8/4/23
ഡൽഹി :രണ്ടാം ക്ലാസ്സ് വരെ എഴുത്തു പരീക്ഷ വേണ്ടെന്ന്ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ രൂപരേഖ.കര്‍ശനമായ പരീക്ഷകള്‍ രണ്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ചേര്‍ന്ന മൂല്യനിര്‍ണയ ഉപകരണമല്ല. അത് കുട്ടികള്‍ക്ക് അധികഭാരമാകും. അതിനാല്‍ രണ്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നടത്തരുതെന്നാണ് കരട് രൂപരേഖയിലെ വിശദീകരണം. ഐ.എസ്.ആര്‍.ഒ. മുന്‍ മേധാവി കെ. കസ്തൂരിരംഗന്‍ അധ്യക്ഷനായ പന്ത്രണ്ടംഗസമിതി തയ്യാറാക്കിയ കരടില്‍ പൊതുജനങ്ങള്‍ക്കും അഭിപ്രായമറിയിക്കാനുള്ള അവസരമുണ്ട്.
കുട്ടികളുടെ നിരീക്ഷണങ്ങള്‍, പഠനത്തിന്റെ ഭാഗമായി അവര്‍ സ്വയം നിര്‍മിച്ച വസ്തുക്കളുടെ വിശകലനം എന്നിവ മാത്രമാണ് രണ്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് അനുയോജ്യമായ മൂല്യനിര്‍ണയ രീതികളെന്ന് കരടില്‍ പറയുന്നു. പഠനത്തിലുള്ള കുട്ടികളുടെ വൈവിധ്യം അധ്യാപകര്‍ അംഗീകരിക്കണം.
ഒരേ വിഷയം വ്യത്യസ്ത വിദ്യാര്‍ഥികള്‍ വിവിധതരത്തില്‍ പഠിക്കുകയും വ്യത്യസ്തമായി പ്രകടിപ്പിക്കുകയും ചെയ്യും. അതിനാല്‍ കുട്ടികള്‍ വ്യത്യസ്ത രീതിയില്‍ ഒരേ വിഷയം പ്രകടിപ്പിക്കുമ്ബോള്‍ അത് മൂല്യനിര്‍ണയം നടത്തി വിലയിരുത്താനുള്ള കഴിവ് അധ്യാപകന് വേണം.
കുട്ടികളുടെ പ്രകടനം സംബന്ധിച്ച് തെളിവുകള്‍ അധ്യാപകര്‍ ശേഖരിച്ച് പുരോഗതി വിലയിരുത്താനുള്ള രേഖയായി സൂക്ഷിക്കണം. കുട്ടിക്ക് അധിക ഭാരം ഉണ്ടാക്കുന്ന മൂല്യനിര്‍ണയം ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്നും കരടില്‍ പറയുന്നു.
മൂന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ കുട്ടികളുടെ മൂല്യനിര്‍ണയത്തിനായി പരീക്ഷയ്ക്കൊപ്പം അവര്‍ ചെയ്ത പാഠ്യപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി പോര്‍ട്ട്ഫോളിയോകള്‍ സൂക്ഷിക്കാം. കുട്ടിയുടെ പഠനനിലവാരം സംബന്ധിച്ച് മാതാപിതാക്കള്‍ക്ക് നല്‍കാന്‍ വിശ്വസനീയമായ രേഖയായി പോര്‍ട്ട്ഫോളിയോ പ്രവര്‍ത്തിക്കും.
ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ കുട്ടികളുടെ പഠനനിലവാരം വിലയിരുത്താന്‍ പോര്‍ട്ട്ഫോളിയോകള്‍ക്കൊപ്പം പ്രോജക്ടുകള്‍, സംവാദങ്ങള്‍, അവതരണങ്ങള്‍, പരീക്ഷണങ്ങള്‍, അന്വേഷണങ്ങള്‍, റോള്‍പ്ലേകള്‍ തുടങ്ങിയ മൂല്യനിര്‍ണയ വിദ്യകളും ഉപയോഗിക്കണം. ടേര്‍മിനല്‍ പരീക്ഷകള്‍, യൂണിറ്റ് പരീക്ഷകള്‍ എന്നിങ്ങനെ പതിവ് പരീക്ഷകളും നടത്താമെന്നും കരടില്‍ പറയുന്നു.