ചീഫ് ജസ്റ്റിസ് ചാൻസിലറായ നിയമ സർവ്വകലാശാലയിൽ നിയമം ലംഘിച്ച് വിസി നിയമനം1 min read

2/2/23

തിരുവനന്തപുരം :നിയമം സംരക്ഷിക്കാൻ ബാധ്യതപ്പെട്ട കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചാൻസലറായ കൊച്ചിയിലെ നിയമ സർവ്വകലാശാലയിൽ യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായി താൽക്കാലിക വിസിയെ നിയമിച്ചതായി പരാതി. റിട്ടയേഡ് ജസ്റ്റിസ് എസ്. സിരി ജഗനാണ് വൈസ് ചാൻസറുടെ ചുമതലകൾ നൽകിയിരിക്കുന്നത്.

വൈസ്ചാൻസറായിരുന്ന ഡോ: കെ.സി.സണ്ണിയുടെ കാലാവധി ജനുവരി 23ന് അവസാനിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലാണ് ജ:സിരിജഗന് വൈസ്ചാൻസലറുടെ താൽക്കാലിക ചുമതല നൽകിയത്.

സർവകലാശാല നിയമത്തിലെ ഇരുപത്തിയേഴാം വകുപ്പ് പ്രകാരം താൽക്കാലിക വൈസ്ചാൻസലറെ നിയമിക്കുവാനുള്ള അധികാരം സർവ്വകലാശാല എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ്.

പുതിയ വിസി യെ കണ്ടെത്തുന്നതിനുള്ള സെർച്ച് കമ്മിറ്റിയിൽ യുജിസിയുടെയും, കേരള ബാർ കൗൺസിലിന്റെയും പ്രതിനിധികളെ കൂടാതെ സർക്കാരിൻറെ പ്രതിനിധിയും ഉൾപ്പെടുന്നു. കമ്മിറ്റിയിലേയ്ക്കുള്ള സർക്കാരിന്റെ പ്രതിനിധിയെ ആവശ്യപ്പെട്ടുവെങ്കിലും മലയാളം സർവ്വകലാശാലയിലേതുപോലെ സെർച്ച് കമ്മിറ്റി സർക്കാർ നേരിട്ട് രൂപീകരിക്കുവാനുള്ള നീക്കമായതു കൊണ്ട് സർക്കാർ നോമിനിയുടെ പേര് ചാൻസലർ കൂടിയായ ചീഫ് ജസ്റ്റിസിന് സർക്കാർ കൈമാറിയിട്ടില്ല.

പത്തുവർഷത്തെ അധ്യാപന പരിചയമുള്ള പ്രൊഫസറെ മാത്രമേ വിസി യായി നിയമിക്കുവാൻ പാടുള്ളൂവെന്ന യുജിസി നിയമം അവഗണിച്ചാണ് പ്രൊഫസ്സർ അല്ലാത്ത ജസ്റ്റിസിന് വിസി യുടെ ചുമതല നൽകിയിരിക്കുന്നത്.

വിസി യുടെ താത്കാലിക ചുമതല നൽകുന്ന വ്യക്തിക്കും യൂജിസി നിശ്ചയിച്ചിട്ടുള്ള യോഗ്യത നിർബന്ധമാണെന്ന കോടതിവിധി മറികടന്നാണ് ഈ തീരുമാനം. സാങ്കേതിക സർവ്വകലാശാലയിൽ താൽക്കാലിക വിസി നിയമനത്തിന് യൂ ജി സി വ്യവസ്ഥ പ്രകാരമുള്ള യോഗ്യത ഇല്ലാത്തതിനാൽ നിലവിലുണ്ടായിരുന്ന പിവിസിയെ താൽക്കാലിക വൈസ് ചാൻസറായി നിയമിക്കുന്നത് ഗവർണർ തടഞ്ഞിരുന്നു. തുടർന്ന് . ഗവർണറുടെ നിലപാട് ഹൈക്കോടതി ശരിവെച്ചിരുന്നു.കാർഷി സർവ്വകലാശാലയിൽ ഗവണ്മെന്റ് സെക്രട്ടറിക്ക് വിസി യുടെ താൽക്കാലിക ചുമതല നൽകിയതും വിവാദമായിരുന്നു.

കോടതിവിധിയുടെ ലംഘനമാണ് ഇപ്പോൾ ചീഫ് ജസ്റ്റിസ് ചാൻസലറായ നിയമ സർവകലാശാലയിൽ നടന്നിരിക്കുന്നതെന്നും
യുജിസി യോഗ്യതയുള്ള പ്രൊഫസറെ താൽക്കാലിക വിസി യായി നിയമിക്കാൻ സർവ്വകലാശാല എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് നിർദ്ദേശം നക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *