ഗവർണറുടെ നിർദ്ദേശങ്ങൾ സെക്രട്ടറി വൈകിക്കുന്നതായി ആക്ഷേപം,രണ്ട് മാസം പിന്നിട്ടിട്ടും വിസി നിയമന അപേക്ഷ വിജ്ഞാപനം ആയില്ല,സെക്രട്ടറിക്ക്മേൽ സർക്കാർ സമ്മർദ്ദമെന്നും ആക്ഷേപം1 min read

15/10/22

തിരുവനന്തപുരം :ഗവർണരും സർക്കാരുംതമ്മിൽ ഇടഞ്ഞുനിൽക്കുന്നതിനാൽ ,സർക്കാരിന്റെ താൽപ്പര്യങ്ങൾകൂടി സംരക്ഷിക്കുന്നതിനുവേണ്ടി വിവാദ വിഷയങ്ങളിൽ ഗവർണറുടെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി ഡോ: ദേവേന്ദ്രകുമാർ ധോദാവത്ത് കാലതാമസം വരുത്തുന്നതായി ആക്ഷേപം.ഗവർണറുടെ നിർദ്ദേശങ്ങൾ സർക്കാറിന്റെ സമ്മർദ്ദം ഭയന്നാണ് നടപ്പാക്കാൻ സെക്രട്ടറി വൈമുഖ്യം കാണിക്കുന്നത്. അദ്ദേഹം ഇതിനകം കേന്ദ്രസർവീസിൽ ഡെപ്യൂട്ടേഷന് അപേക്ഷിച്ചിട്ടുമുണ്ട്. ജസ്റ്റിസ് സദാശിവം ഗവർണറാ യിരിക്കുമ്പോഴാണ് ഇദ്ദേഹം സെക്രട്ടറിയായി നിയമിതനായത്.

ഓഗസ്റ്റ് അഞ്ചിനാണ് കേരള സർവകലാശാല വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഗവർണർ ഉത്തരവിട്ടത്.. കേരള സർവകലാശാല പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ടാണ് കമ്മിറ്റി രൂപീകരിച്ചത്.സെർച്ച് കമ്മിറ്റി രൂപീകരിച്ചാലുടൻ വിസി നിയമനത്തിനുള്ള അപേക്ഷ സ്വീകരിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കണം. മുൻകാലങ്ങളിൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ് വിജ്ഞാപനം നടത്തിയിരുന്നത്. ഇത് സംബന്ധിച്ച് യൂണിവേഴ്സിറ്റി ചട്ടങ്ങളിൽ പ്രത്യേക വ്യവസ്ഥകൾ ഇല്ല.ഗോവ തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്നത് ഗവർണറുടെ ഓഫീസ് ആയതിനാൽ സെക്രട്ടറിയോട് വിജ്ഞാപനം ഇറക്കാൻ ഗവർണർ നിർദേശിച്ചെങ്കിലും അദ്ദേഹം ഇതുവരെയും തയ്യാറായിട്ടില്ല. സെർച്ച് കമ്മിറ്റിയുടെ കൺവീനറാ യ കോഴിക്കോട് IIM ഡയറ ക്റ്ററെ ചുമതലപെടുത്തണമെന്നതാണ് സെക്രട്ടറിയുടെ നിലപാട്. വിസി നിയമന നടപടികൾ നീട്ടിക്കൊണ്ടുപോകണമെ ന്ന സർക്കാരിൻറെ സമ്മർദ്ദമാണ് ഇതിന് പിന്നിലെന്ന് അറിയുന്നു.

ഓഗസ്റ്റ് 5 ന് രൂപീകരിച്ച സെർച്ച് കമ്മിറ്റിയുടെ മൂന്ന് മാസകാലാവധി നവംബർ 4 ന് അവസാനിക്കും. വിസി നിയമന അപേക്ഷ സ്വീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം ഇതുവരെയും വന്നിട്ടില്ലെന്നതിനാൽ നവംബർ,5 മുതൽ കമ്മിറ്റി ഇല്ലാതാവും.ഇത് കണക്കിലെടുത്താണ് അടുത്ത നവംബർ 4 ന് സെനറ്റ് കൂടി പ്രതിനിധിയെ തെരഞ്ഞെടുക്കുമെന്ന് മന്ത്രി R. ബിന്ദു പ്രഖ്യാപിച്ചത്.സെർച്ച് കമ്മിറ്റി ഗവർണർ പിരിച്ചുവിട്ടാൽ മാത്രമേ സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുക്കുവെന്ന സിപിഎം നിലപാടിന് ആശ്വാസം നൽകുന്നതാണ് ഗവർണറുടെ സെക്രട്ടറി യുടെ മെല്ലെപോക്ക്..

കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ അനധികൃതമായി ഒരു കോളേജ് അനുവദിച്ചത് റദ്ദാക്കണമെന്ന പരാതിയിൽ വിസി യോട് ഗവർണർ വിശദീകരണം ആവശ്യപ്പെട്ടുവെങ്കിലും തന്റെ നിലപാടിനെ പൂർണ്ണമായും ന്യായീകരിച്ചുകൊണ്ട് വൈസ് ചാൻസലർ ഗവർണർക്ക് നൽകിയ വിശദീകരണകത്ത് ഗവർണരുടെ ശ്രദ്ധയിൽപെടുത്താതെ സെക്രട്ടറി തന്നെ മേൽ നടപടികൾ നിർത്തിവച്ച് പരാതിക്കാരായ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിക്ക് മറുപടി നൽകു കയാണുണ്ടായത്.എന്നാൽ ഹൈക്കോടതി, കോളേജ് അനുവദിച്ച വിസി യുടെയും സർക്കാരിന്റെയും നടപടികൾ റദ്ദാക്കിയെന്ന് മാത്രമല്ല വിസിക്കെതിരെ നിശിതമായ വിമർശനവും രേഖപ്പെടുത്തി. ഈ ഫയലിലാണ് ഗവർണർ അറിയാതെ സെക്രട്ടറി മേൽ നടപടികൾ നിർത്തിവെച്ചത്.

കുറച്ചുനാളായി കേന്ദ്ര സർവീസിലേക്ക് മടങ്ങുവാൻ താത്പര്യപ്പെടുന്ന സെക്രട്ടറി ഇപ്പോൾ അതിനുള്ള സമ്മർദ്ദം കേന്ദ്രത്തിൽ ശക്തമാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *