തിരുവനന്തപുരം :കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള
എയിഡഡ് പ്രൈവറ്റ് കോളേജുകളിൽ രണ്ടുമാസത്തിനുള്ളിൽസ്ഥിരം പ്രിൻസിപ്പൽ മാരെ നിയമിക്കാനുള്ള നടപടി കൈക്കൊള്ളാൻ മാനേജ്മെൻറ്കൾക്ക് നിർദ്ദേശം നൽകാൻ ഇന്നലെ ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു.
കഴിഞ്ഞ അഞ്ചുവർഷമായി സർവ്വകലാശാലയുടെ കീഴിലുള്ള 40 ഓളം കോളേജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരില്ല. മാനേജ്മെന്റിന് താല്പര്യമുള്ള പാർശ്വവർത്തികളാ യിട്ടുള്ള താരതമ്യേന ജൂനിയർ ആയ അധ്യാപകർക്കാണ് പ്രിൻസിപ്പൽമാരുടെ ചുമതല നൽകുന്നത്.ഇതിന് കടിഞ്ഞാണിടാനാണ് സിൻഡിക്കേറ്റ് തീരുമാനം.
താൽക്കാലിക പ്രിൻസിപ്പൽമാർക്ക് സർവ്വകലാശാല ഡ്രോയിങ് ആൻഡ് ഡിസ്ബെഴ്സ്മെൻറ് ഓഫീസറായാണ് നിയമനം നൽകുന്നതെങ്കിലും പ്രിൻസിപ്പൽമാരുടെ ചുമതലയാണ് വഹി ക്കുന്നത്.ഇവർക്ക് പ്രിൻസിപ്പൽ നിയമനത്തിനുള്ള മിനിമം യോഗ്യത ഉണ്ടാകാറില്ല.
യൂണിവേഴ്സിറ്റി ചട്ടമനുസരിച്ച് പരമാവധി മൂന്ന് തവണയിൽ കൂടുതൽ ഡ്രോയിങ് ആൻഡ് ഡിസ്ബെഴ്സ്മെൻറ് ഓഫീസർ ആയി അംഗീകാരം നൽകാൻ പാടില്ലെന്നാണ് വ്യവസ്ഥതെങ്കിലും സിൻഡിക്കേറ്റിനെ സ്വാധീനിച്ച് ഇവർ വർഷങ്ങളോളം പ്രിൻസിപ്പൽ ചുമതലയിൽ തുടരുന്നുണ്ട്.
കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിലും ഈ നില തുടരുമ്പോഴാണ്, മാനേജ്മെന്റുകളുടെ പാർശ്വവർത്തി നിയമനം നിർത്തലാക്കി സ്ഥിരം നിയമനങ്ങൾ നടത്താനുള്ള കേരള സിൻഡിക്കേറ്റ് തീരുമാനം.
ന്യൂനപക്ഷ അവകാശമുള്ള മാനേ ജ്മെന്റുകൾ അവർക്ക് താല്പര്യമുള്ള സ്വന്തം സമുദായ അംഗങ്ങളെ പ്രൻസിപ്പാലായി നിയമിക്കുവാൻ ലഭ്യമല്ലാതെ വരുന്നതാണ് സ്ഥിരം പ്രിൻസിപ്പൽ നിയമനം നടത്തുന്നത് ഒഴിവാക്കാൻ കാരണമെന്ന് ചൂണ്ടി കാണിക്കപെടുന്നു.
2018ലെ യുജിസി റെഗുലേഷൻ പ്രകാരം പ്രിൻസിപ്പൽമാരായി നിയമിക്കപ്പെടുന്നതിന് പി എച്ച് ഡിയും, 15 വർഷത്തെ അധ്യാപന പരിചയവും, അസോസിയേറ്റ് പ്രൊഫസർ സ്ഥാനവും 120 പോയിൻറ് റിസർച്ച് സ്കോറും നിശ്ചയിച്ചിട്ടുണ്ട്. പ്രിൻസിപ്പൽമാരെ പത്ര പരസ്യത്തിലൂടെ അപേക്ഷ ക്ഷണിച്ച് നേരിട്ട് ഇന്റർവ്യൂ നടത്തി നിയമിക്കുകയാണ് വേണ്ടത്. നിയമന കാലാവധി അഞ്ചു വർഷമായിരിക്കും. പ്രവർത്തനം തൃപ്തികരമാണെങ്കിൽ വീണ്ടും അഞ്ചുവർഷം കൂടി കാലാവധി നീട്ടി നൽകുവാൻ മാനേജ്മെന്റിന് അവകാശമുണ്ട്.
സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ കഴിഞ്ഞ അഞ്ചുവർഷമായി സ്ഥിരം പ്രിൻസിപ്പൽ മാരില്ല.ഇപ്പോൾ തന്നെ 37 കോളേജുകളിൽ മാത്രമാണ് പ്രിൻസിപ്പൽമാരെ താൽക്കാലികമായി സർക്കാർ നിയമിച്ചിരിക്കുന്നത്. മിക്ക സർക്കാർ കോളേജുകളിലും ഇൻചാർജ് പ്രിൻസിപ്പൽ മാരാണ് കോളേജ് ഭരണം നടത്തുന്നത്.
സർക്കാർ കോളേജുകളിലെ അധ്യാപക സംഘടനകളുടെ എതിർപ്പു കൊണ്ടാണ് പ്രിൻസിപ്പൽ നിയമനം നടക്കാത്തതെങ്കിൽ, പ്രൈവറ്റ് കോളജുകളിൽ ന്യൂനപക്ഷ സമുദായ മാനേജ്മെന്റിന് താല്പര്യമുള്ള യൂജിസി യോഗ്യതയുള്ള അധ്യാപകരെ ലഭ്യമാകാത്തതാണ് നിയമനം വൈകാൻ കാരണം.
ബഹുഭൂരിപക്ഷം സ്വാശ്രയ കോളജുകളിലും നിയമിച്ചിട്ടുള്ള പ്രിൻസിപ്പൽമാർ യുജിസി യോഗ്യത ഇല്ലാത്തവർ ആണെങ്കിലും സർവകലാശാലകൾ ഇതൊന്നും പരിശോധിക്കുവാൻ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ടീച്ചർ ട്രെയിനിങ് കോളേജുകളിൽ നാഷണൽ ടീച്ചർ എഡ്യൂക്കേഷൻ കൗൺസിലിന്റെ അംഗീകാരം നേടുന്നതിനായി യോഗ്യതയുള്ള പ്രിൻസിപ്പൽമാരെ നിയമിക്കുമെങ്കിലും അവർതന്നെ പ്രിൻസിപ്പൽമാരായി തുടരുന്നുണ്ടോയെന്ന് സർവ്വകലാശാലകൾ പരിശോധിക്കാറില്ല