കേരള സ്റ്റോറി പ്രദർശനം :കേന്ദ്ര സർക്കാർ പിന്മാറണമെന്ന് മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും1 min read

തിരുവനന്തപുരം :കേരള സ്റ്റോറി ദൂരദർശനിൽ പ്രദർശിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ നിന്നും പിന്മാറണമെന്ന് മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും.

തിരഞ്ഞെടുപ്പ് വേളയില്‍ രാജ്യത്തിന്റെ ഔദ്യോഗിക വാർത്ത സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച്‌ കേരളത്തെ ഇകഴ്ത്താനുള്ള നീക്കമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംഘപരിവാറിന്റെ വർഗീയ അജണ്ടക്കനുസരിച്ചു പ്രവർത്തിക്കുന്ന കളിപ്പാവയായി ദൂരദർശനെ പോലെയുള്ള പൊതുമേഖലാ സ്ഥാപനം മാറരുത്. ബി.ജെ.പി സ്ഥാനാർത്ഥികള്‍ക്കായി വർഗീയ പ്രചാരണം നടത്താനുള്ള ഏജൻസിയല്ല ദൂരദർശൻ. നാളെ സിനിമ സംപ്രേഷണം ചെയ്യുമെന്ന അറിയിപ്പ് കേരളത്തെയാകെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. ലോകത്തിനു മുൻപിൽ തലയുയർത്തി നില്‍ക്കുന്ന കേരളത്തെ അപഹസിക്കാനും മതസ്പർദ്ധ വളർത്തുവാനും ലക്ഷ്യമിട്ട് സംഘപരിവാർ തലച്ചോറില്‍ ഉടലെടുത്ത കുടിലതയുടെ ഉത്പന്നമാണ് ഈ സിനിമ. കേരളത്തെ സോമാലിയ എന്ന് വിളിച്ച്‌ ആക്ഷേപിച്ചവർ ഇപ്പോള്‍ മതം മാറ്റത്തിന്റെ കേന്ദ്രമെന്ന് പ്രചരിപ്പിക്കാനുള്ള ഗൂഢശ്രമമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ കുറിച്ചുള്ള അസത്യങ്ങള്‍ കുത്തി നിറച്ച ‘കേരള സ്‌റ്റോറി’ എന്ന സിനിമ ദൂരദർശനില്‍ പ്രദർശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടു. അസത്യങ്ങളുടെ കെട്ടുകാഴ്ചയായ ‘കേരള സ്‌റ്റോറി’ പ്രദർശിപ്പിക്കുന്നതിലൂടെ മതേതര സമൂഹത്തിനുള്ളില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന തന്ത്രമാണ് മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാർ ഭരണകൂടം നടപ്പാക്കുന്നത്. ഭിന്നിപ്പിന്റെ രാഷ്ട്രീയം കേരളത്തില്‍ ചിലവാകില്ലെന്നു ബോധ്യമായ സംഘപരിവാർ കേന്ദ്ര സർക്കാർ സ്ഥാപനമായ ദൂരദർശനെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ്. മോദി ഭരണകൂടത്തിന്റെ നിയമവിരുദ്ധ നടപടിക്കെതിരെ കോണ്‍ഗ്രസും യു.ഡി.എഫും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *