24/11/22
തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. 2023 മാര്‍ച്ച് 9ന്ആരംഭിച്ച് മാര്‍ച്ച് 29ന് പരീക്ഷ അവസാനിക്കും. എസ്‌എസ്‌എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. ഇത്തവണ 4.5 ലക്ഷം വിദ്യാര്‍ഥികളാണ് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്നത്.
എസ്‌എസ്‌എല്‍എസി മൂല്യ നിര്‍ണയം 2023 ഏപ്രില്‍ മൂന്നിന് ആരംഭിക്കും. മെയ് 10നുള്ളില്‍ ഫലപ്രഖ്യാപനം നടക്കും. എസ്‌എസ്‌എല്‍സിക്ക് 70 മൂല്യ നിര്‍ണയ ക്യാമ്ബുകള്‍ ഉണ്ടാകും. 9,762 അധ്യാപകര്‍ മൂല്യ നിര്‍ണയ ക്യാമ്പിൽ പങ്കെടുക്കും.
ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 2023 മാര്‍ച്ച് 10ന് ആരംഭിച്ച് മാര്‍ച്ച് 30ന് അവസാനിക്കും. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മാതൃക പരീക്ഷകള്‍ 2023 ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകള്‍ 2023 ജനുവരി 25ന് ആരംഭിക്കും.
ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് 9 ലക്ഷത്തിലധികം വിദ്യാര്‍ഥികളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് 60,000 വിദ്യാര്‍ഥികളും പങ്കെടുക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകളുടെ മൂല്യ നിര്‍ണയം 2023 ഏപ്രില്‍ മൂന്നിന് ആരംഭിക്കും. പരീക്ഷ ഫലം മെയ് 25നകം പ്രഖ്യാപിക്കും.
ഹയര്‍ സെക്കന്‍ഡറിക്ക് 82 മൂല്യ നിര്‍ണയ ക്യാമ്ബുകളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിക്ക് എട്ട് മൂല്യ നിര്‍ണയ ക്യാമ്പുകളും ഉണ്ടായിരിക്കും.