29/8/22
തിരുവനന്തപുരം :30 വർഷങ്ങൾക്കു മുമ്പ് കേരള സർവകലാശാല നേരിട്ട് ആരംഭിച്ച ബിഎഡ് സെന്ററുകളിലെ പ്രവേശനത്തിന് ആദ്യമായി മാനേജ്മെൻറ് കോട്ട നിലവിൽ വരുന്നു.ഇതുവഴി സ്വശ്രയ കോളേജുകൾക്ക് സമാനമായി കേരള സർവ്വകലാശാല സെന്റർ നടത്തിപ്പിന്റെ മാനേജരാ യി മാറുകയാണ്.
വിദൂര വിദ്യാഭ്യാസ പഠനത്തിലൂടെ ലഭിച്ചുകൊണ്ടിരുന്ന വരുമാനം ഓപ്പൺ യൂണിവേഴ്സിറ്റിയുടെ രൂപീകരണത്തോടെ നഷ്ടപ്പെട്ടതോടെ ആഭ്യന്തര വരുമാനത്തിലുണ്ടായ ഗണ്യമായ കുറവും ആഭ്യന്തര വരുമാനം വർദ്ധിപ്പിക്കണമെന്ന സർക്കാരിന്റെ കർശന നിർദ്ദേശവും കണക്കിലെടുത്താണ് ബി എഡ് പ്രവേശനത്തിനുള്ള ആകെ സീറ്റുകളുടെ പകുതി സീറ്റുകൾ മാനേജ്മെൻറ് കോട്ടആയി മാറ്റാൻ തീരുമാനിച്ചത്.
നാളിതുവരെ സർവകലാശാലയുടെ കീഴിലുള്ള 10 ബിഎഡ് സെന്ററുകളിലും ഒരേ നിരക്കിലുള്ള ഫീസ് ആണ് നിശ്ചയിരുന്നത്. ഇപ്പോൾ 50%സീറ്റ് മുപ്പത്തി അയ്യായിരം രൂപയും ബാക്കി സീറ്റ് മാനേജ്മെൻറ് സീറ്റായി കണക്കാക്കി 50000 രൂപയാണ് നൽകേണ്ടത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഇനിമുതൽ
ബിഎഡ് പഠനം ദുസ്സഹമാകും.
മാനേജ്മെൻറ് സീറ്റ്ന് വിദ്യാർത്ഥികൾ 2000 രൂപ മുടക്കി പ്രത്യേക അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. ഇത് സംബന്ധിച്ച വിജ്ഞാപനം സർവകലാശാല പുറപ്പെടുവിച്ചു.
ജനറൽ വിഭാഗത്തിന്റെ അപേക്ഷയിൽ ഉയർന്ന നിരക്കിൽ ഫീസ് ഈടാക്കുന്നതിനുള്ള ഓപ്ഷൻ സൗകര്യം നൽകിയിരുന്നെങ്കിൽ പുതുതായി അപേക്ഷ നൽകുന്നത് ഒഴിവാക്കാനാ വുമായിരുന്നു. ഇപ്പോൾ ഓൺ ലൈൻ രെജിസ്ട്രേഷന് വീണ്ടും 2000 രൂപ കൂടി നൽകേണ്ടിവരും.
മാനേജ്മെൻറ് സീറ്റിൽ പ്രത്യേക അപേക്ഷ ക്ഷണിക്കുന്നത് പ്രവേശനത്തിലെ സുതാര്യത നഷ്ടപെടാനുള്ള സാധ്യത വർധിപ്പിക്കുമെന്നും സർവ്വകലാശാല വിദ്യാഭ്യാസം കച്ചവടവൽക്കരിക്കുന്നതിന് ആരംഭം കുറിക്കുമെന്നും ആക്ഷേപമുണ്ട്.