6/4/23
തിരുവനന്തപുരം :ജയിലിൽ മതപഠനം നിരോധിച്ച ഉത്തരവ് മരവിപ്പിച്ച് ജയിൽ വകുപ്പ്.കര്‍ദ്ദിനാള്‍ ക്ലിമിസ് കാത്തോലിക്ക ബാവ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് തിരുത്തിയത്. വിശുദ്ധ വാരത്തില്‍ വന്ന നിയന്ത്രണം പിന്‍വലിക്കണം എന്ന് കര്‍ദ്ദിനാള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ജയില്‍ വകുപ്പ് തീരുമാനം പിന്‍വലിച്ചതോടെ വെള്ളിയാഴ്ച്ച നടത്താന്‍ ഇരുന്ന പ്രതിഷേധ പരിപാടി മാറ്റി എന്ന് ക്രൈസ്തവ സഭാ കൂട്ടായ്മ ആക്‌ട്സ് വ്യക്തമാക്കി.
സംസ്ഥാനത്തെ ജയിലുകളില്‍ മത സംഘടനകള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നു. തടവുപുള്ളികള്‍ക്ക് ആധ്യാത്മിക ക്ലാസുകള്‍ നല്‍കിയിരുന്നു. ഇനി ഇത്തരം സംഘടനകള്‍ക്ക് പ്രവേശനം നല്‍കേണ്ടെന്നായിരുന്നു ജയില്‍ മേധാവിയുടെ ഉത്തരവ്. ഇതിന് പിന്നില്‍ ചില കാരണങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം പക്ഷെ എന്താണ് കാരണമെന്ന് വ്യക്തമാക്കിയിരുന്നില്ല. സംഭവം വാര്‍ത്തയായതിന് പിന്നാലെ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി ജയില്‍ മേധാവി തന്നെ രംഗത്ത് വന്നു. ആധ്യത്മിക ക്ലാസുകള്‍ പൂര്‍ണമായും നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും ആദ്യാത്മിക ക്ലാസുകള്‍ക്കൊപ്പം മോട്ടിവേഷന്‍ ക്ലാസുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. കല, കായിക, സാംസ്കാരിക, മാധ്യമ രംഗങ്ങളില്‍ നിന്നുള്ള കൂടുതല്‍ പേരെ പാനലില്‍ ഉള്‍ക്കൊള്ളിക്കണം എന്ന് ജയില്‍ സൂപ്രണ്ടുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വര്‍ഷങ്ങളായി ഒരേ രൂപത്തില്‍ നടക്കുന്ന കാര്യത്തില്‍ മാറ്റം വരുത്താനാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം പറയുന്നു.