6/6/23
തിരുവനന്തപുരം :കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം ഏര്‍പ്പെടുത്തിയ നാഷനല്‍ ഇൻസ്റ്റിറ്റ്യൂഷനല്‍ റാങ്കിങ് ഫ്രെയിം വര്‍ക്ക് (എൻ.ഐ.ആര്‍.എഫ്) പട്ടികയില്‍ കേരള സർവകലാശാല മികച്ച നേട്ടം സ്വന്തമായി.കഴിഞ്ഞ വര്‍ഷത്തെ 40ാം റാങ്കില്‍നിന്ന് ഇത്തവണ 24ാം സ്ഥാനത്തെത്തി. കേരളത്തില്‍നിന്നുള്ള സ്ഥാപനങ്ങളില്‍ ഒന്നാം സ്ഥാനത്തും കേരള സര്‍വകലാശാലയാണ്. ‘നാകി’ന്‍റെ എ പ്ലസ് പ്ലസ് ഗ്രേഡ് നേട്ടത്തിന് പിന്നാലെയാണ് കേരള സര്‍വകലാശാല എൻ.ഐ.ആര്‍.എഫ് റാങ്കിങ്ങിലും മുന്നേറ്റം നടത്തിയത്.
സര്‍വകലാശാല വിഭാഗത്തില്‍ എം.ജി സര്‍വകലാശാല 31ാം റാങ്കോടെ കേരളത്തില്‍ രണ്ടാം സ്ഥാനത്തുണ്ട്. കുസാറ്റ് കഴിഞ്ഞ വര്‍ഷം 41ാം റാങ്കിലുണ്ടായിരുന്നത് ഇത്തവണ 37ാം സ്ഥാനത്തെത്തി. കാലിക്കറ്റ് സര്‍വകലാശാല കഴിഞ്ഞ വര്‍ഷം 69ാം സ്ഥാനത്തുണ്ടായിരുന്നത് ഇത്തവണ 70ാം റാങ്കിലെത്തി. കാസര്‍കോട് കേന്ദ്ര സര്‍വകലാശാല (108ാം റാങ്ക്), കേരള കാര്‍ഷിക സര്‍വകലാശാല (127), കണ്ണൂര്‍ സര്‍വകലാശാല (167) എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ച കേരളത്തില്‍നിന്നുള്ള സര്‍വകലാശാലകള്‍. ഓവറോള്‍ റാങ്കിങ്ങിലും കേരളത്തില്‍നിന്ന് കേരള സര്‍വകലാശാലയാണ് (47ാം റാങ്ക്) മുന്നില്‍. എം.ജി (52), കോഴിക്കോട് എൻ.ഐ.ടി (54), കുസാറ്റ് (63), കാലിക്കറ്റ് (108), തിരുവനന്തപുരം ഐസര്‍ (116), പാലക്കാട് (117) എന്നിവയും ഓവറോള്‍ റാങ്കിങ്ങില്‍ ഇടംപിടിച്ചു.
കോളജ് വിഭാഗത്തില്‍ ഇത്തവണയും തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജാണ് സംസ്ഥാനത്ത് മുന്നില്‍. കഴിഞ്ഞ വര്‍ഷം 24ാം റാങ്കുണ്ടായിരുന്നത് ഇത്തവണ 26ാം റാങ്കാണ്. എറണാകുളം രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയൻസാണ് (30ാം റാങ്ക്) രണ്ടാം സ്ഥാനത്ത്. എറണാകുളം സെന്‍റ് തെരേസാസ് (41), തിരുവനന്തപുരം മാര്‍ ഇവാനിയോസ് (45), എറണാകുളം മഹാരാജാസ് (46), മാവേലിക്കര ബിഷപ്മൂര്‍ (51), തൃശൂര്‍ സെന്‍റ് തോമസ് (53), ചങ്ങനാശ്ശേരി എസ്.ബി (54), കോഴിക്കോട് സെന്‍റ് ജോസഫ്സ് ദേവഗിരി (59), തേവര സേക്രഡ് ഹാര്‍ട് (72), തിരുവനന്തപുരം ഗവ. വിമൻസ് (75),
ആലുവ യു.സി (77), കോട്ടയം സി.എം.എസ് (85), കോതമംഗലം മാര്‍ അതനേഷ്യസ് (87) എന്നീ കോളജുകള്‍ ആദ്യ നൂറ് റാങ്കില്‍ ഇടംപിടിച്ചു. കഴിഞ്ഞ വര്‍ഷം കോളജ് വിഭാഗത്തില്‍ ആദ്യ നൂറില്‍ കേരളത്തില്‍നിന്ന് 17 കോളജുകള്‍ ഉണ്ടായിരുന്നത് ഇത്തവണ 14 ആയി കുറഞ്ഞു. കോട്ടയം ബി.കെ കോളജ് (106), ഇരിങ്ങാലക്കുട ക്രൈസ്റ്റ് (107), കോഴിക്കോട് ഫാറൂഖ് കോളജ് (110), തലശ്ശേരി ഗവ. ബ്രണ്ണൻ (115), പാലക്കാട് ഗവ. വിക്ടോറിയ (116), നാട്ടകം ഗവ. കോളജ് (117), നിര്‍മല കോളജ് മൂവാറ്റുപുഴ (130), കൂത്തുപറമ്ബ് നിര്‍മലഗിരി (131), തളിപ്പറമ്ബ് സര്‍സയ്യിദ് (141),
