22/5/23
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്‌ത്യന്‍ കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ നേതാവ് ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ പ്രിന്‍സിപ്പലായിരുന്ന ജി ജെ ഷൈജുവിനെ സസ്‌പെന്‍ഡ് ചെയ്‌തു.
കോളേജ് മാനേജ്‌മെന്റിന്റേതാണ് നടപടി. ഡോ. എന്‍ കെ നിഷാദാണ് പുതിയ പ്രിന്‍സിപ്പല്‍. ആള്‍മാറാട്ടത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോളേജ് മാനേജ്‌മെന്റ് മൂന്നംഗ കമ്മിഷനെ നിയോഗിച്ചിരുന്നു.
ഷൈജുവിനെ സിന്‍ഡിക്കേറ്റിന്റെ തീരുമാന പ്രകാരം സ്ഥാനത്തു നിന്ന് നീക്കി സര്‍വകലാശാല ഇന്നലെ ഉത്തരവിറക്കിയിരുന്നു. അഞ്ചു വര്‍ഷത്തേക്ക് സര്‍വകലാശാലയുമായി ബന്ധപ്പെട്ട പരീക്ഷ ഉള്‍പ്പെടെയുള്ള ചുമതലകളില്‍ നിന്ന് മാറ്റി നിറുത്തും. സര്‍വകലാശാലാ യൂണിയന്‍ ഭാരവാഹി തിരഞ്ഞെടുപ്പ് മാറ്റിവച്ചതിന്റെ പേരിലുള്ള അധികച്ചെലവും ഈടാക്കും. ഇത് അദ്ധ്യാപകന്‍ നല്‍കിയില്ലെങ്കില്‍ കോളേജ് നല്‍കണം.
ഷൈജുവിനെ ഒന്നാം പ്രതിയാക്കി പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. ആള്‍മാറാട്ടത്തിന് കൂട്ടു നിന്നതിനാണ് പ്രിന്‍സിപ്പലിനെതിരെ കേസ്. ആള്‍മാറാട്ടം നടത്തിയ എസ് എഫ് ഐ കാട്ടാക്കട ഏരിയ മുന്‍ സെക്രട്ടറി വൈശാഖാണ് കേസിലെ രണ്ടാം പ്രതി. ആള്‍മാറാട്ടം,വിശ്വാസ വഞ്ചന,ഗൂഢാലോചന,വ്യാജരേഖ ചമയ്‌ക്കല്‍ എന്നിവയില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന, ജില്ലാ പൊലീസ് മേധാവികള്‍ക്കും കാട്ടാക്കട പൊലീസിനും സര്‍വകലാശാലാ രജിസ്ട്രാര്‍ പരാതി നല്‍കിയിരുന്നു. ആള്‍മാറാട്ടം സംബന്ധിച്ച രേഖകള്‍ സഹിതമായിരുന്നു പരാതി. തുടര്‍ന്നാണ് കാട്ടാക്കട പൊലീസ് കേസെടുത്തത്.
എം എല്‍ എമാര്‍ക്ക് പരസ്യപ്രതികരണത്തിന് വിലക്ക്
എസ് എഫ് ഐ ആള്‍മാറാട്ടത്തില്‍ എം എല്‍ എമാരായ ഐ ബി സതീഷിനും ജി സ്റ്റിഫനും പരസ്യപ്രതികരണത്തിന് പാര്‍ട്ടി വിലക്കേര്‍പ്പെടുത്തി. സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഇരുവരും പാര്‍ട്ടിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനുപിന്നാലെ പാര്‍ട്ടി അന്വേഷണ കമ്മീഷനെ വച്ചിരുന്നു. ആ സാഹചര്യത്തിലാണ് വിലക്കേര്‍പ്പെടുത്തിയത്.