ഓണപരീക്ഷ ഓഗസ്റ്റ് 24മുതൽ, ഓണ അവധി സെപ്റ്റംബർ 3മുതൽ 11വരെ1 min read

26/7/22

കോട്ടയം :സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ടേം പരീക്ഷയുടെ (ഓണപരീക്ഷ) തിയതി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ രണ്ടാം തീയതി വരെയാകും ഇക്കുറി ഓണപരീക്ഷ. സെപ്റ്റംബർ 3 മുതൽ 11 വരെയാണ് ഓണം അവധി. ഓണം അവധിക്ക് ശേഷം സെപ്റ്റംബർ 12 ന് സ്കൂളുകൾ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി. പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെയും മാതൃഭാഷാ പോഷക സന്നദ്ധ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമഗ്ര സാക്ഷര പാലാ പ്രോജക്ടിന്റെ ഉദ്ഘാടനം നിർവഹിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പാഠപുസ്തകത്തിൽ ചേർക്കുന്ന മലയാളം അക്ഷരമാല പതിപ്പിന്റെ പ്രകാശനം മന്ത്രി നിർവഹിച്ചു. അക്ഷരമാല ഉൾക്കൊള്ളുന്ന പാഠപുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുകയാണ്. മാതൃഭാഷാ സംരക്ഷണത്തിന് വിവിധ പദ്ധതികൾ സർക്കാർ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. മാതൃഭാഷാ പരിപോഷണത്തിന് കൂടുതൽ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. ചടങ്ങിൽ പാലാരൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷൻ ആയിരുന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം, റവ. ഡോ. തോമസ് മൂലയിൽ, മാണി സി കാപ്പൻ എം എൽ എ, ആന്റോ ജോസ് പടിഞ്ഞാറെക്കര, ഡോ. റ്റി സി. തങ്കച്ചൻ, റവ. ഡോ. സി ബീനാമ്മ മാത്യു തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്ത് പ്ലസ് വൺ ആദ്യ അലോട്മെന്റ് ഓഗസ്റ്റ് മൂന്നിന്, ക്ലാസുകൾ 22 ന് തുടങ്ങും; സമയക്രമം പുതുക്കി
അതേസമയം സംസ്ഥാനത്ത് ഹയർ സെക്കന്ററി പ്രവേശനത്തിന്റെ സമയക്രമം വ്യക്തമാക്കി ഇന്നലെ സർക്കാർ ഉത്തരവിറക്കിയിരുന്നു. പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് ഈ മാസം 28 ന് നടക്കും. ആദ്യ അലോട്ട് മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. ക്ലാസുകൾ ഓഗസ്റ്റ് 22നു തുടങ്ങും. സിബിഎസ്ഇ, ഐ സി എസ് സി വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാൻ വൈകിയതാണ് ഹയർ സെക്കന്ററി പ്രവേശനം നീളാൻ കാരണം.

Leave a Reply

Your email address will not be published. Required fields are marked *