തിരുവനന്തപുരം :കഴക്കൂട്ടത്തു നിന്നും കാണാതായ 13കാരി തസ്‌മിദ് തംസു കന്യാകുമാരിയില്ലെന്ന് സൂചന. രാവിലെ 5.30ന് കന്യാകുമാരി ബീച്ച് ഭാഗത്ത് ഇറങ്ങിയതായി ഓട്ടോ ഡ്രൈവർ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് തിരച്ചിൽ ഊർജിതമാക്കി.
ഇന്നലെ കന്യാകുമാരി തീവണ്ടിയിൽ കുട്ടി കയറി എന്ന നിർണായക വിവരം നൽകിയത് സഹയാത്രികയായ ബബിത പകർത്തിയ ചിത്രമാണ്. കുട്ടി പാറശ്ശാല വരെ ഉണ്ടായിരുന്നതായി ബബിതയുടെ കൂട്ടുകാരികളും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തിരച്ചിൽ കന്യാകുമാരിയിലേക്ക് വ്യാപിച്ചത്.
കഴക്കൂട്ടം സെന്റ് ആന്റണീസ് സ്‌കൂളിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന അൻവർ ഹുസൈനിന്റെ മൂത്തമകള്‍ തസ്‌മിൻ ബീഗത്തെയാണ് (13)കാണാതായത്. സഹോദരങ്ങളുമായി വഴക്കിട്ടപ്പോള്‍ അമ്മ ശകാരിച്ചതില്‍ മനംനൊന്ത് വീടുവിട്ടിറങ്ങുകയായിരുന്നു.
വനിത പൊലീസ് ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘമാണ് തമിഴ്‌നാട്ടിലേയ്ക്ക് പുറപ്പെട്ടിരിക്കുന്നത്. പെണ്‍കുട്ടി ബംഗളൂരു- കന്യാകുമാരി എക്‌സ്‌പ്രസില്‍ യാത്ര ചെയ്തുവെന്നും പാറശാലവരെ കുട്ടി ട്രെയിനില്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ട്രെയിനില്‍വച്ച് കുട്ടി കരയുന്നത് കണ്ടാണ് ചിത്രം പകർത്തിയതെന്ന് യാത്രക്കാരിയായ ബബിത പറയുന്നു. ഫോട്ടോ തിരിച്ചറിഞ്ഞാണ് കുട്ടി കന്യാകുമാരിയിലേയ്ക്ക് പോയിരിക്കാമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.
തമ്ബാനൂരില്‍ നിന്നാണ് കുട്ടി ട്രെയിനില്‍ കയറിയതെന്ന് ബബിത പറയുന്നു. ‘നെയ്യാറ്റിൻകരയില്‍ വച്ചാണ് ഫോട്ടോയെടുത്തത്. കുട്ടി കരയുന്നത് കണ്ടാണ് ചിത്രം പകർത്തിയത്. തങ്ങള്‍ ശ്രദ്ധിക്കുന്നതുകണ്ട് കുട്ടി കരച്ചില്‍ നിർത്തി. കുട്ടി ധൈര്യത്തോടെയായിരുന്നു ഇരുന്നത്. വീട്ടില്‍ ധരിക്കുന്ന തരത്തിലെ വസ്ത്രങ്ങളാണ് കുട്ടി ധരിച്ചിരുന്നത്. ഇതും സംശയത്തിനിടയാക്കി. വീട്ടില്‍ നിന്ന് പിണങ്ങി വന്നതായിരിക്കുമോയെന്ന് സംശയിച്ചിരുന്നു. എന്നാല്‍ കുട്ടിയുമായി സംസാരിക്കാൻ കഴിഞ്ഞില്ല.