പട്ടാമ്ബി ഗവ. സംസ്കൃത കോളജ് (142), തൃശൂര്‍ സെന്‍റ് ജോസഫ്സ് (147), തൃശൂര്‍ വിമല (150), കോട്ടയം ബസേലിയോസ് (151), തൃക്കാക്കര ഭാരത്മാത (152), പത്തനംതിട്ട കത്തോലിക്കേറ്റ് (156), ആറ്റിങ്ങല്‍ ഗവ. കോളജ് (161), കോഴിക്കോട് ഗവ. ആര്‍ട്സ് ആൻഡ് സയന്‍സ് (163), കാസര്‍കോട് ഗവ. കോളജ് (165), തിരുവനന്തപുരം ഗവ. ആര്‍ട്സ് കോളജ് (166), കുട്ടിക്കാനം മരിയൻ (176), കാഞ്ഞങ്ങാട് നെഹ്റു (177), പയ്യന്നൂര്‍ കോളജ് (180), തിരൂരങ്ങാടി പി.എസ്.എം.ഒ (182), തൃശൂര്‍ ശ്രീകേരള വര്‍മ (190), കൊല്ലം എസ്.എൻ (191), കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് (193), ആലുവ സെന്‍റ് സേവ്യേഴ്സ് (195), ആലപ്പുഴ സെന്‍റ് ജോസഫ്സ് ഫോര്‍ വിമൻസ് (196) എന്നീ കോളജുകള്‍ ആദ്യ 200 കോളജുകളുടെ പട്ടികയിലുണ്ട്. കഴിഞ്ഞ വര്‍ഷം 200 കോളജുകളുടെ പട്ടികയില്‍ 49 കോളജുകള്‍ ഇടംപിടിച്ചത് ഇത്തവണ 42 ആയി കുറഞ്ഞു.
മികച്ച സര്‍വകലാശാല പട്ടികയില്‍ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് സയൻസ് ബംഗ്ലൂരുവിനാണ് ഒന്നാം റാങ്ക്. ജെ.എൻ.യുവിന് രണ്ടും ജാമിഅ മില്ലിയക്ക് മൂന്നും റാങ്ക് ലഭിച്ചു. രാജ്യത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും മദ്രാസ് ഐ.ഐ.ടി ആദ്യ റാങ്ക് നിലനിര്‍ത്തി. കോളജ് വിഭാഗത്തില്‍ ഡല്‍ഹി മിറാൻഡ കോളജിനാണ് ഒന്നാം റാങ്ക്. ഡല്‍ഹി ഹിന്ദു കോളജ് രണ്ടും ചെന്നൈ പ്രസിഡൻസി കോളജ് മൂന്നും റാങ്കിലെത്തി.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആദ്യമായി പട്ടികയില്‍; 44ാം റാങ്ക്
തിരുവനന്തപുരം: എൻ.ഐ.ആര്‍.എഫ് റാങ്കിങ്ങില്‍ ആദ്യമായി ഇടംപിടിച്ച് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ്. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ 44ാം റാങ്കാണ് മെഡിക്കല്‍ കോളജിന് ലഭിച്ചത്. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടിന് ഈ വിഭാഗത്തില്‍ പത്താം റാങ്കുണ്ട്.
ഡെന്‍റല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തിരുവനന്തപുരം ഗവ. ഡെന്‍റല്‍ കോളജിന് 25ാം റാങ്കുണ്ട്. എൻജിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കോഴിക്കോട് എൻ.ഐ.ടി (23), തിരുവനന്തപുരം ഐ.ഐ.എസ്.ടി (48), പാലക്കാട് ഐ.ഐ.ടി (69) എന്നിവ ആദ്യ നൂറില്‍ ഇടംപിടിച്ചപ്പോള്‍ തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിന് (സി.ഇ.ടി) 157ാം റാങ്കാണ് ലഭിച്ചത്.
ആര്‍ക്കിടെക്ചര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ്ങില്‍ കോഴിക്കോട് എൻ.ഐ.ടി രണ്ടാം റാങ്ക് നേടി. തിരുവനന്തപുരം സി.ഇ.ടിക്ക് 17ാം റാങ്കും ലഭിച്ചു. കാര്‍ഷിക, അനുബന്ധ സര്‍വകലാശാല വിഭാഗത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാല 15ാം റാങ്ക് നേടിയപ്പോള്‍ ഫിഷറീസ് (കുഫോസ്) സര്‍വകലാശാല 25ാം റാങ്കിലുമെത്തി. ഇന്നൊവേഷൻ സ്ഥാപങ്ങളുടെ വിഭാഗത്തില്‍ കോഴിക്കോട് എൻ.ഐ.ടിക്ക് എട്ടാം സ്ഥാനമുണ്ട്. മാനേജ്മെന്‍റ് പഠനവിഭാഗത്തില്‍ കോഴിക്കോട് ഐ.ഐ.എമ്മിനാണ് മൂന്നാം റാങ്ക്. കോഴിക്കോട് എൻ.ഐ.ടിക്ക് 75ാം റാങ്കും ലഭിച്ചു. ഗവേഷണ സ്ഥാപനങ്ങള്‍, നിയമപഠന സ്ഥാപനങ്ങള്‍, ഫാര്‍മസി സ്ഥാപനങ്ങള്‍ എന്നിവയുടെ റാങ്കിങ്ങില്‍ കേരളത്തിലെ സ്ഥാപനങ്ങളൊന്നും ഇടംപിടിച്ചിട്ടില്ല.