23/1/23
തിരുവനന്തപുരം :നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം.രാവിലെ ഒന്‍പതിനാണ് നയപ്രഖ്യാപനം. പ്രസംഗം ഗവര്‍ണര്‍ അംഗീകരിച്ചു. ബജറ്റ് സമ്മേളനമാണ് ഇത്തവണ നടക്കുന്നത്. 33 ദിവസമാണ് സമ്മേളനമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞു.
ഫെബ്രുവരി മൂന്നിനാണ് ബജറ്റ്. ആറ് മുതല്‍ എട്ട് വരെ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കും. പിന്നീടുള്ള 14 ദിവസം വിവിധ സബ്ജക്‌ട് കമ്മിറ്റികള്‍ ധനാഭ്യര്‍ത്ഥനകളില്‍ സൂക്ഷ്മ പരിശോധന നടത്തും. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 22 വരെ 2023-24 വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കുന്നതിനായി സമ്മേളനം നീക്കിവെച്ചിട്ടുണ്ട്. ബജറ്റിനെക്കുറിച്ചുള്ള രണ്ട് ധനവിനിയോഗ ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കേണ്ടതുണ്ട്. മാര്‍ച്ച് 30-നാണ് നിയമസഭ സമ്മേളനം അവസാനിക്കുന്നത്.
എന്നാല്‍, സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കമില്ലെന്നും ജനങ്ങളെ കബളിപ്പിക്കാനുള്ള വെറും നാടകങ്ങള്‍ മാത്രമാണെന്നുമുള്ള പ്രചാരണമാവും പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തുക. സാമ്പത്തിക ഞെരുക്കത്തിനിടയിലും സര്‍ക്കാര്‍ ഇഷ്ടക്കാരെ ഉയര്‍ന്ന പദവികളില്‍ വന്‍ ശമ്പളം നല്കി നിയമിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും പ്രതിപക്ഷം ആയുധമാക്കും. പ്രഫ. കെ.വി. തോമസിനു കാബിനറ്റ് പദവിയോടെ നിയമനം നല്‍കിയതും സര്‍ക്കാരിനെതിരേയുള്ള ആയുധമാക്കി പ്രതിപക്ഷം മാറ്റും.