ഞങ്ങളുടെ മുഖത്തേക്ക് പോലും കുട്ടി നോക്കിയില്ല. കൂടെയുണ്ടായിരുന്ന സുഹൃത്തായ യാത്രക്കാരിയാണ് കുട്ടി തമ്ബാനൂരില്‍ നിന്നാണ് കയറിയതെന്ന് പറഞ്ഞത്. ഉച്ചരയ്ക്ക് ഒന്നരയോടെയാണ് ചിത്രം പകർത്തിയത്. കുട്ടിയുടെ ബാഗില്‍ നിറയെ പൊടിയുണ്ടായിരുന്നു. എവിടെയെങ്കിലും വീണതാകാമെന്ന് തോന്നുന്നു. ഞാൻ നെയ്യാറ്റിൻകര ഇറങ്ങി. രാത്രി നല്ല കാറ്റായിരുന്നതിനാല്‍ പുലർച്ചെ എഴുന്നേറ്റു. തുടർന്ന് ഫോണില്‍ ന്യൂസ് കണ്ടപ്പോഴാണ് കാണാതായ കുട്ടിയുടെ ചിത്രമാണ് താൻ പകർത്തിയതെന്ന് മനസിലാക്കുന്നത്. തുടർന്ന് പുലർച്ചെ നാല് മണിയോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ട്രെയിനിലുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കള്‍ പാറശാലയിലാണ് ഇറങ്ങിയത്. കുട്ടി അവിടെവരെയും ട്രെയിനില്‍ ഉണ്ടായിരുന്നുവെന്ന് അവർ പറഞ്ഞു. കുട്ടിയുടെ കൈയില്‍ 40 രൂപയും ഒരു ടിക്കറ്റുമാണ് ഉണ്ടായിരുന്നത്’- ബബിത വ്യക്തമാക്കി.
ഇന്നലെ രാവിലെ 10.15ഓടെയായിരുന്നു സംഭവം. കുട്ടിയുടെ പിതാവ് ഹുസൈനും മാതാവും മൂന്നു പെണ്‍മക്കളുമാണ് വീട്ടിലുള്ളത്. രാവിലെ തസ്‌മിൻ ആറും ഒമ്ബതും വയസുള്ള സഹോദരിമാർക്കൊപ്പം വഴക്കിട്ടിരുന്നു. തുടർന്ന് അമ്മ ശകാരിച്ചതില്‍ മനംനൊന്ത് തസ്‌മിൻ വസ്‌ത്രങ്ങളുമെടുത്ത് വീടുവിട്ടുപോവുകയായിരുന്നെന്ന് അൻവർ ഹുസൈൻ കഴക്കൂട്ടം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഹുസൈനും ഭാര്യയും സമീപത്തുള്ള സ്കൂളിലെ ജോലിക്കാരാണ്. ഒരുമാസം മുമ്ബാണ് കുടുംബം ജോലി അന്വേഷിച്ച് തിരുവനന്തപുരത്തെത്തിയത്.
മാതാപിതാക്കള്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോഴാണ് തസ്‌മിനെ കാണാനില്ലെന്ന് മനസിലായത്. സഹോദരിമാരോട് തിരക്കിയപ്പോള്‍ ബാഗില്‍ തുണികളുമായി പോകുന്നത് കണ്ടുവെന്നാണ് പറഞ്ഞത്. തസ്‌മീൻ കണിയാപുരം മുസ്ളിം ഗേള്‍സ് ഹൈസ്‌കൂളില്‍ ഏഴാം ക്ളാസില്‍ പ്രവേശനം നേടിയെങ്കിലും ഇതുവരെയും പഠിക്കാനെത്തിയിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതർ പറഞ്ഞു. തുടക്കത്തില്‍ പ്രദേശത്തെ സി.സി ടിവികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കുട്ടിയുടെ ദൃശ്യങ്ങള്‍ കണ്ടെത്താനായില്ലായിരുന്നു. നിറയെ ഇടവഴികളുള്ള പ്രദേശമായത് അന്വേഷണത്തിന് വെല്ലുവിളിയായി. കുട്ടിക്ക് അസാം ഭാഷ മാത്രമാണ് അറിയുന്നത്.