കേരള സർവകലാശാലയിൽ പാസ്സ് വേർഡ് ചോർത്തി വ്യാജമായി നൽകിയ 37 ഡിഗ്രി സർട്ടിഫിക്കറ്റുകൾ റദ്ദാക്കാൻ സിൻഡിക്കേറ്റ് തീരുമാനം,അയോഗ്യരായ 36 യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരെ വോട്ടർ പട്ടികയിൽ നിന്നും നീക്കുന്നു1 min read

10/6/23

തിരുവനന്തപുരം :കേരള സർവകലാശാലയുടെ BSc (computer science)
ബിരുദ പരീക്ഷയിൽ മൂന്നുവർഷം മുമ്പ് വ്യാജപാസ് പാസ്സ്‌വേർഡ്ഉപയോഗിച്ച് കൂട്ടിയെഴുതിയ മാർക്കുകളും പാസ്സായ 37 പേരുടെ ഡിഗ്രി സർട്ടിഫിക്കറ്റുകളും റദ്ദാക്കാൻ ഡോ:മോഹൻ കുന്നുമേലിന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കേരള സിൻഡിക്കേറ്റ് തീരുമാനിച്ചു.

അനർഹമായി നൽകിയ ഗ്രേസ് മാർക്ക്‌ ഉൾപ്പടെ അറുന്നൂറോളം വിദ്യാർത്ഥികൾക്ക് കൂട്ടി നൽകിയ മാർക്ക്‌ അവരുടെ പ്രൊഫൈലിൽ നിന്ന് നീക്കം ചെയ്യാനും സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്.

വിദേശത്തുജോലി നേടിയ ചിലരും റദ്ദാക്കിയ
സർട്ടിഫിക്കേറ്റ് കൈപ്പറ്റിയവരിലുണ്ട്.
മാർക്ക്‌ തിരിമറി യുമായി ബന്ധപ്പെട്ട് ഒരു സെക്ഷൻ ഓഫീസറെ സർവീസിൽ നിന്നും സർവ്വകലാശാല പിരിച്ചുവിട്ടുവെങ്കിലും ഇത് സംബന്ധിച്ച് പോലീസിന് കൃത്യമായ വിവരങ്ങൾ നൽകുകയോ വ്യാജ റിസൾട്ടുകൾ റദ്ദാക്കാനുള്ള നിർദ്ദേശങ്ങൾ പരീക്ഷ വിഭാഗത്തിന് നൽകു കയോ അധികൃതർ ചെയ്തിരുന്നില്ല.

ഗ്രേസ് മാർക്ക് തിരുത്തി വിജയിപ്പിച്ച ഒരു വിദ്യാർത്ഥിക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് നൽകണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ പുനഃ പരിശോധന ഹർജ്ജി നൽകാൻ യൂണിവേഴ്സിറ്റി സ്റ്റാൻഡിങ് കോൺസലിന് വിസി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ തിരിമറി യിലൂടെയാണ്‌ ഗ്രേസ് മാർക്ക്‌ നേടിയതെന്ന വിവരം കോടതിയിൽ ബോധിപ്പിക്കാത്തത് കൊണ്ട്
വിധിക്കെതിരെ അപ്പീൽ നൽകാനും തീരുമാനിച്ചു.

മാർക്ക് തിരിമറി അന്വേഷിക്കുവാൻ ചുമതലപെടുത്തിയിരുന്ന മുൻ പിവിസി ഡോ. അജയകുമാർ അധ്യക്ഷനായ സിൻഡിക്കേറ്റ് ഉപസമിതി തിരിമറി സംബന്ധിച്ച അന്വേഷണം ഇതേവരെ പൂർത്തിയാക്കാത്തതാണ് മാർക്ക് റദ്ദാക്കാതിരിക്കാൻ കാരണമായി പരീക്ഷ വിഭാഗം വിസി ക്ക് വിശദീകരണം നൽകിയിരുന്നു

മൂന്ന് വർഷം മുൻപ് തോറ്റ വിദ്യാർത്ഥികൾക്ക് കൃത്രിമമായി നൽകിയ വ്യാജ ബിരുദസർട്ടിഫിക്കറ്റുകളും ഉയർന്ന മാർക്കുകളും റദ്ദാക്കുന്നില്ലെന്ന വിവരം സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണറുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് ഗവർണറുടെ നിർദ്ദേശ പ്രകാരം വൈസ് ചാൻസലർ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്കുകളും റദ്ദാക്കാനുള്ള നിർദ്ദേശം ഇന്നലെ ചേർന്ന സിണ്ടിക്കേ റ്റിന്റെ പരിഗണനയ്ക്ക് വച്ചത്. വിസി യുടെ നിർദ്ദേശം
സിണ്ടിക്കേറ്റ് അംഗീകരിക്കുകയായിരുന്നു.

*36 യൂണിയൻ കൗൺസിലർമാർ*
*അയോഗ്യർ-വോട്ടർ പട്ടികയിൽ നിന്നും നീക്കും*

കാട്ടാക്കട ക്രിസ്ത്യൻകോളേജ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ തെരഞ്ഞെടുപ്പിൽ നടന്ന തിരിമറിയെ തുടർന്ന്, മറ്റ് കോളേജുകളിൽ യൂണിവേഴ്സിറ്റി നടത്തിയ പരിശോധനയിൽ 36 കൗൺസിലർമാർ നിശ്ചിത പ്രായപരിധി കഴിഞ്ഞവരായതുകൊണ്ട് അയോഗ്യരാണെന്ന് കണ്ടെത്തി. അവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ തീരുമാനിച്ചു. മുപ്പതോളം കോളേജുകൾ തെരഞ്ഞെടുപ്പ് വിവരങ്ങൾ യൂണിവേഴ്സിറ്റിയെ അറിയിച്ചിട്ടില്ല. ആ കോളേജുകളിൽ ചട്ട പ്ര കാരം തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ടെങ്കിൽ അറിയിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *