201/23
തിരുവനന്തപുരം :തലസ്ഥാനത്ത് മൂന്ന് പൊലീസുകാരെ സേനയില്‍ നിന്ന് പിരിച്ചുവിട്ടു. ഇന്‍സ്പെക്ടര്‍ അഭിലാഷ് ഡേവിഡ്, ഡ്രൈവര്‍ ഷെറി എസ് രാജ്, സിപിഒ റെജി ഡേവിഡ് എന്നിവര്‍ക്കെതിരെയാണ് നടപടി.സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജുവാണ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
പുറത്താക്കപ്പെട്ട എസ്.എച്ച്.ഒ അഭിലാഷ് റെയില്‍വേ പൊലീസില്‍ ജോലി ചെയ്യുന്നതിനിടെ ഗുണ്ടാബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലാണ്. പീഡനക്കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് ഇയാള്‍ നിലവില്‍ അന്വേഷണം നേരിടുന്നുണ്ട്.
പീഡനക്കേസില്‍ പ്രതിയായതോടെയാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ റെജി ഡേവിഡിനെ പുറത്താക്കിയത്. അരുവിക്കര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡനക്കേസിലും വയോധികയെ മര്‍ദിച്ച കേസിലും ഉള്‍പ്പെട്ടതിലാണ് നടപടി. മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് ഷെറിയെ പിരിച്ചു വിട്ടത്. അച്ചടക്ക നടപടിയുടെ ഭാഗമായി മൂന്ന് പേരില്‍ നിന്നും കമ്മീഷണര്‍ വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കര്‍ശന നടപടിയിലേക്ക് കമ്മീഷണര്‍ കടന്നത്.
തിരുവനന്തപുരം നഗരത്തിലെ ഗുണ്ടകളുമായി അടുത്ത ബന്ധം പുലര്‍ത്തിയ പേട്ട എസ്.എച്ച്.ഒ ഇന്‍സ്പെക്ടര്‍ റിയാസ് രാജ, മംഗലാപുരം എസ്.എച്ച്.ഒ ഇന്‍സ്പെക്ടര്‍ എച്ച്.എല്‍ സജീഷ്, റെയില്‍വേ ഹെഡ്ക്വാര്‍ട്ടേഴ്സ് സി.ഐ അഭിലാഷ് ഡേവിഡ്, തിരുവല്ലം എസ്.ഐ കെ.ആര്‍ സതീഷ് എന്നിവരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.