4/8/22
തിരുവനന്തപുരം :ആശങ്കയായി ചാലക്കുടിപുഴ. അടുത്ത ഒരുമണിക്കൂറിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ജലനിരപ്പ് 10cm വരെ ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത നിർദേശം നൽകി.
2018ല്‍ വെള്ളം കയറിയ ഇടങ്ങളില്‍ ഉള്ളവരെ ഉടന്‍ ക്യാംപിലേക്ക് മാറ്റാന്‍ നടപടി തുടങ്ങി. ചാലക്കുടി പുഴക്കരയിലുള്ളവര്‍ അടിയന്തരമായി മാറിത്താമസിക്കണം.പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ നാലാമത്തെ സ്ലൂയിസ് ഗേറ്റ് കൂടി തുറന്നു. തമിഴ്‌നാട്ടിലെ പറമ്പിക്കുളം, തുണക്കടവ് ഡാമുകളില്‍ നിന്നുള്ള വെള്ളത്തിന്റെ അളവ് 16050 ക്യുസെക്‌സ് ആയി ഉയരുകയും വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണിത്. ചാലക്കുടി പുഴയിലെ ജല നിരപ്പ് അപകട നിലയിലേക്ക് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവര്‍ ഏറ്റവും അടുത്തുള്ള ക്യാമ്പുകളിലേക്ക് അടിയന്തരമായി മാറിത്താമസിക്കണമെന്ന് അധികൃതര്‍ അറിയിപ്പ് നല്‍കി.
അതേസമയം, സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ അതിതീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ പ്രവചനം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടാണ്. കേരളത്തിന് മുകളില്‍ അന്തരീക്ഷചുഴിയും മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നതാണ് മഴ തുടരുന്നതിന് കാരണം.
അതേസമയം അടിയന്തിര ഘട്ടങ്ങളിലേക്കായി എല്ലാ ഒരുക്കങ്ങളും സജ്ജമാണെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.സുരക്ഷ നിർദേശങ്ങൾ നൽകിയതായി ജില്ലാ കളക്ടർ ഹരിത വി കുമാർ അറിയിച്ചു.