തിരുവനന്തപുരം :തിരുവന്തപുരത്ത് സ്ഥാപിക്കുന്ന സയൻസ് പാർക്കിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം പ്രകാരം ജില്ലാ കളക്ടർ മറ്റൊരു സ്ഥലം കണ്ടെത്തുന്നതിനിടെ യൂണിവേഴ്സിറ്റി വക ഭൂമി ഈ ആവശ്യത്തിന് പ്രത്യേകമായി മാറ്റിയിട്ടിരിക്കുന്നതായും നിബന്ധനകൾ കൂടാതെ ഭൂമി സൗജന്യമായി വിട്ടു നൽകാമെന്നും കാണിച്ച് ‘കേരള’ രജിസ്ട്രാർ സർക്കാരിന് കത്ത് നൽകിയത് സംബന്ധിച്ച് അന്വേഷണം നടത്താൻ പോലീസിൻറെ വിജിലൻസ് വിഭാഗം സർവ്വകലാശാലയിലെത്തി.ഇവർ രജിസ്ട്രാർ K.S.അനിൽകുമാർ, പ്ലാനിങ് ഡയറക്ടർ ഡോ:മിനി കാപ്പൻ എന്നിവരോടെ ഫയലിലെ വിശദവിവരങ്ങൾ ആരാഞ്ഞു.
നിർദ്ദിഷ്ട സയൻസ് പാർക്ക് ആരംഭിക്കുന്നതിന് യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിലെ നൂറു കോടി രൂപ വിലവുള്ള പത്തേക്കർ ഭൂമി സൗജന്യമായി വിട്ടുകൊടുക്കുന്നത് യൂണിവേഴ്സിറ്റിയുടെ വികസന പ്രവർത്തനത്തെ ദോഷകപരമായി ബാധിക്കുമെന്നത് പരിഗണിച്ചാണ് മുഖ്യമന്ത്രി മറ്റൊരു സ്ഥലം കണ്ടെത്താൻ നിർദ്ദേശിച്ചത്. തിരുവനന്തപുരം ജില്ലയിൽ സാങ്കേതിക സർവ്വകലാശാല ക്യാമ്പസിനുവേണ്ടി വിളപ്പിൽശാലയിലു ള്ള സ്ഥലത്തിന് സമീപമുള്ള ഭൂമിയുടെ ലഭ്യത ഇപ്പോൾ പരിശോധി ക്കുകയാണ്.
അതിനിടെയാണ് കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ പത്തേക്കർ ഭൂമി ഉപാധികൾകൂടാതെ സയൻസ് പാർക്കിന്
സൗജന്യമായി വിട്ടുകൊടുക്കുവാൻ തയ്യാറെന്ന നിലപാടുമായി സിൻഡിക്കേറ്റ് അംഗങ്ങൾ രംഗത്തിറങ്ങിയത്.
നാലു വർഷ ബിരുദ കോഴ്സുകൾ ആരംഭിച്ചതോടെ സർവ്വകലാശാലയുടെ വികസന പ്രവർത്തനങ്ങളെ ഭൂമി കൈമാറ്റം ചെയ്യുന്നത് ദോഷകരമായി ബാധിക്കും.
സയൻസ് പാർക്ക് കാര്യവട്ടം ക്യാമ്പസ്സിനു സമീപം വരുന്നത് കൊണ്ട് സർവ്വകലാശാലയ്ക്കോ സർവ്വകലാശാല വിദ്യാർത്ഥികൾക്കോ പ്രയോജനം ചെയ്യില്ലെന്ന് ടെക്നോപാർക്കിന് 50 ഏക്കർ ഭൂമി വിട്ടു നൽകിയതിലൂടെ തന്നെ സർവകലാശാലയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
തങ്ങൾ 10 ഏക്കർ ഭൂമി സയൻസ് പാർക്കിന് പ്രത്യേകമായി മാറ്റിവച്ചിരിക്കുകയാണെന്നും വിട്ടു നൽകാൻ തയ്യാറാണെന്നും കാണിച്ച് സർക്കാരിന് നൽകിയ കത്തിൽ സെനറ്റ് യോഗം മുന്നോട്ടുവച്ചിട്ടുള്ള നിബന്ധനകൾ മറച്ചുവച്ചാണ് രജിസ്ട്രാറുടെ പുതിയ കത്ത്. സയൻസ് പാർക്കിന്റെ ഭരണസമിതിയിൽ വിസി ചെയർമാൻ ആയിരിക്കണമെന്നും, സിൻഡിക്കേറ്റ് അംഗങ്ങൾക്ക്
പ്രാതിനിധ്യം വേണമെന്നും, വിദ്യാർത്ഥികൾക്ക് ഗവേഷണത്തിനുള്ള സൗകര്യം നൽകണമെന്നുമു ള്ള നിബന്ധനകളാണ് രജിസ്ട്രാർ ഒഴിവാക്കിയത്.
വിസി ഡോ:മോഹനൻ കുന്നുമ്മേൽ ഉന്നയിച്ച നിബന്ധനകൾ മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടുവെങ്കിലും, കേരള സർവകലാശാലയുടെ വൈജ്ഞാനിക നേതൃത്വവും സാമീപ്യവും സയൻസ് പാർക്കിന് ഉറപ്പാക്കുക എന്ന ചില സ്വകാര്യ സംരംഭകരുടെ പ്രത്യേക താത്പര്യത്തിന് സിൻഡിക്കേറ്റ് അംഗങ്ങൾ വഴങ്ങുകയായിരുന്നുവെന്നാണ് ആക്ഷേപം.
മുഖ്യമന്ത്രിക്ക് വസ്തുത ബോധ്യപ്പെട്ടുവെങ്കിലും, മന്ത്രിസഭയിലെ ഒരു പ്രമുഖ മന്ത്രിയുടെയും യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിലെ ചിലരുടെയും നിക്ഷിപ്ത താൽപ്പര്യങ്ങൾക്ക് വഴങ്ങി കോടികളുടെ മൂല്യമുള്ള സർവ്വകലാശാല ഭൂമി സൗജന്യമായി സർക്കാരിന് വിട്ടുനൽകാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ പരാതിയിൽ വിസിയുടെ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നതിനിടെയാണ് വിജിലൻസ്
വിഭാഗം അന്വേഷണത്തിന് സർവ്വകലാശാലയിൽ എത്തിയത്. സിണ്ടിക്കേറ്റ് തീരുമാനപ്രകാരമാണ് താൻ യൂണിവേഴ്സിറ്റിയുടെ സമ്മതം വീണ്ടും സർക്കാരിനെ അറിയിച്ചതെന്ന് രജിസ്ട്രാർ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചതായി അറിയുന്നു.