നാലു വർഷ ബിരുദം: കോളേജ് അധ്യാപകർക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി വക ക്ലാസ്സ്‌ അസംബന്ധ നാടകമെന്നും,മുൻമന്ത്രി കെ.ടി. ജലീൽ സർവ്വകലാശാലകളിൽ നടത്തിയ അദാലത്തുകൾക്ക് സമാനമെന്നും ആക്ഷേപം,ചട്ട വിരുദ്ധ ഉത്തരവ് പിൻവലിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

 

തിരുവനന്തപുരം :നാലുവർഷ ബിരുദ കോഴ്സിനെകുറിച്ച് കോളേജ് അധ്യാപകർക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി നയിക്കുന്ന ഓറിയന്റേഷൻ ക്ലാസ്സ് നൽകാൻ നിർദേശം നൽകി സർക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ സർക്കുലർ വിവാദമാകുന്നു. ഈ മാസം 28 ന് രണ്ടുമുതൽ നാലുമണി വരെ കേരളത്തിലെ മുഴുവൻ യൂണിവേഴ്സിറ്റികളിലെയും കോളേജുകളിലെയും അധ്യാപകരും വകുപ്പ് തലവൻമാരും ഉൾപ്പെടെയുള്ളവർ റെഗുലർ ക്ലാസ്സുകൾ ഒഴിവാക്കി, വിദ്യാർത്ഥികൾക്ക് അവധി നൽകി, മന്ത്രിയുടെ ഓൺലൈൻ ഓറിയേന്റെഷൻ ക്ലാസ്സിൽ പങ്കെടുക്കാനാണ് നിർദ്ദേശം.

ഇത് സംബന്ധിച്ച സർക്കാർ നിർദ്ദേശം കേരള, കാലിക്കറ്റ്‌, എംജി,കണ്ണൂർ, സംസ്കൃത, മലയാളം സർവ്വകലാശാല രജിസ്ട്രാർമാർക്ക് ലഭിച്ചു.

ക്ലാസ്സ്‌ സംബന്ധിച്ച അവലോകന റിപ്പോർട്ട്‌ ബന്ധപ്പെട്ട സർവ്വകലാശാലകൾക്ക് നൽകണമെന്നും സർക്കാരിന്റെ ഉത്തരവിൽ പറയുന്നു.

വിദ്യാഭ്യാസ രംഗത്ത് പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുമ്പോൾ അത് ധൃതി പിടിച്ചു ചെയ്യരുത് എന്നും വരും വരായ്കകൾ നമ്മുടെ പ്രത്യേക സാഹചര്യങ്ങൾ അനുസരിച്ചു പരിശോധിച്ച ശേഷം മാത്രമേ നടപ്പാക്കാവൂ എന്നും മുതിർന്ന അധ്യാപകരും വിദ്യാഭ്യാസ വിചക്ഷണരും പറയുന്നു. നമ്മുടെ വിദ്യാഭ്യാസ രംഗത്തെ അപചയത്തെപറ്റി ഉന്നത വിദ്യാഭ്യാസ കൌൺസിൽ ഉപാധ്യക്ഷൻ ഡോ. രാജൻ ഗുരുക്കൾ തന്നെ രംഗത്ത് വന്നതും ഇത്തരുണത്തിൽ ശ്രദ്ധേയമാണ്.

സർവകലാശാലകളുടെ സ്വയം ഭരണാവകാശത്തെ തെല്ലും മാനിക്കാതെയുള്ള സർക്കാരിന്റെ സർക്കുലർ അധ്യാപകർക്കിടയിൽ വ്യാപക പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.അക്കാദമിക കാര്യങ്ങളിൽ അതാതു സർവകലാശാലകളുടെ അക്കാദമിക സമിതികളാണ് പരമാധികാര സഭ. നാലുവർഷ കോഴ്സ് യാതൊരു മുന്നൊരുക്കങ്ങളും കൂടാതെ സർവകാലശാലകളുടെമേൽ ഏക പക്ഷീയമായി അടിച്ചേൽപ്പിക്കുന്നത് തന്നെ ദൂര വ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. അതിനിടയിൽ, അക്കാദമിക സ്വാതന്ത്ര്യത്തെ മറികടന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് സർവ്വ കലാശാലകൾക്ക് നിർദേശങ്ങൾ നൽകുന്നത് തികച്ചും ചട്ടവിരുദ്ധമാണ്.

സംസ്ഥാനത്തെ സർവമാന കോളേജ് അധ്യാപകരും മന്ത്രിയുടെ ക്ലാസ്സിൽ പങ്കെടുക്കണമെ ന്ന് നിഷ്കർഷിക്ക പ്പെടുമ്പോൾ അതിനർത്ഥം ബിരുദ കോഴ്‌സ് പുനഃ സംഘാടനം യൂണിവേഴ്സിറ്റികളുടെ അക്കാദമിക വിഷയം എന്നതിന് ഉപരി സർക്കാരിന്റെ രാഷ്ട്രീയ പരിഷ്കാരം മാത്രമാണെന്നാണ്.

മന്ത്രിയുടേത് അസംബന്ധനാടക മാണെന്നും, കെ.ടി. ജലീൽ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ സർവകലാശാലകളിൽ മുൻപ് നടത്തിയ നിയമ വിരുദ്ധ അദാലത്തുകൾക്ക് സമാനമാണെന്നും ആക്ഷേപമുണ്ട്.

ബിരുദ കോഴ്‌സുകൾ ഓരോ സർവ്വകലാശാലയ്ക്കും വ്യത്യസ്തമാണ് എന്ന ജനാധിപത്യ സങ്കല്പത്തെ പോലും ഇടതു മുന്നണി സർക്കാർ ഇതിലൂടെ ചോദ്യം ചെയ്യുന്നുവെന്നാണ് അക്കാദമികവിദഗ്ദർ വിമർശിക്കുന്നത്

ഇത്തരത്തിൽ സർവകലാശാലകളുടെ അക്കാദമിക കാര്യങ്ങളിൽ സർക്കാരോ മന്ത്രി മാരോ ഇടപെടരുത് എന്ന കണ്ണൂർ വിസി നിയമനത്തിൽ സുപ്രീം കോടതി ഉൾപ്പടെയുള്ള നീതിന്യായ സ്ഥാപനങ്ങളുടെ മാർഗ്ഗ നിർദേശങ്ങൾ ലംഘിക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുംനിവേദനം നൽകി.

യാതൊരു മുന്നൊരുക്കങ്ങളോ പഠനങ്ങളോ പൂർണ സില ബസ്സോ കൂടാതെ നാലു വർഷ ബിരുദ കോഴ്സ് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തെ കാതങ്ങൾ പിന്നാക്കം പായിക്കുമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *