തിരുവനന്തപുരം :സംസ്ഥാനത്തെ റേഷൻ വാതിൽപ്പടി വിതരണം നടത്തുന്ന ഗതാഗത കരാറുകാരുടെ സമരം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നേതാക്കളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പിൻവലിച്ചു. സപ്ലൈകോ നൽകാനുള്ള കുടിശ്ശിക പൂർണ്ണമായും നൽകണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കഴിഞ്ഞ 24 ദിവസമായി റേഷൻ ഭക്ഷ്യധാന്യ വിതരണത്തിൽ നിന്നും കരാറുകാർ വിട്ടു നിന്നത്. സെപ്റ്റംബർ മാസത്തെ തുകയുടെ 40 ശതമാനവും ഒക്ടോബർ, നവംബർ മാസങ്ങളിലെ തുകയുമാണ് കുടിശ്ശികയായിരുന്നത്. സർക്കാർ സപ്ലൈകോയ്ക്ക് അനുവദിച്ച 50 കോടി രൂപയിൽ നിന്നും സെപ്റ്റംബറിലെയും ഒക്ടോബറിലെയും കുടിശ്ശിക പൂർണ്ണമായും നവംബർ മാസത്തെ 50 ശതമാനം തുകയും നൽകാമെന്ന് ജനുവരി 16 ന് നടത്തിയ ചർച്ചയിൽ മന്ത്രി അറിയിച്ചിരുന്നതാണ്. എന്നാൽ നവംബർ മാസത്തെ കുടിശ്ശികയിൽ 75% തുക നൽകണമെന്നായിരുന്നു കരാറുകാരുടെ ആവശ്യം. ഇക്കാരണത്താൽ കരാറുകാർ സമരം തുടരുകയായിരുന്നു. ഈ സാഹചര്യത്തിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി കരാറുകാരുമായി ഇന്ന് നടത്തിയ ചർച്ചയിൽ സെപ്റ്റംബർ മാസത്തെയും ഒക്ടോബർ മാസത്തെയും മുഴുവൻ തുകയും നവംബർ മാസത്തെ തുകയുടെ 60 ശതമാനവും നൽകാമെന്ന് ധാരണയായതിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്. തിങ്കളാഴ്ച മുതൽ തുക കരാറുകാരുടെ അക്കൗണ്ടിലേക്ക് നൽകുന്നതിന് സപ്ലൈകോ സി.എം.ഡി യ്ക്ക് മന്ത്രി നിർദ്ദേശം നൽകി. ഇന്ന് ഉച്ചയ്ക്ക് ശേഷം വാതിൽപടി വിതരണം പുനരാരംഭിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാമെന്ന് കരാറുകാർ യോഗത്തിൽ ഉറപ്പുനൽകി. ട്രാൻസ്‌പോർട്ട് കരാറുകാരുടെ സംഘടനാനേതാക്കളായ ഫഹദ് ബിൻ ഇസ്മയിൽ, തമ്പി മേട്ടുത്തറ, മുഹമ്മദ് റഫീക്ക്, ജയിംസ് കെ. പി. ജഹാംഗീർ എന്നിവരും സപ്ലൈകോ സി.എം.ഡി പി. ബി. നൂഹ് ഭക്ഷ്യവകുപ്പിലെയും സപ്ലൈകോയിലെയും ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
2025-01-26