20/5/23
ബംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. കണ്ഠീരവ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും ഉള്‍പ്പെടെ പത്തംഗ മന്ത്രിസഭയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിംഗ് സുഖു, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, തെന്നിന്ത്യന്‍ താരം കമല്‍ ഹാസന്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞയ്ക്കെത്തി.
അതിനിടെ, എട്ട് എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം അനുവദിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉത്തരവിറക്കി. ജി പരമേശ്വര, കെ എച്ച് മുനിയപ്പ, മലയാളിയായ കെ ജെ ജോര്‍ജ്, എം ബി പാട്ടീല്‍, വടക്കന്‍ കര്‍ണാടകയിലെ ശക്തനായ നേതാവ് സതീഷ് ജാര്‍ക്കിഹോളി, മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെ, രാമലിംഗ റെഡ്ഡി, ബി സെഡ് സമീര്‍ അഹമ്മദ് ഖാന്‍ എന്നിവര്‍ക്കാണ് മന്ത്രിസ്ഥാനം നല്‍കിയതെന്നാണ് കോണ്‍ഗ്രസ് പത്രക്കുറിപ്പിലൂടെ അറിയിച്ചത്.