12/9/23
കോഴിക്കോട് :നിപ മൂലമെന്ന് സംശയിക്കുന്ന ആദ്യം മരിച്ചയാളുടെ സമ്പർക്ക പട്ടികയില്‍ 158 പേരെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടികയില്‍ 127 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 31 പേര്‍ പ്രദേശവാസികള്‍. ഹെെ റിസ്ക് , ലോ റിസ്ക് എന്നിങ്ങനെ തരംതിരിച്ചതായി മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. രണ്ടാമത് മരിച്ചയാള്‍ക്ക് 100ലേറെ പേരുമായാണ് സമ്പർക്കം .
പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധന ഫലം രാത്രി എട്ടരയോടെ ലഭ്യമാകുമെന്നും കേന്ദ്ര ആരോഗ്യ സംഘം നാളെ കേരളത്തിലെത്തുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം മരണപെട്ട രണ്ട് പേര്‍ക്കും നിപ രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡ്യ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസ്. നിപ സ്ഥിരീകരിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
പൂനെ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിന്റെ പരിശോധനാഫലം കേന്ദ്ര ആരോഗ്യമന്ത്രി അറിഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹം ആദ്യം സംസ്ഥാന ആരോഗ്യമന്ത്രിയുമായി വേണം അശയവിനിമയം നടത്തണം. എന്നിട്ട് വേണം പ്രഖ്യാപനം നടത്താൻ. നിപയാണെങ്കിലും അല്ലെങ്കിലും എല്ലാവിധ ജാഗ്രതയും പ്രതിരോധപ്രവര്‍ത്തനത്തിലും എല്ലാവരേയും യോജിപ്പിച്ച് പോകുക എന്നതാണ് പ്രധാനം. അല്ലാതെ പരിഭ്രാന്തി സൃഷ്ടിച്ച് മുന്നോട്ട് പോകുന്ന രീതിയല്ലല്ലോ വേണ്ടതെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് രണ്ട് മരണവും സംഭവിച്ചത്. ഇവര്‍ക്ക് നിപ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെയാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. ഇവരില്‍ ഒരാളുടെ മൂന്ന് ബന്ധുക്കളും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ ബന്ധുക്കളും ആരോഗ്യപ്രവര്‍ത്തകരും നിരീക്ഷണത്തില്‍ തുടരുകയാണ്. നിപ സംശയം ഉയര്‍ന്നതോടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇന്നലെ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നിരുന്നു.