തിരുവനന്തപുരം :സർവ്വീസിലിരിക്കെ അകാലത്തിൽ വിട്ടുപിരിഞ്ഞ ഇൻഡ്യാ റിസർവ്വ് ബറ്റാലിയനിലെ പോലീസുദ്യോഗസ്ഥനായിരുന്ന റാസിയുടെ കുടുംബത്തിന് കേരളാ പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ അപകട ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള 20 ലക്ഷം രൂപയുടെ ചെക്ക് നവംബർ 20ന് വൈകിട്ട് 05:30 മണിയ്ക്ക് തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പുലിപ്പാറയിലെ റാസിയുടെ ഭവനമായ ആർ.എൻ വില്ലയിൽ വച്ച് ബഹു: സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ക്ക് ദർവേഷ് സാഹെബ് IPS റാസിയുടെ കുടുംബത്തിന് കൈമാറി. ബഹു. സംസ്ഥാന ഇന്റലിജൻസ് മേധാവിയും കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റുമായ ശ്രീ മനോജ് എബ്രഹാം IPS, ബഹു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി.കിരൺ നാരായൺ IPS, ബഹു. IR ബറ്റാലിയൻ കമാണ്ടന്റ് ശ്രീമതി.ഐശ്വര്യ ഡോംഗ്രേ IPS എന്നിവർക്കൊപ്പം പോലീസ് സംഘടനകളുടെ സംസ്ഥാന-ജില്ലാ ഭാരവാഹികളും, സംഘം ഭരണസമിതി അംഗങ്ങളും സഹപ്രവർത്തകരും റാസിയുടെ വസതിയിൽ എത്തി ചടങ്ങിന് സാക്ഷ്യം വഹിച്ചു.
സംഘത്തിൽ അംഗമായിരിക്കെ മരണപ്പെടുന്ന അംഗങ്ങളുടെ കുടുംബത്തെ സഹായിക്കാൻ കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം നടപ്പിലാക്കി വരുന്ന CPAS പദ്ധതി പ്രകാരമുള്ള 3,67,574/- രൂപ നേരത്തെ തന്നെ കുടുംബത്തിന് കൈമാറിയിരുന്നു. കൂടാതെ സംഘത്തിൽ അംഗമായിരിക്കെ മരണപ്പെടുന്ന അംഗങ്ങളുടെ വായ്പാ ബാക്കി കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ഏറ്റെടുത്ത് കുടബത്തിന് ആശ്വാസം നൽകുന്ന പദ്ധതി പ്രകാരം റാസിയുടെ വായ്പയിൽ ബാക്കി ഉണ്ടായിരുന്ന 11,23,740/- രൂപ സംഘം ഏറ്റെടുക്കുകയും ചെയ്തു.