നിയമസഭ കയ്യാങ്കളി കേസ് ;മന്ത്രി. വി.ശിവൻകുട്ടിഅടക്കമുള്ള പ്രതികൾ ഇന്ന് കോടതിയിൽ ഹാജരാകും1 min read

14/9/22

തിരുവനന്തപുരം :നിയമസഭ കയ്യാങ്കളി കേസിലെ പ്രതികളായ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ അടക്കമുള്ളവർ ഇന്ന് കോടതിയിൽ ഹാജരാകും.കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കേസിന്റെ വിചാരണ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നത്.

ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആര്‍ രേഖയാണ് കേസ് പരിഗണിക്കുന്നത്. മന്ത്രി വി ശിവന്‍കുട്ടിക്കും ഇ പി ജയരാജനും പുറമേ കെ ടി ജലീല്‍, മുന്‍ എംഎല്‍എമാരായ കെ അജിത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 2015 മാര്‍ച്ച്‌ 13ന് അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണത്തിനിടെയായിരുന്നു കേസിനാസ്പദമായ നാശനഷ്ടങ്ങളുണ്ടായത്. 2.20 ലക്ഷം രൂപയുടെ പൊതുസ്വത്ത് നശിപ്പിച്ചെന്നാണ് കേസ്. അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന പൊതുമുതല്‍ നശിപ്പിക്കല്‍, അതിക്രമിച്ച്‌ കയറല്‍, നാശനഷ്ടങ്ങള്‍ വരുത്തല്‍ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഹര്‍ജിയില്‍ ഈ മാസം 26 ന് കോടതി വിശദമായ വാദം കേള്‍ക്കും.

കേസില്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുളള പ്രതികളുടെ ആവശ്യം കോടതി തളളിയിരുന്നു. ഹൈക്കോടതിയിലെ വിടുതല്‍ ഹര്‍ജിയില്‍ വിധി വരുന്നത് വരെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ശിവന്‍കുട്ടി അടക്കമുള്ളവര്‍ വാദിച്ചത്. കുറ്റപത്രം വായിക്കുന്നത് നീട്ടിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് കേസില്‍നിന്ന് ഒഴിവാകാന്‍ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *