ്ങിയത്. ആലുവ അദ്വൈതാശ്രമത്തില്‍ പുലര്‍ച്ചെ നാലരയോടെ ബലിതര്‍പ്പണം തുടങ്ങി. തിരുനാവായ മണപ്പുറത്ത് പുലര്‍ച്ചെ രണ്ടിന് ചടങ്ങുകള്‍ ആരംഭിച്ചു.
ജ്യോതിഷ പ്രകാരം കര്‍ക്കടകം ഒന്ന് ആരംഭിക്കുന്നത് തിങ്കളാഴ്‌ച പുലര്‍ച്ചെ അഞ്ചിനാണ്. ഉദയസമയം ആറും. കറുത്തവാവ് ഇന്നലെ രാത്രി 10.10ന് ആരംഭിച്ച് ഇന്ന് രാത്രി 12വരെ നീണ്ടു നില്‍ക്കും. സുര്യൻ ഉച്ചസ്ഥായിയില്‍ എത്തുന്നതിനു മുമ്ബ് ബലി തര്‍പ്പണം നടത്തുന്നത് ഉത്തമം ആയതിനാല്‍ ഉച്ചയ്ക്കു മുൻപ് ചടങ്ങുകള്‍ തീരുന്ന വിധത്തിലുള്ള ക്രമീകരണമാണ് സംസ്ഥാനത്താകെ ഒരുക്കിയിട്ടുള്ളത്.
പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളിലെല്ലാം കെ.എസ്.ആര്‍.ടി.സി പ്രത്യേക ബസ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. തിരുനെല്ലിയില്‍ ബലി തര്‍പ്പണത്തിനെത്തുന്നവര്‍ക്ക് 21 കിലോമീറ്റര്‍ അകലെയുള്ള കാട്ടിക്കുളത്തു നിന്ന് കെ.എസ്.ആര്‍.ടി.സി സര്‍ക്കുലര്‍ സര്‍വീസ് ആരംഭിച്ചു. കാട്ടിക്കുളത്തു നിന്ന് തിരുനെല്ലിയിലേക്ക് സ്വകാര്യവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കര്‍ക്കടകവാവ് ബലിതര്‍പ്പണം നടത്തുന്നത് മൂന്നു തലമുറയില്‍പെട്ട പിതൃക്കള്‍ക്കാണെന്നാണ് വിശ്വാസം. ബലിതര്‍പ്പണം നടത്തേണ്ടവര്‍ ഇന്നലെ ഒരുനേരം മാത്രം നെല്ലരി ആഹാരം കഴിച്ച് ഒരിക്കല്‍ വ്രതമെടുത്തശേഷമാണ് ഇന്ന് തര്‍പ്പണം നടത്തുക.