24/6/22
തിരുവനന്തപുരം :സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചപ്പനിയ്‌ക്കെതിരെ ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പനി ഒരു രോഗമല്ല രോഗലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ട. രോഗിയെ ജാഗ്രതയോടെ പരിചരിക്കുകയാണ് പ്രധാനം. നീണ്ടുനില്‍ക്കുന്ന പനി ഏറെ ശ്രദ്ധിക്കണം. പല പനികളും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുണ്ട്. കൊവിഡ് 19, ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ചിക്കുന്‍ഗുനിയ, ചെള്ളുപനി, എച്ച്1 എന്‍1, ചിക്കന്‍ പോക്‌സ്, സിക, കുരങ്ങുപനി, ജപ്പാന്‍ ജ്വരം, വെസ്റ്റ് നൈല്‍ വൈറസ് എന്നീ അസുഖങ്ങളുടെ ലക്ഷണമായി പനി വന്നേക്കാം. ഡെങ്കിപ്പനിയും എലിപ്പനിയും ഏറെ ശ്രദ്ധിക്കണം. അതിനാല്‍ പനിയെ നിസാരമായി കാണാതെ എത്രയും വേഗം ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു.
പനി യുടെ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുകയും തിരിച്ചറിയുകയും , ചികിത്സിക്കുകയുംചെയ്യണം.സ്വയം ചികിത്സ നടത്തെരുതെന്ന് ഡോകടര്‍മാര്‍ നിര്‍ദേശിക്കുന്നുണ്ട്. സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ദിവസവും കൂടുന്നു. കോവിഡ് കൂടുന്നുണ്ടെങ്കിലും പനി ബാധിതരെ ആശുപത്രികളില്‍ കോവിഡ് ടെസ്റ്റിനു നിര്‍ബന്ധിക്കുന്നില്ല. കോവിഡ് ലക്ഷണങ്ങളോടെ എത്തുന്നവര്‍ക്കു മാത്രമാണ് ടെസ്റ്റ് നടത്തുന്നത്. എന്നാല്‍ കോവിഡ് ലക്ഷണങ്ങള്‍ അവഗണിക്കുന്നവര്‍ ഏറെയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഡെങ്കിപ്പനി, എലിപ്പനി എന്നിവയും സ്ഥിരീകരിക്കുന്നുണ്ട്. സമാന ലക്ഷണങ്ങളാണ് പനി ബാധിച്ച മിക്കവര്‍ക്കും. വിദഗ്ധ പരിശോധനയിലൂടെയേ ഏത് പനിയാണെന്ന് സ്ഥിരീകരിക്കാനാവൂ. സ്വയം ചികിത്സ നടത്തെരുതെന്ന് ഡോകടര്‍മാര്‍ നിര്‍ദേശിക്കുന്നുണ്ട്.
രോഗത്തെ തിരിച്ചറിയാം
ഇപ്പോള്‍ പടരുന്ന പനികള്‍ക്കും കോവിഡിനുമെല്ലാം സമാന ലക്ഷണങ്ങളാണ് കാണുന്നതെന്ന് വിദഗ്ധർ പറയുന്നു. രോഗലക്ഷണങ്ങളുടെ തീവ്രത കണക്കിലെടുത്താണ് രോഗം തിരിച്ചറിയുന്നത്. കോവിഡ് ആണെന്ന് സംശയം തോന്നിയാല്‍ ടെസ്റ്റ് നടത്തി ഉറപ്പാക്കും. അതുപോലെ തന്നെയാണ് മറ്റ് പനികളും.
കോവിഡ്
പനി, തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ചുമ, ശ്വാസംമുട്ടല്‍.
വൈറല്‍ പനി
തൊണ്ടവേദനയോടു കൂടിയ ശക്തമായ പനി. മൂന്നുദിവസംവരെ പനി ഉണ്ടാകാം. ഒപ്പം ശക്തമായ തലവേദന, മൂക്കടപ്പ്, ക്ഷീണം, ചുമ.
ഡെങ്കിപ്പനി
ശരീരവേദന, സന്ധിവേദന, ക്ഷീണം, വിറയല്‍, ശക്തമായ തലവേദന
എലിപ്പനി
ശക്തമായ വിറയല്‍, പനി, തളര്‍ച്ച, കുളിര്, ശരീരവേദന, ഛര്‍ദി, മനംപുരട്ടല്‍, കണ്ണിന് ചുവപ്പ്, വെളിച്ചത്ത് നോക്കാന്‍ പ്രയാസം, കണങ്കാലില്‍ വേദന
എച്ച്1എന്‍1
പനി, ശരീരവേദന, ഛര്‍ദി, തൊണ്ടവേദന, വിറയല്‍, ക്ഷീണം
മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കോവിഡില്‍നിന്നു മാത്രമല്ല, വൈറല്‍ പനിയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളില്‍നിന്നും രക്ഷനേടാന്‍ ഉപകരിക്കും. പനി ഉണ്ടെന്നുതോന്നിയാല്‍ ഡോക്ടറുടെ സഹായം തേടണം.
വ്യക്തി ശുചിത്വം പാലിക്കുന്നതും പ്രധാനം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം. കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം