20/8/22
തിരുവനന്തപുരം :സർവകലാശാല സെന റ്റിന്റെ പ്രതിനിധി കൂടാതെ വൈസ് ചാൻസലറെ തിരഞ്ഞെടുക്കുവാനുള്ള സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടും കമ്മിറ്റി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഇന്ന് കൂടിയ കേരള സർവകലാശാല സെനറ്റ് പ്രമേയം പാസാക്കി.
സിൻഡിക്കേറ്റ് അംഗം കെ എച്.ബാബുജാനാണ് പ്രമേയം അവതരിപ്പിച്ചത്. യുഡിഎഫ് അംഗങ്ങളുടെ എതിർപ്പോടുകൂടി പ്രമേയം പാസാക്കി.
സർവ്വകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായി, യൂണിവേഴ്സിറ്റിയുടെ അധിപനും സെനറ്റിന്റെ അധ്യക്ഷനുമായ ഗവർണർക്ക് എതിരായ പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകിയ വൈസ് ചാൻസലറുടെ നടപടി അനുചിതവും കർത്തവ്യ വൈരുദ്ധ്യവും(dereliction of duty)ആണെന്നും സെനറ്റ് യോഗത്തിൽ അധ്യക്ഷതവഹിച്ച വിസി ക്കെതിരെ നടപടി കൈക്കൊള്ളുമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണർക്കു നൽകിയ നിവേദനത്തിൽ പറയുന്നു.
യൂണിവേഴ്സിറ്റി ചട്ടം ചാപ്റ്റർ 5 ,-വകുപ്പ് 7 പ്രകാരം പ്രമേയത്തിന് അവതരണാനുമതി നൽകേണ്ടത് വൈസ്ചാ ൻസലറാണ്. സർവകലാശാലയുടെ അധികാരപരിധിയിൽ വരുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മാത്രമേ പ്രമേയം അവതരിപ്പിക്കാൻ പാടുള്ളൂ എന്ന് ചട്ടം നിഷ്കർഷിക്കുന്നു.
സ്പെഷ്യൽ സെനറ്റ് യോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ വൈസ് ചാൻസലറും സിൻഡിക്കേറ്റും കാലേ കൂട്ടി തയ്യാറാക്കുന്ന അജൻഡകൾ പ്രകാരം മാത്രമേ അവതരിപ്പിക്കാൻ പാടുള്ളൂ എന്ന് വകുപ്പ് 13 പറയുന്നു. എന്നാൽ ഗവർണർക്കെതിരായ പ്രമേയം സ്പെഷ്യൽ യോഗത്തിൽ നേരിട്ട് ഒരു സിൻഡിക്കേറ്റ് മെമ്പർ അവതരിപ്പിക്കുന്നത് ചട്ടവിരുദ്ധമാണ്.
ഒക്ടോബർ 25ന് കാലാവധി അവസാനിക്കുന്ന നിലവിലെ വിസി ക്ക് പകരം പുതിയ വൈസ് ചാൻസലറെ കണ്ടെത്തുന്നതിനാണ് ഓഗസ്റ്റ് അഞ്ചിന് ഗവർണറുടെ പ്രതിനിധി, യുജിസി പ്രതിനിധി എന്നിവരെ ഉൾക്കൊള്ളിച്ച് ഗവർണർ കമ്മിറ്റി രൂപീകരിച്ചത്. ജൂലൈ 15ന് സെനറ്റിന്റെ പ്രത്യേക യോഗം ചേർന്നു സെർച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുത്തിരുന്നു അദ്ദേഹം ഒഴിവായതായി ചാൻസലർ കൂടിയായ ഗവർണറെ വൈസ് ചാൻസലർ അറിയി ച്ചിരുന്നു. പുതിയ പ്രതിനിധിയെ സെനറ്റ് യോഗം വിളിച്ചു ചേർത്തു തീരുമാനിക്കുമെന്നും വൈസ് ചാൻസലർ ഗവർണറെ അറിയിച്ചിരുന്നു.
എന്നാൽ ഇന്നു ചേർന്ന യോഗത്തിൽ കമ്മിറ്റി പ്രതിനിധിയുടെ തെരഞ്ഞെടുപ്പ് അജണ്ട യിൽ ബോധപൂർവം ഉൾപെടുത്തിയില്ലെന്ന് ആക്ഷേപമുണ്ട്. വിസി തെരഞ്ഞെടുപ്പിനുള്ള കമ്മിറ്റിയിൽ യുജിസി പ്രതി നിധി നിർബന്ധമായും ഉണ്ടാകണമെന്നാണ് മാത്രമാണ് ചട്ടം. അതുകൊണ്ടുതന്നെ മൂന്നംഗ കമ്മിറ്റിയിൽ യൂണിവേഴ്സിറ്റി സെനറ്റ്പ്രതിനിധി കൂടാതെ തന്നെ സെർച്ച്കമ്മിറ്റി പ്രവർത്തനവുമായി മുന്നോട്ടു പോകാനാകും. അതിനിടെ സർക്കാർ നിയമസഭയിൽ അവതരിപ്പിക്കുന്ന ബില്ല് നിയമം ആവുകയാണെങ്കിൽ ചാൻസലർക്ക് അതിനനുസൃതമായി പ്രവർത്തിക്കേണ്ടിവരും.